ട്രാന്‍സ് വുമന്‍ ആയ ഹരിണിചന്ദന വിവാഹിതയാകുന്നു. സൂര്യ ടിവിയില്‍ സംപ്രേഷണം ചെയ്യുന്ന സൂപ്പര്‍ ജോഡിയിലാണ് ഇക്കാര്യം പുറത്തായത്. അവതാരകനായ ആര്‍ജെ മാത്തുക്കുട്ടിയാണ് ഹരിണി വിവാഹിതയാകാന്‍ പോവുകയാണെന്ന വാര്‍ത്ത പുറത്താക്കിയത്. ഇത് ഇപ്പോള്‍ വരെ വലിയ രഹസ്യമാണെന്നും ഇപ്പോള്‍ മുതല്‍ ഏറ്റവും വലിയ പരസ്യമാണെന്നും പറഞ്ഞായിരുന്നു മാത്തുക്കുട്ടി കാര്യം തുറന്നുപറഞ്ഞത്. ശേഷം വേദിയിലുള്ളവരെല്ലാം ഒരുമിച്ച് ഹരിണിയുടെ വിവാഹ വാര്‍ത്ത ആഘോഷമാക്കുകയും ചെയ്തു.

കുടുംബമായി ജീവിക്കണമെന്നും കുഞ്ഞുണ്ടാവണമെന്നുമുള്ള സ്വപ്നവും തനിക്ക് ഉണ്ടെന്നു മുന്‍പും പല അഭിമുഖങ്ങളിലും താരം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോള്‍ താരത്തിന്റെ വിവാഹവാര്‍ത്ത പുറത്തുവരുന്നത്. 2017ല്‍ കൊച്ചിയില്‍ നടന്ന ഭിന്നലിംഗക്കാരുടെ സൗന്ദര്യമത്സരത്തില്‍ സെക്കന്‍ഡ് റണ്ണറപ്പായിരുന്നു ഹരിണി. 'ട്രാന്‍സ്ജെന്‍ഡര്‍ തിയേറ്റര്‍ ഗ്രൂപ്പ്' ആയ 'മഴവില്‍ ധ്വനി'യുടെ 'പറയാന്‍ മറന്നത്' എന്ന നാടകത്തില്‍ അഭിനയിച്ചു.

ടിക്ക് ടോക്കില്‍ മാത്രം മൂന്ന് ലക്ഷത്തിനടുത്ത് ആരാധകരാണ് ഹരിണിക്കുള്ളത്. ഹരിണിയുടെ ടിക്ക് ടോക്ക് വീഡിയോ സംവിധായകന്‍ അരുണ്‍ സാഗറിന്റെ ശ്രദ്ധയില്‍പ്പെട്ടതോടെയാണ് ദൈവത്തിന്റെ മണവാട്ടി' ചിത്രത്തിലെ നായികാവേഷം തേടിയെത്തിയത്. മമ്മൂട്ടി നായകനായ പേരന്‍പില്‍ ട്രാന്സ് വുമണായ അഞ്ജലി അമീറും വേഷമിട്ടിരുന്നു.