Asianet News MalayalamAsianet News Malayalam

'നിനക്കാരോടുമൊന്നിക്കാം';പതിനെട്ടാം വയസ്സില്‍ അച്ഛന്‍ തനിക്കെഴുതിയ കത്ത് പങ്കുവച്ച്‌ കനി കുസൃതി

സിനിമാ മേഖലയിലെ അവഗണനകളും ചൂഷണങ്ങളും തുറന്നുപറഞ്ഞതിലൂടെ കനി വാർത്തകളിൽ നിറഞ്ഞിരുന്നു. ഇപ്പോഴിതാ തനിക്ക് പതിനെട്ട് വയസായപ്പോൾ അച്ഛൻ മൈത്രേയൻ എഴുതിയ കത്താണ് കനി പങ്കുവച്ചിരിക്കുന്നത്.

Actress and human activist kani kusriti shared a post letter that she got from her father  on her 18th birthday
Author
Kerala, First Published Jul 25, 2020, 11:20 PM IST

മലയാളിത്തില്‍ നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത താരമാണ് കനി. കേരള കഫെ, ഒരു ഇന്ത്യന്‍ പ്രണയകഥ, നത്തോലി ഒരു ചെറിയ മീനല്ല, ശിക്കാര്‍, കോക്ടെയില്‍ തുടങ്ങിയ ചിത്രങ്ങളില്‍ കനി അഭിനയിച്ചിട്ടുണ്ട്. തമിഴില്‍ മാ എന്ന് ഷോട് ഫിലിമിലൂടെ താരമായ കനി പിസാസ്, ബര്‍മ തുടങ്ങിയ ചിത്രങ്ങളിലും വേഷമിട്ടിട്ടുണ്ട്.

സോഷ്യൽ മീഡിയയിൽ സജീവമായ കനി കുസൃതിയുടെ നിലപാടുകളും വാക്കുകളും  ഏറെ ശ്രദ്ധ നേടിയിട്ടുമുണ്ട്. സിനിമാ മേഖലയിലെ അവഗണനകളും ചൂഷണങ്ങളും തുറന്നുപറഞ്ഞതിലൂടെയും കനി വാർത്തകളിൽ നിറഞ്ഞു. ഇപ്പോഴിതാ തനിക്ക് പതിനെട്ട് വയസായപ്പോൾ അച്ഛൻ മൈത്രേയൻ എഴുതിയ കത്താണ് കനി പങ്കുവച്ചിരിക്കുന്നത്.

കത്തിങ്ങനെ..

എന്റെ പ്രിയമുളള മകള്‍ കനിക്ക്, ഇന്ന് നിനക്ക് പതിനെട്ട് വയസ്സ് തികയുകയാണ്. ഇന്ത്യന്‍ ഭരണഘടനപരമായി നീ സ്വതന്ത്രമായി തീരുമാനം എടുക്കാന്‍ അവകാശമുളള ഒരു വ്യക്തിയായി തീര്‍ന്നിരിക്കുന്നു. ഈ സന്ദര്‍ഭത്തില്‍ നിന്റെ അവകാശങ്ങള്‍ക്കും ഉത്തരവാദിത്വങ്ങള്‍ക്കും ഒപ്പം, നിന്നെ വളര്‍ത്താന്‍ ഒരു പ്രധാന പങ്കുവഹിച്ച വ്യക്തിയെന്ന നിലയില്‍ നിനക്ക് ചില പിന്തുണകളും വാഗ്ദാനങ്ങളായി, ഞാന്‍ നല്‍ക്കുകയാണ്. വ്യത്യസ്തങ്ങളായ ജാതിമത വിശ്വാസങ്ങളുടെയും വര്‍ഗ, വംശ, രാഷ്ട്രീയ വേര്‍തിരിവുകളുടെയും പുരുഷ മേധാവിത്ത മൂല്യങ്ങളുടെയും ഒരു സമ്മിശ്ര സംസ്‌കാര സമൂഹത്തില്‍ വേണം നീ ഇനി മുതല്‍ ഒരു സ്വതന്ത്ര വ്യക്തിയായി ജീവിക്കാന്‍. ഇവിടെ കാലുറപ്പിക്കാന്‍ എളുപ്പമല്ല, അതില്‍ ഏത് ശരി എതു തെറ്റ് എന്ന് സംശയമുണര്‍ത്തുന്ന സന്ദര്‍ഭങ്ങളില്‍ ഒന്ന് മറിച്ചു നോക്കാനാണ് ഈ കുറിപ്പ് നിനക്ക് ഞാന്‍ നല്‍കുന്നത്. സ്ത്രീകളെ രണ്ടാം തരം പൗരന്മാരായി കണ്ട് പുരുഷന്മാര്‍ക്ക് നിയന്ത്രിക്കാന്‍ തരത്തില്‍ രൂപപ്പെടുത്തിയ മൂല്യങ്ങളും നിയമങ്ങളുണ്ട് ഈ സമൂഹത്തില്‍ ഭൂരിപക്ഷം ഉളളത്. സ്ത്രീകളെ നിയന്ത്രിക്കാന്‍ അവരുടെ ലൈംഗികാവകാശങ്ങളെ കവര്‍ന്നെടുക്കുകയാണ് പുരുഷന്മാര്‍ ചെയ്തു വന്നത്. നിന്റെ സ്വാതന്ത്ര്യ ബോധം പുരുഷ സമൂഹത്തിന്റെ മൂല്യബോധത്തിനെതിരെയാണ്. അതിനാല്‍ അതിന്റെ അടികളേല്‍ക്കാന്‍ ധാരാളം സന്ദര്‍ഭങ്ങള്‍ ജീവിതത്തിലുണ്ടാകുമെന്ന് ഞാന്‍ തിരിച്ചറിയുന്നു.

