ജനപ്രിയപരമ്പര വാനമ്പാടി അതിന്റെ അവസാനഭാഗത്തേക്ക് എത്തിയിരിക്കുകയാണ്. എല്ലായിപ്പോഴും റേറ്റിംഗില്‍ ഒന്നാമതായി എത്തുന്ന പരമ്പര അവസാനിക്കുന്നതിന്റെ വിഷമത്തിലാണ് പ്രേക്ഷകര്‍. എന്നാല്‍ വേദന പ്രേക്ഷകര്‍ക്ക് മാത്രമല്ലെന്നും അഭിനേതാക്കളും സങ്കടത്തില്‍ തന്നെയാണ് എന്ന് മനസ്സിലാക്കിത്തരുന്ന കുറിപ്പാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന സായ്കിരണ്‍ പങ്കുവച്ചിരിക്കുന്നത്.

സാധാരണ കാണുന്ന പരമ്പരകളില്‍നിന്നും വ്യത്യസ്തമായ വിഷയവും, പാട്ടിന്റെ മേമ്പൊടിയുമാണ് വാനമ്പാടി വ്യത്യസ്തമാക്കിയിരുന്നത്. കുട്ടിത്താരങ്ങളുടെ അഭിനയവും എടുത്ത് പറയേണ്ടുന്നതായിരുന്നു. മൂന്നര വര്‍ഷത്തോളം നീണ്ടുനിന്ന പരമ്പര ആയിരത്തിലധികം എപ്പിസേഡുകളായി സംപ്രേക്ഷണം ചെയ്യുന്നു. അവസാനത്തെ ഷോട്ടാണെന്നറിയാതെ ഷോട്ടിനെ അഭിമുഖീകരിച്ചതിന്റെ സങ്കടം കഴിഞ്ഞദിവസം സുചിത്ര‍ നായര് സ്വകാര്യ യൂട്യൂബ് ചാനലിലൂടെ വെളിപ്പെടുത്തിയിരുന്നു. കരയരുതെന്ന് കരുതിയ നിമിഷമാണ് ക്യാമറാമാന്‍ വന്ന് സങ്കടപ്പെടുത്തുന്ന വാക്കുകള്‍ പറഞ്ഞതെന്നും, അതോടെ എല്ലാം കയ്യില്‍നിന്നും പോയെന്നുമാണ് സുചിത്ര പറഞ്ഞത്. സായ് കിരണ്‍ ഫേസ്ബുക്കിലൂടെ പങ്കുവച്ചതും അത്തരത്തിലെ ഒരു കുറിപ്പായിരുന്നു.

കുറിപ്പിങ്ങനെ

സഹസംവിധായകനായ സാജു, സാധരണയായി വളരെ എന്‍ജറ്റിക്കുംതിടുക്കമുള്ള സ്വഭാവക്കാരനുമാണ്. എന്നാല്‍ ഇപ്പോള്‍ വിളറിയ നോട്ടത്തോടെ, പതിയെ വാതില്‍തുറന്ന് എന്റെയടുത്തേക്ക് വന്നു. (മോശം വാര്‍ത്തയുമായി ഒരാള്‍ നിങ്ങളെ സമീപിക്കുമ്പേള്‍ പെട്ടന്നുതന്നെ നിങ്ങള്‍ക്കത് മനസ്സിലാകുമല്ലോ.) സാജു സങ്കടത്തോടെ ചെറിയ ശബ്ദത്തില്‍ എന്നോട് ചോദിച്ചു...

'സായ്‌ചേട്ടാ, വാനമ്പാടിയിലെ നിങ്ങളുടെ അവസാന രംഗത്തിന് ഇടാനായി ഏത് ഡ്രസ്സാണ് വേണ്ടത് ?'

ആ ചോദ്യം ഹൃദയം തകര്‍ക്കുന്നതായാണ് അനുഭവപ്പെട്ടത്...

ആ ചോദ്യം സൃഷ്ടിച്ച വലിയൊരു നിശബ്ദതയുടെ നിമിഷം.. അത് ഭീകരമായി വേദനിപ്പിക്കുന്നതായിരുന്നു. ആ ചോദ്യം തൊണ്ട ഇടറിച്ചതുപോലെ, എനിക്ക് ഒരു മിനിട്ടോളം ഉത്തരം നല്‍കാന്‍ കഴിഞ്ഞില്ല. വധശിക്ഷയ്ക്ക് മുന്നോടിയായി, അവസാനത്തെ ഭക്ഷത്തിനായി ഒരു ചോയ്‌സ് തന്നതുപോലെയാണ് എനിക്കത് അനുഭവപ്പെട്ടത്.

വൈകാരികമായ കുറിപ്പ്, വാനമ്പാടി പരമ്പരയെ സ്‌നേഹിക്കുന്നവരുടേയും ഹൃദയത്തില്‍ ആഴത്തില്‍ത്തന്നെ പതിച്ചിട്ടുണ്ട്. സായ്കിരണിന്റെ ഫേസ്ബുക്ക് പോസ്റ്റിനുതാഴെ വൈകാരികമായ കമന്റുകളാണ് ആരാധകര്‍ പങ്കുവച്ചിരിക്കുന്നത്. താരത്തെ മിസ് ചെയ്യുമെന്നും, വാനമ്പാടി ഇത്രപെട്ടന്ന് തീര്‍ക്കല്ലേയെന്ന റിക്വസ്റ്റുകളുമാണ് പ്രധാനമായും കമന്റുകാളായി വന്നിരിക്കുന്നത്.