ഏഷ്യാനെറ്റിൽ ഏറെ പ്രേക്ഷകപ്രീതി നേടി മുന്നോട്ടു പോകുന്ന പരമ്പരയാണ് 'അമ്മയറിയാതെ'. പരമ്പരയിൽ 'അലീന പീറ്റർ' എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നത് മറുഭാഷാ നടിയായ ശ്രീതു കൃഷ്ണനാണ്. കഴിഞ്ഞ ദിവസം പ്രേക്ഷകരുമായി നേരിട്ട് സംവദിക്കാന്‍ ശ്രീതു എത്തി. ഏഷ്യാനെറ്റ് ഫേസ്ബുക്ക് പേജിലെ 'ഡിന്നര്‍ ടോക്സി'ലാണ് താരം എത്തിയത്. സൗന്ദര്യ രഹസ്യത്തെക്കുറിച്ചും ഇഷ്ട ഭക്ഷണത്തെക്കുറിച്ചുമൊക്കെ ആരാധകര്‍ ചോദിച്ചു. അതിനൊക്കെ ശ്രീതു മറുപടിയും പറഞ്ഞു. 

സൗന്ദര്യ പരിചരണത്തില്‍ താന്‍ സ്ഥിരമായി ആശ്രയിക്കുന്ന ഒന്ന് കറ്റാര്‍വാഴയാണെന്നായിരുന്നു ശ്രീതുവിന്‍റെ മറുപടി. കേരള ഭക്ഷണം ഇഷ്ടമാണോ എന്ന ചോദ്യത്തിന് ഏറെ ഇഷ്ടമാണെന്നായിരുന്നു മറുപടി. സാമ്പാനും കേരള സ്റ്റൈല്‍ മീന്‍ കറിയും കപ്പയുമൊക്കെ തന്‍റെ പ്രിയ വിഭവങ്ങളാണെന്നും അവര്‍ പറഞ്ഞു. ഇഷ്ട നായകന്‍ ആരെന്ന ചോദ്യത്തിന് സൂര്യയാണെന്നായിരുന്നു മറുപടി. 

ശ്രീതു ആദ്യമായി മലയാളത്തിൽ അഭിനയിക്കുന്ന പരമ്പരയാണ് 'അമ്മയറിയാതെ'. എറണാകുളത്താണ് ജനിച്ചതെങ്കിലും വളര്‍ന്നത് കുടുംബത്തോടൊപ്പം ചെന്നൈയിലായിരുന്നു. 12 വയസുമുതൽ തമിഴ് സീരിയൽ രംഗത്ത് സജീവമായിരുന്നു ശ്രീതു കൃഷ്ണന്‍. നര്‍ത്തകി കൂടിയായ ശ്രീതു തമിഴ് ചാനലുകളിൽ നിരവധി റിയാലിറ്റി ഷോകളിലും പങ്കെടുത്തിട്ടുണ്ട്. നിരവധി തമിഴ് സീരിയലുകളിലും 10 എണ്‍ട്രതുക്കുള്ള, റംഗൂൺ, ഇരുട്ട് അറയിൽ മുരട്ട് കുത്ത് എന്നീ സിനിമകളിലും ശ്രീതു ചെറിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.  പ്രദീപ് പണിക്കരുടെ തിരക്കഥയില്‍ പ്രവീണ്‍ കടയ്ക്കാവൂരാണ് അമ്മയറിയാതെ സംവിധാനം ചെയ്യുന്നത്.