ഹൈദരാബാദ്: സ്വാമി അയ്യപ്പൻ എന്ന് പറയുമ്പോൾ ആദ്യം തന്നെ മലയാളികളുടെ മനസ്സിൽ വരിക മിനിസ്ക്രീനിൽ അയപ്പനായി വേഷമിട്ട കൗശിക് ബാബുവിന്റെ മുഖമാണ്. നല്ല വിടർന്ന വലിയ കണ്ണുകളും വട്ട മുഖവും ചുരുളൻ മുടിയുമൊക്കെയായി ‘സ്വാമി അയ്യപ്പൻ’ എന്ന പരമ്പരയിൽ അയ്യപ്പനായി എത്തി കുടുംബസദസ്സുകളുടെ മനംകവർന്ന യുവനടനാണ് കൗശിക്. മലയാളം മിനിസ്ക്രീനിൽനിന്ന് താൽകാലികമായി വിടപ്പറഞ്ഞുപോയ കൗശിക് ബാബു വിവാഹിതനായെന്ന വാർത്തകളാണ് ഇപ്പോൾ പുറത്തുവരുന്നത്.

ഭവ്യയാണ് വധു. ഹൈദരാബാദിലായിരുന്നു വിവാഹ ചടങ്ങുകൾ നടന്നത്. ഇരുവരും തമ്മിലുള്ള വിവാഹ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാണ്. തെലുങ്കിൽ ബാലതാരമായാണ് കൗശിക് അഭിനയ ജീവിതത്തിന് തുടക്കം കുറിച്ചത്. പുരാണ സീരിയലുകളിൽ‌ വേഷമിട്ട് പ്രേക്ഷകശ്രദ്ധ നേടിയ കൗശിക് തെന്നിന്ത്യൻ മിനിസ്ക്രീനിലെ മിന്നുന്ന താരമായി മാറുകയായിരുന്നു.

2015ല്‍ പുറത്തിറങ്ങിയ ‘വൈറ്റ് ബോയ്സ്’ എന്ന ചിത്രത്തില്‍ നായകനായി വേഷമിട്ട് മലയാള സിനിമയിലേക്കും കൗശിക് ഒരുകൈ നോക്കിയിരുന്നു. അതിന് ശേഷം തെലുങ്കില്‍ ശ്രീമുരുകനും ആദി ശങ്കരനുമായി കൗശിക് വീണ്ടും മിനിസ്ക്രീനിൽ തിളങ്ങുകയായിരുന്നു. വിജയ് ബാബു–ശാരദ ദമ്പതികളുടെ മകനാണ് കൗശിക് ബാബു.