ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ എപ്പോഴും ശ്രദ്ധ പുലർത്തുന്നയാളാണ് സംയുക്ത വർമ്മ.
മലയാളികള്‍ക്ക് മറക്കാനാകാത്ത നായിക വേഷങ്ങള്‍ ചെയ്ത നിരവധി താരങ്ങളുണ്ട് മലയാളസിനിമയില്‍. അതിലൊരാള്‍ സംയുക്ത വര്‍മ്മയാണ്(samyuktha varma) എന്ന് പറഞ്ഞാല്‍ തര്‍ക്കമുണ്ടാകില്ല. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത വീണ്ടും ചില വീട്ടുകാര്യങ്ങള്‍ എന്ന ചിത്രത്തിലൂടെ അഭിനയരംഗത്ത് ഹരിശ്രീ കുറിച്ച സംയുക്ത, അതേ ചിത്രത്തിലൂടെ തന്നെ മികച്ച നടിക്കുള്ള സംസ്ഥാന പുരസ്കാരം സ്വന്തമാക്കി. തുടര്‍ന്ന് പതിനഞ്ചോളം ചിത്രങ്ങള്‍ മാത്രമാണ് അഭിനയിച്ചതെങ്കിലും തൊട്ടതെല്ലാം പൊന്നാക്കിയായിരുന്നു താരം അഭിനയം നിര്‍ത്തിവച്ചത്. യോഗാ പഠനവും അഭ്യസിപ്പിക്കലുമൊക്കെയായി ഇപ്പോള്‍ സജീവമാണ് താരം. ഇപ്പോഴിതാ വിന്യാസ യോഗ പൂർത്തീകരിച്ചതിന്റെ സർട്ടിഫിക്കറ്റ് പങ്കുവച്ചിരിക്കുകയാണ് നടി.
മൈസൂർ ഹെൽത് യോഗ കേന്ദ്രയുടെ അഷ്ടാംഗ യോഗ ടീച്ചേഴ്സ് ട്രെയ്നിങ് ലെവൽ(200 hrs) സർട്ടിഫിക്കറ്റാണ് സംയുക്തക്ക് ലഭിച്ചത്. പ്രത്യേക തരത്തിലുള്ള ഊർജ്ജം നൽകുന്ന ഒരു പരിശീലനമാണ് വിന്യാസയെന്നും, മസ്കുലൈൻ എനർജി എന്താണെന്ന് താൻ അനുഭവിച്ചറിഞ്ഞെന്നും സംയുക്ത പറയുന്നു. യോഗാഗുരു പ്രവീണിനു നന്ദി പറഞ്ഞുകൊണ്ട്, ഇത് തനിക്ക് വളരെ ബുദ്ധിമുട്ടായിരുന്നെന്നും, നിങ്ങളില്ലാതെ ഞാനത് ഒരിക്കലും ചെയ്യുമായിരുന്നില്ലെന്നും സംയുക്ത കുറിച്ചു.
ഫിറ്റ്നസ് സൂക്ഷിക്കുന്നതിൽ എപ്പോഴും ശ്രദ്ധ പുലർത്തുന്നയാളാണ് സംയുക്ത വർമ്മ. യോഗ അഭ്യസിക്കുന്ന വിഡിയോകൾ താരം സമൂഹമാധ്യമത്തിലൂടെ ആരാധകർക്കായി പങ്കുവയ്ക്കാറുമുണ്ട്. എല്ലാ സ്ത്രീകളും യോഗ അഭ്യസിക്കണമെന്നാണ് തന്റെ ആഗ്രഹമെന്ന് കഴിഞ്ഞ വനിതാ ദിനത്തിൽ സംയുക്ത കുറിച്ചിരുന്നു.
