മലയാളികളുടെ പ്രിയപ്പെട്ട താരമാണ് കനിഹ. ഒട്ടേറെ വേഷങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ ചേക്കേറിയ നടി. സാമൂഹ്യമാധ്യമങ്ങളിലും സജീവമാണ് കനിഹ. ഇടയ്ക്കിടെ താരം പങ്കുവയ്ക്കുന്ന കുറിപ്പുകളും, പാചകവിധികളും സോഷ്യല്‍ മീഡിയയില്‍ തരംഗമാകാറുമുണ്ട്. തന്റെ ആദ്യത്തെ ഫോട്ടോഷൂട്ടിന്റെ ചിത്രം പങ്കുവച്ച് ഓരു കുറിപ്പുമായി എത്തിയിരിക്കുകയാണ് കനിഹ. പതിനെട്ട് വയസുള്ളപ്പോള്‍ മിസ് ചെന്നൈ മത്സരത്തില്‍ പങ്കെടുക്കാനായി എടുത്ത ചിത്രമാണ് താരമിപ്പോള്‍ പങ്കുവച്ചിരിക്കുന്നത്. തന്റെ ഓര്‍മ്മകള്‍ പങ്കുവയ്ക്കുന്നതോടൊപ്പം, ആരാധകര്‍ അവരുടെ മൂല്യമുള്ള ഓര്‍മ്മകള്‍ തന്നോടുംകൂടെ പങ്കുവയ്ക്കണം എന്നുപറയാനും കനിഹ മറന്നില്ല.

താരത്തിന്റെ കുറിപ്പ് വായിക്കാം

'എനിക്ക് പതിനെട്ട് വയസുള്ളപ്പോള്‍, മിസ് ചെന്നൈ മത്സരത്തിനായുള്ള എന്റെ ആദ്യത്തെ ഫോട്ടോഷൂട്ട്. ഞാന്‍ വളരെ അസ്വസ്ഥയായിരുന്നു. അന്ന് ക്യാമറയുടെ മുന്നില്‍ നില്‍ക്കുന്നതും, മേക്കപ്പും, മുടി പുതിയരീതിയില്‍ കെട്ടുന്നതെല്ലാം ആദ്യമായായിരുന്നു. എന്നാല്‍ അപ്പോഴും സ്വാഭാവികമായും എന്നിലേക്ക് വന്നത് എന്റെയാ പുഞ്ചിരിയായിരുന്നു.

എല്ലാ ആദ്യാനുഭവങ്ങളും എപ്പോഴും പ്രത്യേകതയുള്ളതാകണമെന്നില്ല. ആദ്യമായി ഒരു കാറോടിക്കുന്നത്, ആദ്യത്തെ ചുംബനം, ആദ്യത്തെ ക്രഷ്, ആദ്യത്തെ ശമ്പളം, ആദ്യത്തെ ജോലി, അങ്ങനെ പലതും. നിങ്ങളുടെ ഹൃദയത്തോട് ചേര്‍ന്നുനില്‍ക്കുന്ന ആ ഓര്‍മ്മകള്‍ മുറുകെപിടിച്ച്  പുഞ്ചിരിക്കുക. അത് പങ്കിടുന്നത് മൂല്യമുള്ളതാണ് എന്ന തോന്നുന്നെങ്കില്‍ എന്നോടുംകൂടെ പറയുക. തീര്‍ച്ചയായും അവ ഞാന്‍ വായിക്കും'

കനിഹയുടെ ചിത്രത്തിന് ഒരുപാട് ആളുകളാണ് കമന്റുകളുമായെത്തിയിരിക്കുന്നത്. മിക്ക കമന്റുകളും കനിഹ ലൈക്ക് ചെയ്യുകയും, തിരിച്ച് മറുപടി കൊടുക്കുകയും ചെയ്തിട്ടുണ്ട്. നിങ്ങള്‍ വളരെ സുന്ദരിയായിരിക്കുന്നു എന്നാണ് മലയാളത്തിലെ യുവനടിയായ അഹാന ചിത്രത്തിന് കമന്റിട്ടിരിക്കുന്നത്.