എന്റെ മാനസപുത്രി, സ്വാമി അയ്യപ്പന്‍, താലോലം, അഗ്നിപുത്രി തുടങ്ങിയ നിരവധി പരമ്പരകളിലൂടെ മലയാളിക്ക് പ്രിയങ്കരനായ ഷിജു മിനി സ്ക്രീനിലേക്ക് തിരിച്ചുവരവിനൊരുങ്ങുന്നു. നീയും ഞാനും എന്ന പരമ്പരയിലൂടെയാണ് ഷിജു മിനി സ്‌ക്രീനിലേക്ക് തിരിച്ചെത്തുന്നത്.  മിനി സ്‌ക്രീനിലേക്കുള്ള ആക്ഷന്‍ മടങ്ങിവരവിനാണ് ഷിജു ഒരുങ്ങുന്നത്. 

ഫെബ്രുവരി ആദ്യ വാരം മുതല്‍ പരമ്പര സംപ്രേക്ഷണം ചെയ്തു തുടങ്ങും.  ഷിജു രവിവര്‍മനെന്ന കേന്ദ്രകഥാപാത്രത്തെയാണ് അവതരിപ്പിക്കുന്നത്. ഏറെ നാളത്തെ ഇടവേളയ്ക്കു ശേഷമാണ് ഷിജുവിന്റെ മിനി സ്‌ക്രീനിലേക്കുള്ള തിരിച്ചുവരവ് കൂടിയാകും 'നീയും ഞാനും'

സ്വാമി അയ്യപ്പന്‍ പരമ്പരയിലൂടെ മലയാളിയുടെ വിരുന്നുമുറികളില്‍ ഷിജു ഇന്നും പ്രിയങ്കരനായി തുടരുകയാണ്.  2016ല്‍ ജാഗ്രത എന്ന പരമ്പരയിലാണ്  ഷിജു അവസാനമായെത്തിയത്. എന്നാല്‍ ഏഷ്യാനെറ്റിലെ സ്വാമി അയ്യപ്പന്‍ പരമ്പര പുനസംപ്രേക്ഷണം ചെയ്യുന്നതിനാല്‍ മലയാളിക്ക് ഷിജുവിന്റെ ഇടവേളയെടുത്തുവെന്ന് പറയാനും കഴിയില്ല.

മഴവില്‍ക്കൂടാരം, ഇഷ്ടമാണ് നൂറുവട്ടം, കാലചക്രം, സിദ്ധാര്‍ത്ഥ, വാചാലം തുടങ്ങിയ സിനിമകളിലൂടെ മലയാളത്തില്‍ ചുവടുറപ്പിച്ച ഷിജുവിനെ പിന്നീട് മലയാളികള്‍ കാണുന്നത് 2010ലെ കാര്യസ്ഥന്‍, 2013ലെ മമ്മൂട്ടി ചിത്രമായ കമ്മത്ത് ആന്‍ഡ് കമ്മത്ത് എന്നിവയിലൂടെയാണ്. സൗണ്ട് തോമ, കസിന്‍സ്, ഒരു പഴയ ബോംബ് കഥ, പാവ, ജമ്‌നാപ്യാരി തുടങ്ങിയ ചിത്രങ്ങളിലും ഷിജു വേഷമിട്ടിരുന്നു.