ഒരുപാട് കാലമായി മലയാളം മിനിസ്‌ക്രീനിലും ബിഗ് സ്‌ക്രീനിലുമായി തിളങ്ങുന്ന താരമാണ് പ്രവീണ. നടിയും സഹനടിയുമായാണ് താരം അഭിനയരംഗത്തേക്ക് എത്തുന്നത്. സിനിമയില്‍ വന്നകാലത്ത് നല്ല സിനിമകള്‍ എങ്ങനെ തിരഞ്ഞെടുക്കണമെന്ന് മമ്മൂക്കയാണ് പറഞ്ഞുതന്നത് എന്നുപറഞ്ഞ പ്രവീണയുടെ അഭിമുഖം അടുത്തിടെ വൈറലായിരുന്നു. ഒരുപാട് മെഗാ സീരിയലുകളുടെ ഭാഗമായ പ്രവീണ, മലയാളത്തിലും തമിഴിലും നിറസാനിദ്ധ്യമാണിപ്പോള്‍.

കഴിഞ്ഞദിവസം പ്രവീണ പങ്കുവച്ച ചിത്രമാണിപ്പോള്‍ ആരാധകര്‍ ഏറ്റെടുത്തിരിക്കുന്നത്. കളിയൂഞ്ഞാല്‍ എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍ മമ്മൂട്ടിയോടൊപ്പവും മറ്റുമുള്ള ചിത്രം താരം പങ്കുവച്ചത് സോഷ്യല്‍മീഡിയയില്‍ വൈറലായിരുന്നു. അതിനുശേഷമാണ്, കഴിഞ്ഞദിവസം എക്കാലത്തേയും ഹിറ്റായ മമ്മൂട്ടി ചിത്രം ഒരാള്‍ മാത്രം എന്ന ചിത്രത്തിന്റെ ലൊക്കേഷന്‍ ചിത്രങ്ങള്‍ പ്രവീണ പങ്കുവച്ചത്.  'ഒരാള്‍മാത്രം സിനിമാ ലൊക്കേഷനിലെ ചില ചിത്രങ്ങള്‍, സന്തോഷംനിറഞ്ഞ ഷൂട്ടിംഗ് ദിനങ്ങള്‍ ഓര്‍മ്മ വരുന്നു. കാലം ഏറെ കഴിഞ്ഞെങ്കിലും, എല്ലാം ഇന്നലെ കഴിഞ്ഞപോലെ മനസ്സിലുണ്ട്' എന്നുപറഞ്ഞാണ് പ്രവീണ ചിത്രം പങ്കുവച്ചിരിക്കുന്നത്.

എക്കാലത്തേയും മികച്ച വൈകാരിക ചിത്രങ്ങളുടെ കണക്കെടുത്താല്‍ ഒരുതൂക്കം മുന്നില്‍നില്‍ക്കുന്ന ചിത്രമാണ് മമ്മൂട്ടിയെ നായകനാക്കി, 1997ല്‍ സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത ഒരാള്‍ മാത്രം. അച്ഛന്റെ തിരോധാനത്തിനുശേഷം അച്ഛന്‍ മടങ്ങിവരുന്നതുംകാത്തിരിക്കുന്ന പെണ്‍കുട്ടികളുടേയും, അയല്‍വീട്ടില്‍ താമസിക്കാനെത്തി അച്ഛനില്ലാത്ത പെണ്‍കുട്ടികളുടെ അത്താണിയായി മാറിയ ഒരാളുടേയും കഥയാണ് ചിത്രം പറയുന്നത്. അതിന്റെ അണിയറയിലെ ചിത്രങ്ങളാണ് പ്രവീണ പങ്കുവച്ചിരിക്കുന്നത്. ചിത്രത്തിലെ പ്രധാനവേഷങ്ങള്‍ കൈകാര്യം ചെയ്ത തിലകന്‍, കാവ്യാ മാധവന്‍, ഒടുവില്‍ ഉണ്ണികൃഷ്ണന്‍, മാമ്മൂക്കോയ, ശ്രുതി (ഭാനുപ്രിയ) തുടങ്ങിയവരും, സംവിധായകനായ സത്യന്‍ അന്തിക്കാടിനേയും പങ്കുവച്ച ചിത്രങ്ങളില്‍ കാണാം.