വേലു നാച്ചിയാര്‍ എന്ന സീരിയലിലാണ് താന്‍ ഇനി അഭിനയിക്കുന്നതെന്ന് മുക്ത ഇൻസ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞു.

നിരവധി സിനിമകളിലൂടെ പ്രേക്ഷക പ്രിയം നേടിയ താരമാണ് മുക്ത. ഒരിടവേളയ്ക്ക് ശേഷം കൂടത്തായി എന്ന ക്രൈം ത്രില്ലർ പരമ്പരയിലൂടെ മലയാളം ടെലിവിഷൻ രംഗത്തേക്ക് ചുവടുവച്ചു. ഏറെ ശ്രദ്ധേയമായ ഡോളി എന്ന കേന്ദ്ര കഥാപാത്രത്തെയായിരുന്നു താരം അവതരിപ്പിച്ചത്. ഇപ്പോഴിതാ പുതിയ ടെലിവിഷൻ പരമ്പര പ്രഖ്യാപിച്ചിരിക്കുകയാണ് മുക്ത.

തമിഴിലാണ് താരത്തിന്റെ പുതിയ പരമ്പര. വിജയ് ടിവിയിൽ സംപ്രേക്ഷണം ചെയ്യാനിരിക്കുന്ന വേലു നാച്ചിയാർ എന്ന പരമ്പരയിലാണ് മുക്ത സുപ്രധാന വേഷത്തിലെത്തുന്നത്. വേലു നാച്ചിയാര്‍ എന്ന സീരിയലിലാണ് താന്‍ ഇനി അഭിനയിക്കുന്നതെന്ന് മുക്ത ഇൻസ്റ്റഗ്രാമില്‍ ചിത്രം പങ്കുവച്ചുകൊണ്ട് പറഞ്ഞു. എല്ലാവരുടേയും അനുഗ്രഹവും പ്രാര്‍ത്ഥനയും വേണമെന്നും താരം കുറിക്കുന്നു. മുത്താൾ നാച്ചിയാർ എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നതെന്നാണ് സൂചന.

അടുത്തിടെയാണ് കൂടത്തായി അവസാനിച്ചതിന്റെ സങ്കടവും പരമ്പരയ്ക്ക് ലഭിച്ച സ്വീകാര്യതയുടെ സന്തോഷവും വ്യക്തമാക്കി മുക്ത ലൈവിലെത്തിയിരുന്നു. തനിക്ക് സിനിമയിൽ പോലും ലഭിക്കാത്ത സ്വീകാര്യതയാണ് കൂടത്തായിയിലൂടെ ലഭിച്ചതെന്നും മുക്ത പറഞ്ഞിരുന്നു.

വിശേഷങ്ങളെല്ലാം പറഞ്ഞ് മുക്ത സോഷ്യൽ മീഡിയയിൽ സജീവമാണ്. മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമൊക്കെയായി തിളങ്ങി നിന്ന സമയത്തായിരുന്നു താരത്തിന്റെ വിവാഹം. തുടർന്നാണ് അഭിനയത്തില്‍ നിന്നും താരം ഇടവേളയെടുത്തത്. വര്‍ഷങ്ങള്‍ക്കിപ്പുറം കൂടത്തായി എന്ന പരമ്പരയിലൂടെ മികച്ച തിരിച്ചുവരവാണ് താരം നടത്തിയത്.