മുംബൈ: വീണ്ടുമൊരു താരവിവാഹത്തിന് ഒരുങ്ങുകയാണ് ബോളിവുഡ്. പ്രിയങ്ക ചോപ്ര- നിക്ക് ജൊനാസ്, ദീപിക പദുകോൺ-രൺവീർ സിംഗ് എന്നീ താരജോടികൾക്ക് പിന്നാലെ ബോളിവുഡിന്റെ പ്രിയതാരങ്ങളായ ആലിയ ഭട്ടും രൺബീർ കപൂറും വിവാഹിതരാകുന്നു. എന്റർടെയ്ൻമെന്റ് ജേർണലിസ്റ്റായ രാജീവ് മസന്ദ് ഓപ്പൺ മാഗസിന് നൽകിയ അഭിമുഖത്തിലാണ് ഇക്കാര്യം വെളിപ്പെടുത്തിയത്. ഈ വർഷം ഡിസംബറിൽ ഇരുവരും വിവാഹിതരാകുമെന്ന് രാജീവ് മസന്ദ് പറഞ്ഞു.

രണ്ടു വർഷത്തിലേറെയായി ഇരുവരും പ്രണയത്തിലാണ്. അയാൻ മുഖർജി സംവിധാനം ചെയ്യുന്ന ബ്രഹ്മാസ്ത്ര എന്ന ചിത്രത്തിലാണ് രൺവീറും ആലിയയും ഇപ്പോൾ അഭിനയിക്കുന്നത്. ഇരുവരും ആദ്യമായി ഒന്നിച്ചഭിനയിക്കുന്ന ചിത്രമാണ് ബ്രഹ്മാസ്ത്ര. ഡിസംബർ നാലിന് ചിത്രം തിയേറ്ററുകളിലെത്തും. ഇതിന് ശേഷമായിരിക്കും വിവാഹം നടക്കുക.

ആലിയയുടേയും രൺബീറിന്റേയും വിവാഹത്തിനുള്ള ഒരുക്കങ്ങൾ ഇതിനോടകം തന്നെ ആരംഭിച്ചു കഴിഞ്ഞു എന്നാണ് വിവരം. കുടുംബാംഗങ്ങളെ വിവാഹ തീയതിയും അറിയിച്ചിട്ടുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. ഇരുവരും പ്രണയത്തിലാണെന്നും ഉടൻ വിവാഹിതരാകുമെന്നുമുള്ള അഭ്യൂഹങ്ങൾ നേരത്തെയും പ്രചരിച്ചിരുന്നെങ്കിലും ഇരുവരും ഇതുവരെ പ്രതികരിച്ചിരുന്നില്ല. 2019ൽ ഇരുവരും തമ്മിൽ വിവാഹിതരാകാൻ പോകുകയാണെന്നും വിവാഹത്തിന് ധരിക്കാൻ ആലിയ സഭ്യാസാച്ചി ഡിസൈൻ ചെയ്ത ലഹങ്ക ഓർഡർ ചെയ്തെന്നും അഭ്യൂഹങ്ങൾ ഉണ്ടായിരുന്നു.