കൊച്ചി: ജനപ്രിയ ടെലിവിഷന്‍ പരമ്പരയാണ് ഉപ്പും മുളകും. മലയാളികള്‍ക്ക് വളരെ പ്രിയങ്കരമായ കുടുംബമാണ് ഉപ്പും മുളകിന്റെ നീലിമയുടേയും ബാലചന്ദ്രന്‍റെയും കുടുംബം. നടിയായും സഹനടിയായും വര്‍ഷങ്ങള്‍ക്ക് മുന്‍പ് മുതല്‍ സിനിമയില്‍ അഭിനയിച്ച് കൊണ്ടിരിക്കുന്ന നിഷ സാരംഗ് ആണ് പ്രേക്ഷകരുടെ പ്രിയപ്പെട്ട നീലു. പരമ്പരയില്‍ അഞ്ച് മക്കളുടെ അമ്മ വേഷമാണ് നീലു കൈകാര്യം ചെയ്യുന്നത്.

നിഷ എന്ന പേരിനേക്കാള്‍ ഏവരും നീലു എന്ന പേരിനോടാണ് ഇഷ്ടം കാണിക്കുന്നത്. ഇപ്പോള്‍ താന്‍ ചെറുപ്പത്തിലെ തന്നെ വിവാഹിതയായതിനെ കുറിച്ചും കൊച്ചുമകനെ കുറിച്ചുമൊക്കെ തുറന്നു പറയുകയാണ് നിഷ. ബിഹേന്‍റ് വുഡ് ചാനലിന് നല്‍കിയ അഭിമുഖത്തില്‍ താരം തന്റെ മനസ് തുറന്നത്. മൂത്തമകളുടെ മകനായ റയാനെക്കുറിച്ചാണ് നീലു വാചാലയായത്.

"റയാന്‍ ഭയങ്കര വികൃതിയാണ്, ഒരു രക്ഷയുമില്ല. അവനെപ്പോഴും ബിസിയാണ്. ജോലി കഴിഞ്ഞ് പോയാലും തനിക്ക് പെട്ടെന്ന് കിടക്കാനൊക്കില്ല. അവന്‍ കിടക്കുമ്പോള്‍ ഒരു നേരമാവും. സെറ്റില്‍ 6 പേരെ നയിക്കണം. വീട്ടിലെത്തിയാല്‍ റയാന് പുറകെ നടക്കണം. 5 മക്കളേയും ഭര്‍ത്താവിനേയും നോക്കുന്നതിന് ശമ്പളമുണ്ട്. അതുകൊണ്ട് അക്കാര്യത്തില്‍ വലിയ വിഷമമൊന്നുമില്ല.

8-ാം ക്ലാസില്‍ പഠിക്കുമ്പോള്‍ മുതല്‍ വിവാഹാലോചനകള്‍ വന്നിരുന്നു. 10-ാം ക്ലാസ് കഴിഞ്ഞ ഉടനെയായിരുന്നു വിവാഹം. അത് നന്നായി, അതുകൊണ്ട് ഈ പ്രായത്തില്‍ അമ്മൂമ്മയായി, ആരോഗ്യമുള്ള അമ്മൂമ്മയായി നടക്കാന്‍ പറ്റുന്നുണ്ട്. വയസ്സായ സമയത്തായിരുന്നുവെങ്കില്‍ കൊച്ചുമക്കളെ എടുക്കാന്‍ പോലും പറ്റില്ലല്ലോ.''  - നിഷ പറയുന്നു.

പ്രേക്ഷകരുടെ വലിയൊരു സംശയത്തിനും നിഷ ഉത്തരം നല്‍കുന്നുണ്ട് - ഉപ്പും മുളകിലേക്ക് ലച്ചു തിരിച്ച് വരുമോയെന്ന് നിഷ സാരംഗിനോട് ചോദിച്ചപ്പോള്‍ കല്യാണം കഴിപ്പിച്ച് വിട്ട കുട്ടി ഇടയ്‌ക്കെങ്കിലും സ്വന്തം വീട്ടിലേക്ക് തിരിച്ച് വരാതിരിക്കില്ലല്ലോയെന്നായിരുന്നു താരത്തിന്റെ ചോദ്യം. അമ്മയോട് ചോദിച്ചാല്‍ ഇതിന് കൃത്യമായ മറുപടി ലഭിക്കുമല്ലോയെന്ന് അവതാരക പറയുമ്പോള്‍ നിഷ സാരംഗ് മൗനത്തിലായിരുന്നു.