നടിയും അവതാരകയുമായ എലീന പടിക്കല്‍ മലയാളികള്‍ക്ക് സുപരിചിതയായ താരമാണ്. വിവിധ ഷോകളിലൂടെ തന്റേതായ ശൈലിയില്‍ ശ്രദ്ധേയയാകാന്‍ താരത്തിന് സാധിച്ചു. എന്നാല്‍ ബിഗ് ബോസ് സീസണ്‍ രണ്ടില്‍ എത്തിയതോടെയായിരുന്നു താരത്തെ മലയാളികള്‍ കൂടുതല്‍ അടുത്തറിഞ്ഞത്. ഷോയുടെ തുടക്കം മുതല്‍ അവസാനം വരെ ഒരേ രീതിയിലുള്ള പെരുമാറ്റത്തിലൂടെ എലീന കയ്യടി നേടുകയും ചെയ്തു. ഷോയില്‍ തന്റെ വിശേഷങ്ങളെല്ലാം എലീന തുറന്നുപറഞ്ഞിട്ടുണ്ട്.

സോഷ്യല്‍ മീഡിയയില്‍ സജീവമായ എലീന നിരന്തരം വിശേഷങ്ങള്‍ പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ ഒരു കുറിപ്പുമായെത്തിയിരിക്കുകയാണ് എലീന. തനിക്കുനേരെയുണ്ടായ സൈബര്‍ അതിക്രമത്തിനെതിരെ പൊലീസില്‍ പരാതി നല്‍കിയതിന്, ഉടൻതന്നെ ആക്ഷന്‍ ഉണ്ടായതിനാണ് എലീന മറുപടിക്കുറിപ്പുമായി എത്തിയിരിക്കുന്നത്.

'കേരളത്തില്‍ ദിവസേന നിരവധി സ്ത്രീകളാണ് പല സൈബര്‍ ആക്രമണങ്ങള്‍ക്ക് ഇരകളാക്കപ്പെടുന്നത്. ഇതില്‍ ഏറിയപങ്കും സിനിമ-സീരിയല്‍ താരങ്ങളാണ്.

ഇതെഴുതുന്നത് വളരെ സന്തോഷത്തോടെയാണ്. പരാതി നല്‍കിയിട്ടൊന്നും ഒരു കാര്യവുമില്ല എന്ന പതിവ് നാട്ടുചൊല്ല് തെറ്റിച്ചു കേരള പൊലീസ്. എനിക്ക് നേരെയുണ്ടായ സൈബര്‍ അറ്റാക്കിനെതിരെ പരാതി ലഭിച്ചയുടന്‍ നിയമനടപടി എടുക്കുകയും, വളരെ പെട്ടന്നുതന്നെ കുറ്റക്കാരെ കണ്ടെത്തുകയും ചെയ്ത കേരള പൊലീസിനോടും, പ്രത്യേകിച്ച് സൈബര്‍സെല്‍ എസ് പി ബിജു സാറിനോടും, പിന്നെ കൂടെനിന്ന് പിന്തുണച്ച അരുണ്‍ ചേട്ടനും നന്ദി അറിയിക്കുകയാണ്.

നാളെയും ഇത്തരം തെറ്റുകാരെ നിയമത്തിന്റെ മുന്‍പില്‍ കൊണ്ടുവരാന്‍ നമ്മള്‍ സധൈര്യം മുന്നോട്ടുവരണം. മാറി നിന്ന് പ്രോത്സാഹനം ഒരുക്കരുത്. അതല്ലെ ഹീറോയിസം' എന്നാണ് എലീന കുറിച്ചിരിക്കുന്നത്.

നിരവധി ആളുകളാണ് എലീനയ്ക്ക് കയ്യടികളുമായെത്തുന്നത്. ഉദ്യോഗസ്ഥര്‍ തന്റെ വാക്കുകേട്ടതില്‍ സന്തോഷമുണ്ട് എന്നാണ് എലീനയുടെ സുഹൃത്തും, ബിഗ്‌ബോസ് മത്സരാര്‍ത്ഥിയുമായ ആര്യ കുറിച്ചത്.