'ജോമോന്റെ സുവിശേഷങ്ങള്‍' എന്ന, ദുല്‍ഖര്‍ സല്‍മാന്‍ നായകനായ സത്യന്‍ അന്തിക്കാട് ചിത്രത്തിലൂടെ മലയാളി പ്രേക്ഷകരുടെ പ്രിയം പിടിച്ചുപറ്റിയ തമിഴ് അഭിനേത്രിയാണ് ഐശ്വര്യ രാജേഷ്. നിവിന്‍ പോളിയെ നായകനാക്കി സിദ്ധാര്‍ഥ ശിവ സംവിധാനം ചെയ്ത 'സഖാവ്' എന്ന ചിത്രത്തിലും അവര്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചിട്ടുണ്ട്. 'കാക്കമുട്ടൈ', 'കനാ' എന്നീ ചിത്രങ്ങളിലെ പ്രകടനങ്ങളിലൂടെ തമിഴകത്ത് നേരത്തേ ശ്രദ്ധേയയാണ് ഐശ്വര്യ. ഐശ്വര്യയുടെ പ്രണയവും 'ഈ വര്‍ഷം നടക്കാനിരിക്കുന്ന' വിവാഹവുമൊക്കെ കുറച്ചുദിവസങ്ങളായി തമിഴ് മാധ്യമങ്ങളിലും സോഷ്യല്‍ മീഡിയയിലുമൊക്കെ വാര്‍ത്തകള്‍ പ്രചരിക്കുന്നുണ്ട്. ഒരു സഹതാരവുമായി പ്രണയത്തിലാണ് ഐശ്വര്യ എന്നാണ് പ്രചാരണം. ഇക്കാര്യത്തില്‍ തന്റെ പ്രതികരണം അറിയിക്കുകയാണ് ഐശ്വര്യ രാജേഷ്. ട്വിറ്ററിലൂടെയാണ് താരത്തിന്റെ പ്രതികരണം.

നടക്കുന്നതെല്ലാം വ്യാജ പ്രചാരണങ്ങളാണെന്നും അത്തരം കാര്യങ്ങള്‍ പ്രചരിപ്പിക്കരുതെന്നും ഐശ്വര്യ ട്വിറ്ററില്‍ കുറിച്ചു. 'എന്റെ പ്രണയത്തെക്കുറിച്ചുള്ള പ്രചരണങ്ങള്‍ കുറച്ചുകാലമായി കേള്‍ക്കുന്നു. എനിക്കൊപ്പം ചേര്‍ത്ത് പറയുന്നയാളുടെ പേരെങ്കിലും എന്നോട് പറയൂ. അറിയാന്‍ ആഗ്രഹമുണ്ട്. ഇത്തരത്തിലുള്ള വ്യാജ പ്രചാരണങ്ങളെ തടയണം. അത്തരത്തില്‍ എന്തെങ്കിലുമുണ്ടെങ്കില്‍ നിങ്ങളെ അത് ആദ്യം അറിയിക്കുക ഞാന്‍ തന്നെയാവും. ഇപ്പോഴും സിംഗിള്‍ ആണ്, സന്തോഷവതിയുമാണ്', ഐശ്വര്യ കുറിച്ചു.

ഗൗതം മേനോന്റെ 'ധ്രുവ നച്ചത്തിരം', രതീന്ദ്രന്‍ ആര്‍ പ്രസാദിന്റെ 'ഇത് വേതാളം സൊല്ലും കഥൈ' തുടങ്ങി ഐശ്വര്യയുടേതായി ഈ വര്‍ഷം തീയേറ്ററുകളില്‍ ഒട്ടേറെ ചിത്രങ്ങള്‍ എത്തുന്നുണ്ട്.