Asianet News MalayalamAsianet News Malayalam

ദേശീയ പതാകയേന്തി അജിത്ത് കുമാര്‍; ബിഎസ്എഫ് സൈനികര്‍ക്കൊപ്പം വാഗ അതിര്‍ത്തിയില്‍

തന്‍റെ ബിഎംഡബ്ല്യു ബൈക്കില്‍ ഒരു ലോകപര്യടനത്തിനുള്ള ആലോചനയിലുമാണ് അദ്ദേഹം.

ajith kumar spotted at wagah border with bsf soldiers viral pics
Author
Thiruvananthapuram, First Published Oct 19, 2021, 10:59 PM IST

തിരക്കിട്ട സിനിമാ ജീവിതത്തിനിടെ കിട്ടുന്ന അപൂര്‍വ്വം ഇടവേളകളില്‍ സ്വന്തം ഇഷ്‍ടങ്ങളില്‍ ചിലതിനുള്ള സമയം കണ്ടെത്താറുള്ള ആളാണ് നടന്‍ അജിത്ത് കുമാര്‍ (Ajith Kumar). അക്കൂട്ടത്തില്‍ അദ്ദേഹത്തിന് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് ബൈക്കിലുള്ള ദീര്‍ഘ സഞ്ചാരങ്ങള്‍. പുതിയ ചിത്രം 'വലിമൈ'യുടെ വ്യത്യസ്‍ത ഷെഡ്യൂളുകള്‍ക്കിടെ തന്‍റെ പ്രിയപ്പെട്ട ബിഎംഡബ്ല്യു ആര്‍ 1200 ജിഎസില്‍ ആയിരക്കണക്കിന് കിലോമീറ്ററുകള്‍ സഞ്ചരിച്ചിരുന്നു. ഇപ്പോഴിതാ റഷ്യയില്‍ വലിമൈ പാക്കപ്പ് ആയതിനു ശേഷവും അദ്ദേഹം സഞ്ചാരം തുടരുകയാണ്. റഷ്യയില്‍ നിന്ന് തിരികെ ഇന്ത്യയിലെത്തിയ അജിത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി രാജ്യത്തിനകത്തു തന്നെയുള്ള ബൈക്ക് യാത്രയിലാണ്. കഴിഞ്ഞ ദിവസം ആഗ്രയിലെത്തിയ അദ്ദേഹം ഇന്ന് വാഗയിലെ ഇന്ത്യ-പാകിസ്ഥാന്‍ അതിര്‍ത്തിയില്‍ (Wagah Border) എത്തിയിരിക്കുകയാണ്.

ബിഎസ്എഫ് സൈനികര്‍ക്കൊപ്പം കൈയില്‍ ദേശീയപതാകയുമേന്തി നില്‍ക്കുന്ന അജിത്ത് കുമാറിന്‍റെ ചിത്രങ്ങള്‍ ട്വിറ്ററില്‍ വൈറല്‍ ആയിട്ടുണ്ട്. ഒപ്പം ലഘു വീഡിയോകളുമുണ്ട്. അതേസമയം തന്‍റെ ബിഎംഡബ്ല്യു ബൈക്കില്‍ ഒരു ലോകപര്യടനത്തിനുള്ള ആലോചനയിലുമാണ് അദ്ദേഹം. ഇതിന്‍റെ ഭാഗമായി പ്രശസ്‍ത വനിമാ ബൈക്കര്‍ മാരല്‍ യസര്‍ലൂവുമായി റഷ്യയില്‍ വച്ച് അദ്ദേഹം കൂടിക്കാഴ്ച നടത്തിയിരുന്നു. 

അതേസമയം അജിത്ത് ആരാധകര്‍ ഏറെ ആകാംക്ഷയോടെ കാത്തിരിക്കുന്ന 'വലിമൈ' 2022 പൊങ്കല്‍ റിലീസ് ആയാണ് എത്തുക. 'നേര്‍കൊണ്ട പാര്‍വൈ'ക്കു ശേഷം അജിത്ത് നായകനായെത്തുന്ന ചിത്രമാണ് 'വലിമൈ'. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ആക്ഷന്‍ ത്രില്ലറില്‍ അജിത്ത് കുമാര്‍ ഒരു പൊലീസ് വേഷത്തിലാണ് എത്തുന്നത്. 'യെന്നൈ അറിന്താലി'നു ശേഷം അജിത്ത് പൊലീസ് വേഷത്തിലെത്തുന്ന ഒരു ചിത്രം ഇപ്പോഴാണ്. കാര്‍ക്കശ്യക്കാരനായ ഒരു പൊലീസ് ഓഫീസറാണ് അജിത്തിന്‍റെ കഥാപാത്രം. ടൈറ്റില്‍ റോളിലാണ് 'തല' എത്തുക. ആക്ഷന്‍ രംഗങ്ങള്‍ക്ക് ഏറെ പ്രാധാന്യമുള്ള ചിത്രത്തില്‍ ബൈക്ക് സ്റ്റണ്ട് ചിത്രീകരിക്കുന്നതിനിടെ രണ്ടുതവണ അജിത്തിന് പരുക്കേറ്റത് വാര്‍ത്തയായിരുന്നു. ഒരു പൊലീസ് ത്രില്ലര്‍ എന്നു കരുതപ്പെടുന്ന ചിത്രത്തില്‍ യാമി ഗൗതം, ഇലിയാന ഡിക്രൂസ്, ഹുമ ഖുറേഷി എന്നിവരാണ് നായികമാര്‍. കാര്‍ത്തികേയ, രാജ് അയ്യപ്പ, അച്യുത് കുമാര്‍, സുമിത്ര എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ബേവ്യൂ പ്രോജക്റ്റ്സ് എല്‍എല്‍പിയുടെ ബാനറില്‍ ബോണി കപൂറും സീ സ്റ്റുഡിയോസും ചേര്‍ന്നാണ് നിര്‍മ്മാണം. നീരവ് ഷാ ഛായാഗ്രഹണവും യുവന്‍ ശങ്കര്‍ രാജ സംഗീത സംവിധാനവും നിര്‍വ്വഹിക്കുന്നു. 

Follow Us:
Download App:
  • android
  • ios