ഇന്ന് ഇന്ത്യയില്‍ ഏറ്റവുമധികം വാര്‍ഷിക വരുമാനം നേടുന്ന സിനിമാതാരമാണ് അക്ഷയ് കുമാര്‍. അമേരിക്കന്‍ ബിസിനസ് മാസികയായ ഫോര്‍ബ്‍സിന്‍റെ ഇത്തവണത്തെ സമ്പന്നരുടെ സെലിബ്രിറ്റി ലിസ്റ്റില്‍ ഇന്ത്യയില്‍ നിന്ന് ഇടംപിടിച്ച ഒരേയൊരാള്‍ അക്ഷയ് കുമാര്‍ ആയിരുന്നു. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അക്ഷയ് കുമാര്‍ നേടിയ വരുമാനം 48.5 മില്യണ്‍ യുഎസ് ഡോളര്‍ ആണ്. അതായത് 362 കോടി രൂപ! എന്നാല്‍ ബോളിവുഡിന്‍റെ ഒന്നാംനിരയിലേക്ക് ഉയരുന്നതിന് മുന്‍പ് അക്ഷയ് കുമാറിനും പരിശ്രമത്തിന്‍റെയും കഷ്ടപ്പാടിന്‍റെയുമായ ഒരു കാലമുണ്ടായിരുന്നു അതേക്കുറിച്ച് ഡിസ്‍കവറി ചാനലിന്‍റെ അഡ്വഞ്ചര്‍ ഷോ ആയ ഇന്‍‍റ്റു ദി വൈല്‍ഡില്‍ അവതാരകനായ ബെയര്‍ ഗ്രില്‍സിനോട് പറഞ്ഞു.

മോഡല്‍ എന്ന നിലയില്‍ ശ്രദ്ധ നേടിയതിനു ശേഷമാണ് അക്ഷയ് കുമാറിന് സിനിമയില്‍ അവസരം ലഭിക്കുന്നത്. മോഡലിംഗിലേക്ക് വരുന്നതിന് മുന്‍പ് അദ്ദേഹം തായ്കൊണ്ടോ പരിശീലകനായിരുന്നു. തായ്കൊണ്ടോയില്‍ ബ്ലാക്ക്ബെല്‍റ്റ് നേടിയിരുന്ന അക്ഷയ് കുമാര്‍ അതില്‍ നിന്ന് മോഡലിംഗിലേക്ക് തിരിയാനുണ്ടായ കാരണം പറയുന്നത് ഇങ്ങനെ- "ആയോധനകലാ അധ്യാപകനായിരുന്ന കാലത്ത് ഒരു മാസത്തെ അധ്വാനത്തിന് എനിക്ക് കിട്ടുന്നത് 5000 രൂപയായിരുന്നു. ഒരിക്കല്‍ ഒരു വിദ്യാര്‍ഥിയുടെ അച്ഛന്‍റെ നിര്‍ദേശപ്രകാരമാണ് ഒരു മോഡലിംഗ് ഷൂട്ടിന് പോയത്. അവിടെ രണ്ട് മണിക്കൂറിന് എനിക്ക് ലഭിച്ചത് 21,000 രൂപയായിരുന്നു. അത് വലിയൊരു തുകയായിരുന്നു", അക്ഷയ് കുമാര്‍ പറയുന്നു.

ആയോധനകലയോടുള്ള താല്‍പര്യം കാരണം ഔദ്യോഗിക വിദ്യാഭ്യാസം പാതിവഴിയില്‍ നിര്‍ത്തിയ അക്ഷയ് കുമാര്‍ ബോക്സിംഗ് പഠിക്കാന്‍ തായ്‍ലന്‍ഡിലേക്ക് പോയിരുന്നു. അവിടെ ജീവിതച്ചിലവിനായി ഹോട്ടല്‍ വെയ്റ്റര്‍ ആയിരുന്ന കാലവും ബെയന്‍ ഗ്രില്‍സിനോട് അദ്ദേഹം അനുസ്മരിച്ചു. "വെയ്റ്റര്‍ ജോലി ചെയ്തിരുന്ന കാലത്തെ ജീവിതം എനിക്ക് ഏറെ ഇഷ്ടമായിരുന്നു. ആ ജോലി അന്ന് നല്‍കിയ ഒരു സ്വാതന്ത്ര്യം ഉണ്ടായിരുന്നു. ഒരിക്കല്‍ ഭക്ഷണം കഴിച്ച് പോകാന്‍ നേരം ഒരു സ്ത്രീ കവിളില്‍ ഒരു ചുംബനം തന്നു. പണത്തിന് പകരം അവര്‍ നല്‍കിയ ടിപ്പ് ആയിരുന്നു അത്. ഇപ്പോഴെനിക്ക് ധാരാളം പണമുണ്ട്. പക്ഷേ അക്കാലത്തെ ജീവിതം മറ്റൊന്നുതന്നെ ആയിരുന്നു. ഇപ്പോഴുള്ളതിനേക്കാള്‍ സ്വാതന്ത്ര്യമുണ്ടായിരുന്നു എനിക്കപ്പോള്‍", അക്ഷയ് കുമാര്‍ പറയുന്നു.

രഞ്ജിത്ത് എം തിവാരി സംവിധാനം ചെയ്യുന്ന 'ബെല്‍ബോട്ട'മാണ് അക്ഷയ് കുമാറിന്‍റെ പുതിയ ചിത്രം. സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ ഇതിന്‍റെ ചിത്രീകരണം പുരോഗമിക്കുകയാണ്. പ്രിയദര്‍ശന്‍ സംവിധാനം ചെയ്യുന്ന ഒരു ഹിന്ദി ചിത്രം നിര്‍മ്മിക്കുന്നുമുണ്ട് അദ്ദേഹം.