ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് ഒപ്പമുള്ള ഫോട്ടോ റോബിൻ സോഷ്യലിടത്ത് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വലിയ സൈബർ ആക്രമണങ്ങളും റോബിന് നേരെ നടന്നു.
ബിഗ് ബോസ് മലയാളത്തിലൂടെ മലയാളികൾക്ക് ഏറെ സുപരിചിതനായ വ്യക്തിയാണ് ഡോ. റോബിൻ രാധാകൃഷ്ണൻ. സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ റോബിന്റെ പോസ്റ്റുകൾ പലപ്പോഴും വൈറലായി മാറാറുണ്ട്. അത്തരത്തിൽ കഴിഞ്ഞ ദിവസം റോബിൻ പങ്കുവച്ച വീഡിയോ ഇപ്പോൾ ചർച്ചാ വിഷയം ആയിരിക്കുകയാണ്. താനൊരു ബിജെപി അനുഭാവിയാണെന്ന് പറഞ്ഞു കൊണ്ടുള്ളതായിരുന്നു വീഡിയോ. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖരന് ഒപ്പമുള്ള ഫോട്ടോ റോബിൻ സോഷ്യലിടത്ത് പങ്കുവച്ചിരുന്നു. ഇതിന് പിന്നാലെ വലിയ സൈബർ ആക്രമണങ്ങളും നടന്നു. ഇതോടെയാണ് വെളിപ്പെടുത്തലുമായി റോബിൻ രംഗത്ത് എത്തിയത്.
റോബിന്റെ വീഡിയോയ്ക്ക് താഴെ അൺഫോളോ കമന്റുകളാണ് ധാരാളമായി വരുന്നത്. ഇവരിൽ ഭൂരിഭാഗവും ബിഗ് ബോസിലൂടെ റോബിന്റെ ആരാധകരായി മാറിയവരാണ്. ഇത് ബിഗ് ബോസ് അല്ലെന്നും കേരളമാണെന്നും പറഞ്ഞ ഇവർ അൺഫോളോ ചെയ്യുന്നുവെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. "2022 മുതൽ ബ്രോയെ ഫോളോ ചെയ്യുന്ന ആളാണ് ഞാൻ. പക്ഷേ ഇപ്പോൾ അൺഫോളോ ചെയ്യുന്നു, ഇത് കേരളമാണ് ബിഗ് ബോസ് അല്ല, അണ്ണനൊപ്പം അവരുണ്ട്, പക്ഷേ ഞാനില്ല ! അൺഫോളോ", എന്നെല്ലാമാണ് കമന്റുകൾ.
റോബിൻ രാധകൃഷ്ണന്റെ വാക്കുകൾ
ഞാൻ ആരെ സപ്പോർട്ട് ചെയ്യണം എന്നത് എന്റെ വ്യക്തിപരമായ കാര്യങ്ങളാണ്. ഈ നിമിഷം വരെ ബിജെപിയിൽ എനിക്ക് അംഗത്വം പോലുമില്ല. പക്ഷേ എനിക്ക് ബിജെപിയെ ഇഷ്ടമാണ്. എനിക്ക് നരേന്ദ്ര മോദി സാറിനെ ഇഷ്ടമാണ്. ലോകത്തിലെ ഏറ്റവും പവർഫുള്ളായ മനുഷ്യനാണ് അദ്ദേഹം. ഭയങ്കര ഇഷ്ടമാണ്. പ്രചോദനമാണ് അദ്ദേഹം. അതുകൊണ്ട് ബിജെപി എന്ന പാർട്ടിയേയും എനിക്ക് ഇഷ്ടമാണ്. അതിൽ എന്തെങ്കിലും പ്രശ്നമുണ്ടോ. അഭിമാനത്തോടെ തന്നെ പറയും ഞാനൊരു സംഘിയാണ്. ഞാൻ ഒരിക്കലും നിങ്ങളുടെ ഇഷ്ടങ്ങളെ ചോദ്യം ചെയ്യാൻ വരുന്നില്ല. ബിജെപി എന്ന് പറഞ്ഞാൽ എല്ലാവർക്കും ഒരു പുച്ഛമാണ്. ഇത്രയും പുച്ഛിക്കാൻ എന്താണിരിക്കുന്നത്. നിങ്ങൾക്ക് പേടിയാണ്. ബിജെപി കേരളം ഭരിച്ചാലോ എന്ന പേടി. അങ്ങനെ ഒരു ദിവസം വരും. അധികം താമസിക്കാതെ വരും. അതിനുള്ള എല്ലാ സാഹചര്യവും നിങ്ങൾ തന്നെ ഒരുക്കുന്നുണ്ട്. പലരും ഭീഷണി പെടുത്തുന്നുണ്ട്. എനിക്ക് പഴയൊരു കാലഘട്ടം ഉണ്ടായിരുന്നു. ഇപ്പോൾ നന്നായി ജീവിക്കുന്നുവെന്നെ ഉള്ളൂ. ഒരു ഫോട്ടോ ഇട്ടതിനാണോ നിങ്ങളിങ്ങനെ ചെയ്യുന്നത്.



