പ്രണയാര്‍ദ്രമായ ഭാഷയില്‍ ഭര്‍ത്താവ് ശ്രീകാന്തിന് പിറന്നാളാശംസകള്‍ നേരുകയാണ് അശ്വതി

ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് അശ്വതി ശ്രീകാന്ത്. അവതാരകയായിട്ടാണ് മിനിസ്‌ക്രീനിലെത്തിയതെങ്കിലും ചക്കപ്പഴം എന്ന പരമ്പരയിലൂടെ അശ്വതി അഭിനയത്തിലേക്കും കടന്നു. പരമ്പരയിലെ ആശ എന്ന കഥാപാത്രത്തെ ഇരുകയ്യും നീട്ടിയാണ് ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. തന്‍റെ വിശേഷങ്ങള്‍ പങ്കുവച്ചും നിലപാടുകള്‍ തുറന്നുപറഞ്ഞും നിരന്തരം സോഷ്യല്‍ മീഡിയയില്‍ സജീവമാണ് അശ്വതി. അശ്വതിയുടെ പ്രണയവിവാഹം സോഷ്യല്‍മീഡിയയിൽ പലപ്പോഴായി ചര്‍ച്ച ചെയ്യപ്പെട്ട ഒന്നാണ്. എത്ര മനോഹരമായാണ് നിങ്ങള്‍ പ്രണയിക്കുന്നതെന്ന് പലപ്പോഴും സോഷ്യല്‍മീഡിയ ചോദിച്ചിട്ടുമുണ്ട്.

ഇപ്പോളിതാ പ്രണയാര്‍ദ്രമായ ഭാഷയില്‍ ഭര്‍ത്താവ് ശ്രീകാന്തിന് പിറന്നാളാശംസകള്‍ നേരുകയാണ് അശ്വതി. തന്‍റെ പതിനഞ്ചാം വയസില്‍, ഒരു മണ്‍സൂണ്‍കാലത്ത് മുതലക്കോടം സ്‌ക്കൂളിന്‍റെ വരാന്തയില്‍ കണ്ടുമുട്ടുമ്പോള്‍ ഇനിയുമൊരുപാട് മഴ ഒന്നിച്ചുനനയേണ്ടവരാണെന്ന് ഓര്‍ത്തില്ലെന്നാണ് കാവ്യാത്മകമായ വരികളിലൂടെ അശ്വതി പറയുന്നത്. ശ്രീകാന്തിന് പിറന്നാളാശംസകളുമായി ഒരുപാട് ആളുകളാണ് പോസ്റ്റിന് കമന്‍റ് ചെയ്തിരിക്കുന്നത്.

അശ്വതിയുടെ കുറിപ്പിങ്ങനെ

''ഇങ്ങനെ തോരാതെ പെയ്യുന്നൊരു മണ്‍സൂണ്‍ കാലത്ത്, എന്‍റെ പതിനഞ്ചാമത്തെ വയസ്സില്‍ മുതലക്കോടം സ്‌കൂളിന്‍റെ വരാന്തയില്‍ വച്ച് കണ്ടതാണ്... 'ദിസ് ഈസ് യുവര്‍ മാന്‍' എന്ന് അപ്പോള്‍ അശരീരി ഉണ്ടായില്ല, അടിവയറ്റില്‍ മഞ്ഞും വീണില്ല. മഴ മാത്രം പെയ്തു... ഒരുമിച്ച് പിന്നെത്ര മഴ നനയേണ്ടവരെന്ന്, എത്ര വെയില്‍ കൊള്ളേണ്ടവരെന്ന് അന്ന് അറിഞ്ഞിരുന്നില്ല ! അല്ലെങ്കിലും നാളെ എന്തെന്ന് അറിയാത്ത കൗതുകത്തില്‍ ആണല്ലോ ജീവിതത്തിന്‍റെ മുഴുവന്‍ ഭംഗിയും...''

View post on Instagram

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിന്‍ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യര്‍ത്ഥിക്കുന്നു. ഒന്നിച്ച് നിന്നാല്‍ നമുക്കീ മഹാമാരിയെ തോല്‍പ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona