മലയാളത്തിന്‍റെ എക്കാലത്തേയും പ്രിയ നായികമാരിൽ ഒരാളാണ് നടി ദിവ്യ ഉണ്ണി. വിവാഹത്തിനുശേഷം അഭിനയത്തിൽ നിന്ന് വിട്ട് നിൽക്കുകയാണെങ്കിലും സമൂഹമാധ്യമങ്ങളിൽ സജീവമാണ് താരം. ഇപ്പോഴിതാ, തന്‍റെ മകൻ അര്‍ജുന്‍റെ പിറന്നാള്‍ ആഘോഷങ്ങൾ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് ദിവ്യ ഉണ്ണി.

'മൈ ലിറ്റിൽ പ്രിൻസ് അർജുന് പിറന്നാളാശംസകൾ' എന്നു കുറിച്ചുകൊണ്ട് മകനോടൊപ്പമുള്ള ചിത്രങ്ങളും താരം പങ്കുവച്ചിട്ടുണ്ട്. നിരവധി പേരാണ് ചിത്രങ്ങൾക്ക് താഴെ ആശംസകളുമായി എത്തിയിരിക്കുന്നത്.

ആദ്യ ഭർത്താവ് സുധീർ ശേഖറിലുള്ള മക്കളാണ് അര്‍ജുനും മീനാക്ഷിയും. 2002ലായിരുന്നു സുധീര്‍ ശേഖറുമായുള്ള ദിവ്യ ഉണ്ണിയുടെ വിവാഹം. 2016-ൽ ഇവർ വിവാഹമോചിതരായി. തുടർന്ന് 2018ൽ അരുണ്‍ കുമാറിനെ വിവാഹം ചെയ്തു. ഇരുവരും മൂന്നാമത്തെ കുഞ്ഞിനുള്ള കാത്തിരിപ്പിലാണ്. വിവാഹശേഷം അമേരിക്കയില്‍ സ്ഥിര താമസമാണ് താരം.

ബാലതാരമായാണ് ദിവ്യ ഉണ്ണി സിനിമയിലെത്തുന്നത്. 1996-ല്‍ കല്യാണസൗഗന്ധികം എന്ന സിനിമയിലൂടെയാണ് നായികയായി അരങ്ങേറ്റം കുറിച്ചത്. മുസാഫിര്‍ എന്ന സിനിമയിലായിരുന്നു താരം ഒടുവിലായി അഭിനയിച്ചത്. അമ്പതിലധികം സിനിമകളില്‍ ഇതിനോടകം താരം അഭിനയിച്ചിട്ടുണ്ട്.