കൊച്ചി: മലയാളത്തിന്റെ പ്രിയതാരമാണ് പൃഥ്വിരാജ് സുകുമാരൻ. രഞ്ജിത് സംവിധാനം ചെയ്ത 'നന്ദനം' എന്ന ചിത്രത്തിലൂടെ നായകനായി പ്രേക്ഷകർക്ക് മുന്നിലെത്തിയ പൃഥ്വിരാജ് ഇന്ന് സംവിധായകൻ, നിർമ്മാതാവ് എന്ന നിലയിലും തിളങ്ങുകയാണ്. കഥാപാത്രം മികച്ചതാക്കാനായി ഏതുതരം വേഷപ്പകർച്ച സ്വീകരിക്കാനും തയ്യാറാകുന്ന പൃഥി ഇപ്പോൾ  ‘ആടു ജീവിതം’ എന്ന ചിത്രത്തിന്റെ തയ്യാറെടുപ്പിലാണ്.

പൃഥിക്കൊപ്പം ഭാര്യ സുപ്രിയ മേനോനും നിർമ്മാണ രം​ഗത്തേക്ക് എത്തിയിരിക്കുകയാണ്. 2015 ഏപ്രിൽ 25നാണ് പൃഥ്വിരാജും സുപ്രിയയും വിവാഹിതരായത്. ഏറെനാളത്തെ പ്രണയത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. എന്നാൽ, സുപ്രിയയ്ക്ക് മുമ്പ് തനിക്ക് മറ്റൊരു പ്രണയം ഉണ്ടായിരുന്നുവെന്ന് വെളിപ്പെടുത്തുകയാണ് പൃഥ്വിരാജ്. റെഡ് എഫ്എമ്മിൽ ആർജെ മൈക്ക് അവതരിപ്പിക്കുന്ന 'റെഡ് കാർപ്പെറ്റ്' എന്ന പരിപാടിയിലാണ് താരത്തിന്റെ തുറന്നുപറച്ചിൽ.

സുപ്രിയയെ പ്രണയിക്കുന്നതിന് മുമ്പ് തനിക്ക് മറ്റൊരു പ്രണയമുണ്ടായിരുന്നുവെന്നും ഓസ്ട്രേലിയയിലെ കോളേജിൽ പഠിക്കുന്ന സമയത്തായിരുന്നു ആ പ്രണയമെന്നും താരം പറഞ്ഞു. ജൂൺ എന്നായിരുന്നു പെൺകുട്ടിയുടെ പേര്. പെൺകുട്ടി മലയാളി അല്ലെന്നും പൃഥ്വിരാജ് കൂട്ടിച്ചേർത്തു.

സിനിമയെക്കുറിച്ചും വ്യക്തി​ഗത ജീവിതത്തെക്കുറിച്ചും പൃഥ്വിരാജ് വ്യക്തമാക്കി. താനൊരു മികച്ച അച്ഛനാണെന്നും നാട്ടിൽ ഷൂട്ടിങ് ഉണ്ടാകുമ്പോൾ മകൾക്കൊപ്പം സമയം ചിലവഴിക്കാൻ ശ്രമിക്കാറുണ്ടെന്നും പൃഥ്വി പറഞ്ഞു. മമ്മൂട്ടിയെ നായകനാക്കി തനിക്ക് ഒരു സിനിമ ചെയ്യണമെന്ന് ആ​ഗ്രഹമുണ്ടെന്നും താരം വെളിപ്പെടുത്തി.