ആ അടികളുടെ രൂക്ഷത കുറയ്ക്കാന്‍ എന്റെ ഇനിയുളള വാഗ്ദാനങ്ങള്‍ ശാരീരികവും മാനസികവുമായ ശക്തിപകരുമെന്ന് ഞാന്‍ കരുതുന്നു. വീട് വിട്ട് പോകാനും മാറി താമസിക്കാനുമുളള നിന്റെ അവകാശത്തിന് പിന്തുണ പ്രഖ്യാപിക്കുന്നു. ഇഷ്ടപ്പെടുന്ന വ്യക്തിയുമായി അത് ആണായാലും പെണ്ണായാലും സങ്കര വര്‍ഗമായാലും ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ നിനക്കുളള അവകാശത്തിന് പിന്തുണ നല്‍കുന്നു. ഗര്‍ഭം ധരിക്കാനും പ്രസവിക്കാനുമുളള നിന്റെ അവകാശം ഒരു പുരുഷന്റെ സംരക്ഷണം മാത്രം പരിമിതപ്പെടുത്തുന്ന ഇന്നത്തെ നടപ്പിന് വിരുദ്ധമായി നിനക്ക് അത് സ്വതന്ത്രമായി ചെയ്യാന്‍ ഞാന്‍ എല്ലാ സഹായവും വാഗ്ദാനം ചെയ്യുന്നു. നിനക്ക് ഇഷ്ടമുളള വസ്ത്രങ്ങള്‍ ധരിക്കാനുളള അവകാശത്തിനും പിന്തുണ നല്‍കുന്നു. നിന്റെ ഇഷ്ടത്തിന് വിരുദ്ധമായി ഗര്‍ഭം ധരിക്കുവാന്‍ ഇടവരികയാണെങ്കില്‍ അത് വേണ്ടെന്ന് വെക്കാന്‍ നിനക്ക് അവകാശമുണ്ട്. തിരഞ്ഞെടുത്ത ഇണയെ പിന്നീട് വേണ്ട എന്ന് വെക്കാനും ഉളള അവകാശത്തിനും പിന്തുണ നല്‍കുന്നു.

