ടെലിവിഷൻ പ്രേക്ഷകർക്ക് ഏറെ പ്രിയപ്പെട്ട താരമാണ്. ജിഷൻ നിരവധി പരമ്പരകളിൽ പ്രധാന വേഷങ്ങൾ ചെയ്ത ജിഷിനെയും ഭാര്യ വരദയെയും പ്രേക്ഷകർക്ക് ഏറെ പരിചിതമാണ്. ഇവരുടെ വിശേഷങ്ങള്‍ സോഷ്യൽ മീഡിയയിൽ ആരാധകർ ഇരുകയ്യും നീട്ടിയാണ് സ്വീകരിക്കാറുമുണ്ട്. 

വീട്ടു വിശേഷങ്ങളെല്ലാം പങ്കുവയ്ക്കുന്നതിലൂടെ ഇവരുടെയും മകൻ ജിയാനും പ്രേക്ഷകർക്ക് പ്രിയപ്പെട്ടവനാണ്. സമകാലീന വിഷയങ്ങളിൽ പ്രതികരിക്കാൻ ജിഷിൻ പലപ്പോഴും സമയം കണ്ടെത്താറുണ്ട്. കൊവിഡിന്റെ തുടക്കത്തിലെ കരുതലും ശ്രദ്ധയും ആർക്കും ഇപ്പോഴില്ലെന്നാണ് ജിഷിൻ പുതിയ കുറിപ്പിൽ പറയുന്നത്. 

കുറിപ്പ് വായിക്കാം

മാസ്കാണ് വാക്‌സിൻ. ഇന്നൊരു സീരിയസ് പോസ്റ്റ്‌ തന്നെ ആവട്ടെ. അല്ലേ? ആദ്യഘട്ടവും രണ്ടാം ഘട്ടവും ഒക്കെ കഴിഞ്ഞ് അഞ്ചാം ഘട്ടത്തിലേക്കും ആറാം ഘട്ടത്തിലേക്കും നീങ്ങുമ്പോഴും രോഗികളുടെ എണ്ണത്തിൽ വർധനയല്ലാതെ കുറവ് കാണുന്നില്ല. കുറവ് കാണുന്നത് ആൾക്കാരുടെ അവബോധത്തിന് മാത്രം. 

ഇറ്റലിയിൽ നിന്നും മറ്റുമുള്ള വിഡിയോസ് വന്നിരുന്ന സമയത്ത് ഒരു ഭയവും കരുതലും എല്ലാവർക്കും ഉണ്ടായിരുന്നു. എന്തൊക്കെയായിരുന്നു.. വീട്ടിൽ കയറുന്നതിനു മുൻപ് കുളിച്ചിട്ട് കേറുന്നു, സാനിറ്റൈസർ പോക്കറ്റിൽ തന്നെ വച്ചിട്ട് മിനിറ്റിനു മിനിറ്റിനു കൈ കഴുകുന്നു, ഡ്രെസ്സുകൾ ഡെറ്റോൾ ഒഴിച്ച് അന്നന്നു കഴുകുന്നു, വൈകുന്നേരം മുഖ്യമന്ത്രിയുടെ വാർത്താ സമ്മേളനം കണ്ട് തലയിൽ കൈവച്ച് വ്യാകുലപ്പെടുന്നു.. 

പിന്നെപ്പിന്നെ എല്ലാം മാറി. മുകളിൽ പറഞ്ഞതെല്ലാം ഫോളോ ചെയ്യുന്ന എത്ര പേരുണ്ട് ഇപ്പോൾ? മാറാത്തത് ഒന്ന് മാത്രം. ഫോൺ വിളിക്കുമ്പോൾ കേൾക്കുന്ന കൊറോണ സന്ദേശം മാത്രം🤦‍♂️. ആദ്യ ഘട്ടത്തിൽ ഉണ്ടായിരുന്നതിന്റെ പത്തിലൊന്നു ശ്രദ്ധ പോലും ഇപ്പോൾ ആർക്കും ഇല്ല. കാരണം കോവിഡ് വന്നവരുടെ അനുഭവങ്ങൾ പങ്കുവെക്കൽ തന്നെ. എല്ലാവരും ഇതിനെക്കുറിച്ച് ലഘൂകരിച്ചു സംസാരിക്കുന്നു. അല്ലെങ്കിൽ, ലഘൂകരിച്ചു സംസാരിക്കുന്നതേ നമ്മൾ കേൾക്കാൻ തയാറാകുന്നുള്ളു.. എനിക്ക് നാല് ദിവസം ആവി പിടിച്ചപ്പോഴേ മാറി എന്നൊരാൾ. അഞ്ചാറു ദിവസം പനിക്കുള്ള മരുന്ന് കഴിച്ചപ്പോഴേ മാറി എന്ന് മറ്റൊരാൾ. ഇത് ഇത്രയേ ഉള്ളു എന്നൊരു പ്രതീതി മറ്റുള്ളവരിൽ ഉളവാക്കാൻ ഈ തരത്തിലുള്ള പ്രതികരണങ്ങൾ തന്നെ ധാരാളം. 

സുഹൃത്തുക്കളെ.. ഓരോരുത്തർക്കും ഈ രോഗം എഫക്ട് ചെയ്യുന്നത് ഓരോ വിധത്തിൽ ആയിരിക്കും. അത് മനസ്സിലാക്കുക. അല്ലാതെ, എനിക്കും കൊറോണ വന്നാൽ ഇതു പോലെ നാല് ദിവസം ആവി പിടിച്ചാൽ മാറുമല്ലോ എന്ന് ആശ്വസിച്ച് ഇരിക്കരുത്. ലോകാരോഗ്യ സംഘടന പറഞ്ഞിരിക്കുന്നത് പ്രകാരം 2021 വർഷം പകുതിയോട് കൂടെയേ വാക്സിൻ നമുക്ക് പ്രതീക്ഷിക്കാൻ പറ്റൂ. അതുവരെ ഈ മാസ്ക് തന്നെ നമുക്ക് വാക്സിൻ.