തനിക്ക് കരിയര്‍ ബ്രേക്ക് നല്‍കിയ ചിത്രം 'കുമ്പളങ്ങി നൈറ്റ്‌സ്' തീയേറ്ററില്‍ പോയി കണ്ടത് ഏഴ് തവണയാണെന്ന് ചിത്രത്തില്‍ 'ബേബി മോള്‍' എന്ന കഥാപാത്രത്തെ അവതരിപ്പിച്ച അന്ന ബെന്‍. ജീവിതത്തില്‍ ഏറ്റവും കൂടുതല്‍ തവണ തീയേറ്ററില്‍ കണ്ട സിനിമയും 'കുമ്പളങ്ങി' ആണെന്ന് പറയുന്നു അന്ന. ജെഎഫ്ഡബ്ല്യു മാഗസിനുവേണ്ടി നടത്തിയ ഫോട്ടോ ഷൂട്ടിന്റെ ബിഹൈന്‍ഡ് ദി സീന്‍സ് വീഡിയോയിലാണ് അന്ന ഇതേക്കുറിച്ച് പറയുന്നത്.

കുമ്പളങ്ങി നൈറ്റ്‌സ് എന്ന ആദ്യചിത്രത്തിലൂടെത്തന്നെ കരിയര്‍ ബ്രേക്ക് ലഭിച്ച നടിയാണ് അന്ന. പിന്നീട് ഹെലനും മൂന്നാമത്തെ ചിത്രമായി കപ്പേളയും എത്തുന്നു. ആദ്യത്തെ രണ്ട് ചിത്രങ്ങളില്‍ നിന്നുതന്നെ മലയാള സിനിമയില്‍ തന്റേതായ ഒരിടം സ്ഥാപിച്ചെടുക്കാന്‍ അന്നയ്ക്ക് കഴിഞ്ഞു. ചെയ്ത വേഷങ്ങളിലെ വ്യത്യസ്തത തന്നെയാണ് ഇക്കാര്യത്തില്‍ തന്നെ സഹായിച്ചതെന്ന് അന്ന പറയുന്നു. എത്ര വേഷങ്ങള്‍ ചെയ്യുന്നു എന്നതിലല്ല, ചെയ്ത വേഷങ്ങള്‍ എത്രമാത്രം നന്നായി ചെയ്യാന്‍ പറ്റി എന്നതിലാണ് കാര്യം. അതായത് എണ്ണത്തിലല്ല ചെയ്യുന്ന വേഷങ്ങളിലാണ് പ്രാധാന്യം എന്നത് തന്നെയാണ് കരിയറിനെക്കുറിച്ചുള്ള അന്നയുടെ കാഴ്ചപ്പാട്. ജെഎഫ്ഡ്യു മാസികയ്ക്കായി പകര്‍ത്തിയ അന്നയുടെ പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങള്‍ കാണാന്‍: കുമ്പളങ്ങിയില്‍ നിന്ന് പറന്നുയര്‍ന്ന്... ; അന്നാ ബെന്നിന്‍റെ വൈറല്‍ ഫോട്ടോ ഷൂട്ട് കാണാം

രണ്ടാം ചിത്രമായിരുന്ന ഹെലനിലെ ടൈറ്റില്‍ കഥാപാത്രത്തേക്കാള്‍ തനിക്ക് ആത്മബന്ധം കുമ്പളങ്ങിയിലെ 'ബേബി'യുമായാണെന്ന് അന്ന ഉറപ്പിച്ച് പറയുന്നു. സംഗീതവും ചിത്രകലയുമാണ് അന്ന ബോറടിമാറ്റാനായി തെരഞ്ഞെടുക്കുന്നത്. സൈക്കോളജിയില്‍ പിജി ചെയ്യണമെന്നാണ് അന്നയുടെ ആഗ്രഹം. മൂന്ന് വ്യത്യസ്ഥ വേഷങ്ങളിലാണ് അന്നയുടെ ഫോട്ടോഷൂട്ട്. ജെഎഫ്ഡ്യു മാസികയ്ക്കായി നടത്തിയ ഫോട്ടോഷൂട്ടിന്റെ പിന്നാമ്പുറ ദൃശ്യങ്ങള്‍ കാണാം.

"