ഒരേസമയം ഒന്നിലധികം പേരോട് പ്രേമം തോന്നാം. അങ്ങനെ തോന്നുന്നത് സ്വാഭാവികമാണെന്ന് മനസ്സിലാക്കി അതിനും പിന്തുണ നല്‍കുന്നു. ആരോടും പ്രേമം തോന്നുന്നില്ല, അതിനാല്‍ ഒറ്റയ്ക്ക് കഴിയാനാണ് തീരുമാനമെങ്കില്‍ അതും സമ്മതമാണ്. മദൃം കഴിക്കാനും പുകവലിക്കാനും മറ്റേതൊരു വ്യക്തിയെ പോലെ നിനക്കും അവകാശമുണ്ട്. നിനക്ക് ഇഷ്ടമുളള പ്രവൃത്തി ചെയ്ത് ജീവിക്കാന്‍ പരിപൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നു. ഈ അവകാശങ്ങള്‍ നേടിയെടുക്കാനുളള നിന്റെ ഏത് സമരത്തിലും പങ്കാളിയായി നിന്നോടൊപ്പം ഞാനുമുണ്ടായിരിക്കുന്നതാണ്. ഇനി ചില അഭ്യര്‍ത്ഥനകളാണ്. ബലാത്സംഗത്തിന് വിധേയയാല്‍ അതിനെ അക്രമം എന്ന് കണ്ട്, ഉളവാക്കിയ സ്തോഭത്തെ മറികടക്കാനുളള ആര്‍ജ്ജവം നേടിയെടുക്കണം. മറ്റുളളവര്‍ക്ക് അസ്വസ്ഥതകളും ഹാനിയുണ്ടാക്കുന്നതിനാല്‍ പുകവലി ശീലമാക്കരുതെന്ന് അഭ്യര്‍ത്ഥിക്കുന്നു. മദ്യം വേണമെന്നുണ്ടെങ്കില്‍ അത് മിതമായി ഉപയോഗിക്കുവാന്‍ ശീലിക്കുക. പക്ഷെ കുറ്റവാളികളെ പോലെ രഹസ്യമായി ചെയ്യരുത്,.

രാഷ്ട്രീയത്തിന്റെ, മതത്തിന്റെ, വംശത്തിന്റെ, ലിംഗത്തിന്റെ, വര്‍ണ്ണത്തിന്റെ, ദേശത്തിന്റെ ജാതിയുടെ, ഭാഷയുടെ അടിസ്ഥാനത്തില്‍ രൂപപ്പെടുത്തിയ മറ്റുളളവരെ വെറുക്കാന്‍ പഠിപ്പിക്കുന്ന ഒരു തത്വചിന്തയെയും സ്വീകരിക്കരുത്. ഒരു വ്യക്തിയുടെ നിലനില്‍പ്പ് തന്നെ ചില സന്ദര്‍ഭങ്ങളില്‍ മറ്റുളളവര്‍ക്ക് വേദന ഉളവാക്കുന്നതാണ് എന്ന് ഞാന്‍ അറിയുമ്ബോള്‍ പോലും അറിഞ്ഞ് കൊണ്ട് മറ്റൊരാളെ വാക്ക് കൊണ്ടോ, പ്രവൃത്തികൊണ്ടോ നോട്ടംകൊണ്ടോ ഭാവം കൊണ്ടോ വേദനിപ്പിക്കാതിരിക്കാന്‍ പരമാവധി ശ്രമിക്കണം. ബലാല്‍സംഘം ചെയ്തവരെപ്പോലും വെറുക്കരുത്. ഈ ശ്രമത്തിന്റെ പരാജയം പോലും ജീവിത വിജയമാണ്. തന്റെയും മറ്റുളളവരുടെയും സ്വാതന്ത്ര്യത്തിനും വേണ്ടി നിരന്തരം സമരം ചെയ്യണം. നമ്മുടെ സമരം വ്യക്തികള്‍ക്കെതിരല്ല. വ്യവസ്ഥിതികള്‍ക്കും സമ്ബ്രദായങ്ങള്‍ക്കുമെതിരെയാണ്. നീ അറിഞ്ഞ് സ്നേഹിക്കാന്‍ കഴിവുളളവള്‍ ആണെന്ന് ഞാന്‍ മനസ്സിലാക്കുന്നു. ആ സ്നേഹം അഗാധമാക്കാന്‍ ശ്രമിക്കുക. നമ്മുടെ പ്രവൃത്തിയുടെ അളവുകോല്‍ മറ്റുളളവരോടുളള സ്നേഹമാണോ എന്ന് എപ്പോഴും നോക്കുക. വളരെ കുറച്ചുനാള്‍ മാത്രം ജീവിതമുളള ഒരു വര്‍ഗ്ഗമാണ് മനുഷ്യന്‍, അതിനാല്‍ ഇന്നത്തെ നിന്റെ പ്രസരിപ്പ് നഷ്ടപ്പെടുത്താതെ മറ്റുളളവര്‍ക്ക് എന്നും ആനന്ദം നല്‍കി ജീവിക്കാന്‍ നിനക്ക് കഴിയട്ടെ എന്ന് ആശംസിച്ചുകൊണ്ട്. അച്ഛത്തമില്ലാത്ത പെരുമാറാന്‍ ശ്രമിക്കുന്ന നിന്റെ അച്ഛന്‍ മൈത്രേയന്‍.

Follow Us:
Download App:
  • android
  • ios