ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ്സിലിടംനേടിയ താരമാണ് ആര്യ. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ കരുത്തുറ്റ മത്സരാര്‍ത്ഥി കൂടിയായിരുന്നു ആര്യ. സ്റ്റാന്‍ഡപ് കോമഡിയോടൊപ്പംതന്നെ ചില സീരിയലുകളിലും ആര്യ വേഷമിട്ടിട്ടുണ്ട്. പെണ്‍മക്കളുടെ ദിനമായ കഴിഞ്ഞദിവസം ആര്യ  പങ്കുവച്ച കുറിപ്പാണിപ്പോള്‍ തരംഗമായിരിക്കുന്നത്. മകളെക്കുറിച്ചുള്ള കുറിപ്പില്‍ വളരെ വൈകാരികമായാണ് ആര്യ സംസാരിക്കുന്നത്. പെണ്‍കുട്ടികളല്ലാതെ മറ്റൊരു മാലാഖയെ കാണാന്‍ സാധിക്കില്ലെന്നാണ് ആര്യ പറയുന്നത്.

ആര്യയുടെ കുറിപ്പ് വായിക്കാം

'ഭൂമിയില്‍ മാലാഖമാരില്ലെന്ന് ആരാണ് പറഞ്ഞത്.. ഞാന്‍ ഒരു മാലാഖയ്‌ക്കൊപ്പമാണ് ജീവിക്കുന്നത്.. കളിക്കുന്നത്.. ഭക്ഷണം കഴിക്കുന്നത്. ഉറങ്ങുന്നത്. എന്തിനേറെ പറയുന്നു, തല്ലുണ്ടാക്കുന്നതുപോലും. അതിനേക്കാളേറെ മനോഹരമായ കാര്യം, അവളെന്നെ പോലെയെന്നതാണ്. പെണ്‍മക്കളല്ലാതെ, ഈ ലോകത്ത് മറ്റൊരു മാലഖയേയും നിങ്ങള്‍ക്ക് കണ്ടെത്താനാവില്ലെന്ന് ഞാന്‍ ബെറ്റ് വയ്ക്കാം. എന്റെ മാലാഖയെ ഈ ജന്മത്തും, അടുത്ത ജന്മത്തും ഇങ്ങനെ ചേര്‍ത്തുനിര്‍ത്താന്‍ സാധിക്കാനുളള അനുഗ്രഹം മാത്രം മതിയെനിക്ക്. ഈ മാലാഖയാണ് എന്നെയൊരു സ്ത്രീയാക്കുന്നത്, അമ്മയാക്കുന്നത്, നല്ലൊരു സുഹൃത്താക്കുന്നത്, ഒരു മനുഷ്യനാക്കുന്നത്.. ഞാനെന്റെ മകളെ അതിരില്ലാതെ സ്‌നേഹിക്കുന്നു, അവളെന്നേയും. ഒരു മകളാല്‍ അനുഗ്രഹിക്കപ്പെട്ടവരെല്ലാം ഭാഗ്യവാന്മാരാണ്. അതോടൊപ്പംതന്നെ, പെണ്‍മക്കളുടെ ഈ ദിനത്തില്‍ ആശംസകള്‍ നേരുന്നു.

എല്ലാദിവസവും ഞങ്ങള്‍ ആഘോഷിക്കുകയാണെങ്കിലും, ഈയൊരു ദിവസത്തെ അവസരമാക്കുന്നുവെന്നുമാത്രം.'