Asianet News MalayalamAsianet News Malayalam

മസിലളിയൻ ഇനി കുടവയറൻ; ജയകൃഷ്ണനുവേണ്ടി പുത്തൻ രൂപമാറ്റവുമായി ഉണ്ണി മുകുന്ദൻ

ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ ഇനി എത്തുന്നത് ജയകൃഷ്ണനായിട്ടാണ്. 'മേപ്പടിയാൻ' എന്ന ചിത്രത്തിനുവേണ്ടി മസിൽ ഉപേക്ഷിച്ച് പുതിയ രൂപമാറ്റത്തിലേക്ക് എത്തിയിരിക്കുകയാണ് താരം.

actor Unni Mukundans body transformation for new character
Author
Trivandrum, First Published Jan 3, 2020, 10:01 AM IST

എം പത്മകുമാർ സംവിധാനം ചെയ്ത ബി​ഗ്ബജറ്റ് ചിത്രം മാമാങ്കത്തിലെ ഉണ്ണി മുകുന്ദന്റെ ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രം ഏറെ പ്രേക്ഷകശ്രദ്ധ നേടിയിരുന്നു. ചന്ദ്രോത്ത് പണിക്കരുടെ വേഷപ്പകർച്ച മനോഹരമായി കൈകാര്യം ചെയ്തതിന് ഉണ്ണി മുകുന്ദന് മികച്ച പ്രതികരണമാണ് ലഭിച്ചത്. ഏറ്റെടുക്കുന്ന കഥാപാത്രങ്ങൾ പൂർണതയിലെത്തിക്കാനുള്ള താരത്തിന്റെ പ്രയത്നത്തിനും ആരാധകർ കൈയ്യടിക്കുകയാണ്. ഇതിന് പിന്നാലെ മറ്റൊരു കഥാപാത്രത്തിനുള്ള തയ്യാറെടുപ്പിലാണ് താരം.

ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിന് ശേഷം ഉണ്ണി മുകുന്ദൻ ഇനി എത്തുന്നത് ജയകൃഷ്ണനായിട്ടാണ്. 'മേപ്പടിയാൻ' എന്ന ചിത്രത്തിനുവേണ്ടി മസിൽ ഉപേക്ഷിച്ച് പുതിയ രൂപമാറ്റത്തിലേക്ക് എത്തിയിരിക്കുകയാണ് താരം. ഇതിനെക്കുറിച്ചുള്ള താരത്തിന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറലാകുകയാണ്.

ഉണ്ണി മുകുന്ദന്റെ ഫേസബുക്ക് കുറിപ്പ്;

നമസ്കാരം,

ശാരീരികമായും, മാനസികമായും ചന്ദ്രോത്ത് പണിക്കർ എന്ന കഥാപാത്രത്തിലേക്ക് എനിക്ക് എത്തിച്ചേരാൻ 11 മാസം വേണ്ടി വന്നു. ചന്ദ്രോത്ത് പണിക്കരെ ഹൃദയത്തിൽ ഏറ്റിയവർക്കും, സ്വീകരിച്ചവർക്കും നന്ദി. മാമാങ്കം കഴിഞ്ഞിരിക്കുന്നു. ഇനിയുള്ള യാത്ര പുതിയ കഥാപാത്രത്തിലേക്കുള്ളതാണ്. ചന്ദ്രോത്ത് പണിക്കർക്ക് വേണ്ടി ഉണ്ടാക്കിയെടുത്ത മസിൽസ് എല്ലാം കഴിഞ്ഞ നാല് മാസം കൊണ്ട് ഒഴിവാക്കിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾ ഈ കാണുന്ന മാറ്റത്തിലേക്ക് എത്തിച്ചേർന്നിരിക്കുന്നത് എന്റെ പുതിയ ചിത്രത്തിനു വേണ്ടിയുള്ള ഒരുക്കങ്ങളുടെ ഭാഗമായാണ്.

"മേപ്പടിയാൻ" എന്ന അടുത്ത ചിത്രത്തിലെ നായകൻ ജയകൃഷ്ണൻ ഒരു നാട്ടിൻപുറത്തുകാരനായ സാധാരണക്കാരനാണ്. അത്തരമൊരു വേഷം ചെയ്യുന്നതിനായി ഈ രൂപത്തിലേക്ക് മാറേണ്ടത് ആവശ്യകതയാണെന്നു മനസിലാക്കിയതിനാലാണ് ഈ മുന്നൊരുക്കം. അത് ചിത്രത്തിലൂടെ നിങ്ങൾക്ക് ബോധ്യമാകുമെന്നു പ്രതീക്ഷയുണ്ട്.

എന്റെ ഓരോ വിജയങ്ങൾക്ക് പിന്നിലും നിങ്ങൾ തന്ന വലിയ പിന്തുണ ഉണ്ടായിരുന്നു. അതിനു ഞാൻ നിങ്ങൾ ഓരോരുത്തരോടും കടപ്പെട്ടിരിക്കുന്നു. തുടർന്നും നിങ്ങളുടെ മനസ്സറിഞ്ഞ ഹൃദയത്തിൽ തൊട്ടുള്ള പിന്തുണ കൂടെയുണ്ടാകണം. ‌

ഒരു സുപ്രധാന കാര്യം കൂടി നിങ്ങളുടെ ശ്രദ്ധയിൽപ്പെടുത്താൻ ആഗ്രഹിക്കുകയാണ്. എന്റെ മറ്റു ചിത്രങ്ങളെ അപേക്ഷിച്ച് "മേപ്പടിയാൻ" എന്ന ചിത്രത്തിൽ യാതൊരു തരത്തിലുള്ള ആക്ഷൻ രംഗങ്ങളും ഉണ്ടായിരിക്കുകയില്ല. ചിത്രം കുടുംബ പ്രേക്ഷകർക്കും, യുവാക്കൾക്കും ഇഷ്ടപ്പെടുന്ന ഒരുപിടി നല്ല രംഗങ്ങൾ കൊണ്ട് സമ്പന്നമായിരിക്കും.

നിങ്ങളുടെ എല്ലാ പ്രാർത്ഥനകളും, പിന്തുണയും കൂടെയുണ്ടാകും എന്ന് പ്രതീക്ഷിച്ചുകൊണ്ട് നിങ്ങളുടെ സ്വന്തം...
ഉണ്ണി മുകുന്ദൻ 

 

 

 

Follow Us:
Download App:
  • android
  • ios