ദിവസവും ഗോമൂത്രം കുടിയ്ക്കുന്നത് തന്‍റെ ശീലമാണെന്ന് ബോളിവുഡ് താരം അക്ഷയ് കുമാര്‍. ആയുര്‍വേദവുമായി ബന്ധപ്പെട്ട കാരണങ്ങളാലാണ് ഇതെന്നും അക്ഷയ് കുമാര്‍ പറഞ്ഞു. ടെലിവിഷന്‍ അവതാരകന്‍ ബെയര്‍ ഗ്രില്‍സിനും നടി ഹുമ ഖുറേഷിക്കുമൊപ്പം പങ്കെടുത്ത ഇന്‍സ്റ്റഗ്രാം ലൈവ് സെഷനിലാണ് ബോളിവുഡ് സൂപ്പര്‍താരത്തിന്‍റെ വെളിപ്പെടുത്തല്‍.

ബെയര്‍ ഗ്രില്‍സ് അവതാരകനാവുന്ന, ഡിസ്‍കവറി ചാനലിന്‍റെ പ്രശസ്ത അഡ്വഞ്ചര്‍ ഷോ ആയ ഇന്‍ടു ദി വൈല്‍ഡിന്‍റെ പുതിയ എപ്പിസോഡില്‍ അക്ഷയ് കുമാര്‍ പങ്കെടുക്കുന്നുണ്ട്. അതിന്‍റെ പ്രചരണാര്‍ഥമാണ് ഇന്‍സ്റ്റഗ്രാം ലൈവ് സെഷന്‍ സംഘടിപ്പിച്ചത്. അക്ഷയ് കുമാറിനൊപ്പം അദ്ദേഹമിപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്ന ചിത്രമായ 'ബെല്‍ബോട്ട'ത്തിലെ സഹതാരമായ ഹുമ ഖുറേഷിയും ഉണ്ടായിരുന്നു. സിനിമയുടെ ഷെഡ്യൂള്‍ പുരോഗമിക്കുന്ന സ്കോട്ട്ലന്‍ഡിലെ ഗ്ലാസ്ഗോയില്‍ നിന്നാണ് ഇവര്‍ ഇരുവരും സെഷനില്‍ പങ്കെടുത്തത്. ഇന്‍ടു ദി വൈല്‍ഡ് എപ്പിസോഡില്‍ അക്ഷയ് കുമാറിന് ആനപിണ്ടം ചേര്‍ത്ത ഒരു പാനീയം ബെയര്‍ ഗ്രില്‍സ് കുടിയ്ക്കാന്‍ നല്‍കുന്നുണ്ട്. ഇതിനകം പുറത്തുവന്ന ഷോയുടെ പ്രൊമോ വീഡിയോയില്‍ അക്ഷയ് കുമാര്‍ ഒരു പാനീയം കുടിയ്ക്കുന്നതിന്‍റെ ദൃശ്യങ്ങളും ഉണ്ടായിരുന്നു. ഇത് ഒരു വെല്ലുവിളി ആയിരുന്നോയെന്ന ഗ്രില്‍സിന്‍റെ ചോദ്യത്തിന് മറുപടി പറയവെയാണ് അക്ഷയ് കുമാര്‍ ഗോമൂത്രം കുടിയ്ക്കുന്ന തന്‍റെ പതിവിനെക്കുറിച്ചും പറഞ്ഞത്.

"ആയുര്‍വേദ സംബന്ധമായ കാരണങ്ങളാല്‍ ഞാന്‍ എല്ലാ ദിവസവും ഗോമൂത്രം കുടിയ്ക്കാറുണ്ട്. അതിനാല്‍ എനിയ്ക്ക് ഇതൊരു പ്രശ്നമായി തോന്നിയില്ല", അക്ഷയ് കുമാര്‍ പറഞ്ഞു. ഉത്തരത്തില്‍ അന്തംവിട്ട ഗ്രില്‍സ് തന്‍റെ അതിഥികളില്‍ ഭൂരിഭാഗം പേരും അങ്ങനെ പറയാറില്ലെന്ന് അഭിപ്രായപ്പെട്ടു. "ആളുകള്‍ പ്രശസ്തരാവുമ്പോള്‍ തങ്ങളുടെ കംഫര്‍ട്ട് സോണിന് പുറത്തുള്ള കാര്യങ്ങള്‍ ചെയ്യാന്‍ മടിക്കും. കാരണം മറ്റൊരു രീതിയില്‍ കാണപ്പെടുവാന്‍ അവര്‍ ആഗ്രഹിക്കുന്നില്ല", എന്നാല്‍ അക്ഷയ് കുമാര്‍ എന്ത് വെല്ലുവിളിയെയും സ്വീകരിക്കുന്ന കൂട്ടത്തില്‍ പെടുന്ന ആളാണെന്നും ഗ്രില്‍സ് പറഞ്ഞു. മൈസൂരുവിലെ ബന്ദിപ്പൂര്‍ ടൈഗര്‍ റിസര്‍വിലാണ് അക്ഷയ് കുമാര്‍ പ്രത്യക്ഷപ്പെടുന്ന ഇന്‍ടു ദി വൈല്‍ഡ് ചിത്രീകരിച്ചിരിക്കുന്നത്. ഡിസ്കവറി പ്ലസില്‍ ഇന്നും ഡിസ്കവറി ചാനലില്‍ 14നുമാണ് ഷോ സംപ്രേഷണം ചെയ്യുക. 

 
 
 
 
 
 
 
 
 
 
 
 
 

@beargrylls @iamhumaq @discoveryplusindia @discoverychannelin

A post shared by Akshay Kumar (@akshaykumar) on Sep 10, 2020 at 2:06am PDT