പലപ്പോഴായി വാര്‍ത്തകളില്‍ ഇടംനേടിയിട്ടുള്ള മിനിസ്‌ക്രീന്‍ താര ദമ്പതികളാണ് അമ്പിളീദേവിയും ആദിത്യനും. സീരിയല്‍ പ്രേമികള്‍ക്ക് ഏറെ പ്രിയങ്കരരായ ഇരുവരുടെയും വിവാഹം മുതല്‍ കുട്ടിയുടെ ജനനം വരെ വാര്‍ത്തയായി. ഇപ്പോഴിതാ ഒരുമിച്ചുള്ള ജീവിതം ആരംഭിച്ചിട്ട് പത്ത് മാസങ്ങള്‍ പിന്നിടുന്നതിന്റെ സന്തോഷം പങ്കുവച്ചിരിക്കുകയാണ് ആദിത്യന്‍. 'ഇന്നേക്ക് പത്ത് മാസം തികയുന്നു. ജനുവരി 25ന് ആയിരുന്നല്ലോ തുടക്കം. ഈശ്വരന് മാത്രം നന്ദി', കുടുംബചിത്രങ്ങളോടൊപ്പം ആദിത്യന്‍ ഫേസ്ബുക്കില്‍ കുറിച്ചു.

സീത എന്ന സീരിയലില്‍ ദമ്പതികളായി അഭിനയിച്ചുകൊണ്ടിരിക്കവേയായിരുന്നു അമ്പിളിയും ആദിത്യനും വിവാഹിതരായത്. വിവാഹ ശേഷമുളള ഇരുവരുടെയും ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയ ആഘോഷമാക്കിയിരുന്നു. ജീവിതത്തിലെ ഓരോ സന്തോഷങ്ങളും ഇരുവരും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇക്കഴിഞ്ഞ 20നാണ് തങ്ങള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്ന വിവരം ആദിത്യന്‍ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവച്ചത്. ആശംസകളും അനുഗ്രഹങ്ങളുമായി നിരവധിപേരാണ് ആ പോസ്റ്റിന് താഴെ എത്തിയത്.

ഗര്‍ഭിണിയായ ശേഷം പൂര്‍ണമായും അഭിനയ രംഗത്തുനിന്ന് മാറി നില്‍ക്കുകയായിരുന്നു അമ്പിളി. ഇടവേളയെടുക്കുന്ന വിവരം അവര്‍ ആരാധകരോട് നേരത്തേ പങ്കുവച്ചിരുന്നു. അമ്പിളീദേവിയുടെ രണ്ടാംവിവാഹമായിരുന്നു ഇത്.