ശ്വേതയുടെ സുഹൃത്തും സഹപ്രവർത്തകയുമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി.

ലയാളികളുടെ പ്രിയ നായികയാണ് ശ്വേത മേനോന്‍(Shwetha Menon). മോഡലിങ്ങിലൂടെ സിനിമയിൽ എത്തിയ താരം ഹിന്ദി ഉൾപ്പടെയുള്ള ചിത്രങ്ങളിൽ വേഷമിട്ട്, മലയാളത്തിന് ഒഴിച്ചുകൂടാനാകാത്ത പ്രിയനടിയായി മാറി. ശ്വേതയുടെ സുഹൃത്തും സഹപ്രവർത്തകയുമാണ് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പഴയ സഹപ്രവര്‍ത്തകയെ കണ്ടുമുട്ടിയ അനുഭവം പങ്കുവെക്കുകയാണ് ശ്വേത ഇപ്പോള്‍. കാൻചാനൽ മീഡിയയോടായിരുന്നു ശ്വേതയുടെ പ്രതികരണം. 

ശ്വേത മേനോന്‍റെ വാക്കുകൾ

മുംബയില്‍ നിന്ന് തിരുവനന്തപുരത്തേയ്ക്കുള്ള ഫ്‌ളൈറ്റ് വൈകിട്ട് അഞ്ചരയ്ക്കായിരുന്നു. എയര്‍പോര്‍ട്ടില്‍ പതിവിലും നേരത്തെയെത്തി. ലോഞ്ചില്‍വച്ചാണ് അടുത്ത ബുക്ക്‌സ്റ്റാളില്‍ പുസ്തകങ്ങള്‍ തിരയുകയായിരുന്ന ആ സ്ത്രീയെ കണ്ടത്. നല്ല പരിചയമുഖം. പെട്ടെന്ന് ആളെ തിരിച്ചറിഞ്ഞു. പരിസരംപോലും മറന്ന് ഞാന്‍ നീട്ടിവിളിച്ചു. ഹായ് സ്മൃതി. പെട്ടെന്ന് അവര്‍ക്ക് ചുറ്റുമുണ്ടായിരുന്ന ചിലര്‍ എന്നെ തുറിച്ചുനോക്കി. അബദ്ധം പറ്റിയെന്ന് അപ്പോഴാണ് എനിക്ക് മനസ്സിലായത്. അവരിന്ന് എന്റെ പഴയ സഹപ്രവര്‍ത്തകയല്ല, കേന്ദ്രമന്ത്രിയാണ്- സ്മൃതി ഇറാനി. അവരുടെ പേഴ്‌സണല്‍ സെക്യൂരിറ്റി ഓഫീസേഴ്‌സാണ് തുറിച്ച കണ്ണുകളുമായി നില്‍ക്കുന്നത്. അധികാരത്തോടെയുള്ള എന്റെ വിളി കേട്ടതുകൊണ്ടാവാം സ്മൃതിയും എന്നെ നോക്കിയത്. ഞാനെന്റെ മാസ്‌ക്ക് പതിയെ താഴ്ത്തി. സ്മൃതി വേഗത്തില്‍ എന്നെ തിരിച്ചറിഞ്ഞു. ഹായ് ശ്വേത എന്ന് അഭിസംബോധന ചെയ്തു. ഞാന്‍ അവരുടെ അടുക്കലെത്തി. ഇത്തവണ ഒരല്‍പ്പം ഭയം കലര്‍ന്ന ബഹുമാനത്തോടെയാണ് ഞാന്‍ പെരുമാറിയത്. മുമ്പ് ഫോട്ടോ എടുക്കുന്ന ശീലം എനിക്ക് ഉണ്ടായിരുന്നില്ല. കുശലം പറഞ്ഞ് നില്‍ക്കുന്നതിനിടെ സ്മൃതിയോട് ഒരു ഫോട്ടോ എടുക്കട്ടെയെന്ന് ചോദിച്ചു. അവര്‍ സ്‌നേഹത്തോടെ എന്നെ ചേര്‍ത്തുനിര്‍ത്തി. ഞാന്‍ സെല്‍ഫി എടുത്തു. പെട്ടെന്നുതന്നെ യാത്ര പറഞ്ഞ് മടങ്ങുകയും ചെയ്തു.

കുറേ വര്‍ഷങ്ങള്‍ക്ക് മുമ്പാണ്. കൃത്യമായി ഓര്‍മ്മയില്ല. ഞാനൊരു ടെലിവിഷന്‍ ഷോയുടെ അവതാരകയാകാനുള്ള തയ്യാറെടുപ്പുകളിലായിരുന്നു. ആ സമയത്താണ് ഒരു ഹിന്ദി സിനിമയിലേയ്ക്ക് കാസ്റ്റ് ചെയ്യപ്പെടുന്നത്. അതോടെ ഷോ ഉപേക്ഷിച്ചു. എനിക്ക് പകരക്കാരിയായി അവര്‍ കണ്ടെത്തിയ പുതുമുഖമായിരുന്നു സ്മൃതി ഇറാനി. ഇപ്പോള്‍ ഇന്ത്യയുടെ ഭരണചക്രം തിരിക്കുന്ന സമര്‍ത്ഥയായ ഭരണാധികാരികളില്‍ ഒരാള്‍. അഭിമാനം തോന്നുന്നു. ഇനിയും അവര്‍ക്ക് ഒത്തിരി ദൂരം മുന്നോട്ട് പോകാനുള്ള ശക്തി ഈശ്വരന്‍ നല്‍കട്ടെ.

ചെലവ് നാല് ലക്ഷം; 'വീരരാഘവൻ' ലുക്കിൽ വിജയ് പ്രതിമ

തെന്നിന്ത്യൻ സിനിമാ പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന വിജയ് ചിത്രം ബീസ്റ്റ്(Beast movie) തിയറ്ററുകളിൽ എത്തി കഴിഞ്ഞു. നെൽസൺ ദിലീപ് കുമാർ സംവിധാനം ചെയ്ത ചിത്രത്തിന് സമ്മിശ്ര പ്രതികരണമാണ് ലഭിക്കുന്നത്. വിജയുടെ ഏറ്റവും വലിയ ബ്ലോക്ക് ബസ്റ്ററായിരിക്കും ബീസ്റ്റ് എന്ന പ്രതികരണവുമായി ആദ്യ ഷോ കണ്ടിടറങ്ങിയ ചില പ്രേഷക‍ർ രം​ഗത്തെത്തുമ്പോഴും ചിത്രം നിരാശപ്പെടുത്തിയെന്നാണ് മറ്റൊരു വിഭാ​ഗം പ്രതികരിക്കുന്നു. വിജയ് ആരാധകർ ബീസ്റ്റ് ആഘോഷമാക്കുന്നതിനിടെ നടന്റെ പ്രതിമ നിർമ്മിച്ചിരിക്കുകയാണ് തമിഴ്നാട്ടിലെ ഒരു കമ്പനി. 

തമിഴ്നാട്ടിലെ ഈറോഡ് ജില്ലയിലെ ഒരു ഇലക്ട്രോണിക് കമ്പനിയാണ് വിജയ് പ്രതിമ നിർമ്മിച്ചിരിക്കുന്നത്. 'ബീസ്റ്റ്' ലുക്കിലാണ് പ്രതിമ ഉള്ളത്. നാല് ലക്ഷത്തോളം രൂപയാണ് പ്രതിമയുടെ നിർമ്മാണ ചെലവെന്ന് ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു.