കൊവിഡ് പശ്ചാത്തലത്തില്‍ മാസങ്ങളോളം മുടങ്ങിക്കിടന്ന സിനിമാ ചിത്രീകരണങ്ങള്‍ കര്‍ശനമായ നിബന്ധനകളോടെയാണ് ഇപ്പോള്‍ പുനരാരംഭിച്ചിരിക്കുന്നത്. ഇതിന്‍റെ ഭാഗമായി ചിത്രീകരണത്തില്‍ പങ്കെടുക്കുന്നവരുടെ കൊവിഡ് പരിശോധന മുന്‍കൂട്ടി പൂര്‍ത്തിയാക്കേണ്ടതുണ്ട്. ഇത്തരത്തില്‍ തനിക്ക് പരിശോധന നടത്തിയതിന്‍റെ വീഡിയോ പങ്കുവച്ചിരിക്കുകയാണ് നടി പായല്‍ രാജ്‍പുത്. സ്വാബ് ടെസ്റ്റ് ആണ് നടിക്ക് നടത്തിയത്. അഞ്ച് സെക്കന്‍ഡ് നേരം കൊണ്ട് മൂക്കിനുള്ളില്‍ നിന്നാണ് സ്രവം പരിശോധനയ്ക്കായി എടുക്കുന്നത്. ഇത് തന്നെ ഭയപ്പെടുത്തിയെന്നും നടി പറയുന്നു.

പരിശോധനയ്ക്കായി സാമ്പിള്‍ എടുക്കുന്നതിനിടെ പരിഭ്രമിച്ച് നിലവിളിക്കുന്ന തന്‍റെ വീഡിയോ പായല്‍ തന്നെയാണ് ഇന്‍സ്റ്റഗ്രാമിലൂടെ പുറത്തുവിട്ടത്. അതേസമയം പരിശോധനാഫലം നെഗറ്റീവ് ആയിരുന്നെന്നും ഇതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്നും അവര്‍ കുറിച്ചു.

ഹിന്ദി ടെലിവിഷന്‍ സീരിയലുകളിലൂടെ അഭിനയരംഗത്തേക്ക് എത്തിയ പായല്‍ രാജ്‍പുത്ത് ആദ്യം അഭിനയിച്ച സിനിമ 2013ല്‍ പുറത്തെത്തിയ തമിഴ് ചിത്രം ഇരുവര്‍ ഉള്ളം ആണ്. പിന്നീട് പഞ്ചാബി, ഹിന്ദി, തെലുങ്ക് സിനിമകളില്‍ ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിച്ചു. തെലുങ്ക് ചിത്രം ആര്‍എക്സ് 100, പഞ്ചാബി ചിത്രം ചന്ന മേരെയാ എന്നിവയാണ് ഏറ്റവും ശ്രദ്ധിക്കപ്പെട്ടത്.