സ്‌പോര്‍ട്‌സ്, സിനിമാ മേഖലകളില്‍ നിന്നുള്ള ഇന്ത്യയിലെ 100 പേരുടെ വാര്‍ഷിക ലിസ്റ്റ് പ്രസിദ്ധീകരിച്ച് ഫോര്‍ബ്‌സ് ഇന്ത്യ. ഓരോരുത്തരുടെയും റാങ്കും ഈ വര്‍ഷം നേടിയിരിക്കാവുന്ന വരുമാനത്തിന്റെ കണക്കും ലിസ്റ്റിലുണ്ട്. എന്നാല്‍ വരുമാനം മാത്രം കണക്കാക്കിയല്ല റാങ്കിംഗ് നിശ്ചയിച്ചിരിക്കുന്നത്. മറിച്ച് പ്രശസ്തി കൂടി കണക്കാക്കിയിട്ടാണ്. ഇതിന് അവരവരുടെ സോഷ്യല്‍ മീഡിയ റീച്ചും പരിഗണിച്ചിട്ടുണ്ട്. ഉദാഹരണത്തിന് 293.25 കോടി വാര്‍ഷിക വരുമാനം നേടിയ അക്ഷയ് കുമാര്‍ 252.72 കോടി നേടിയ വിരാട് കോലിക്ക് പിന്നിലായാണ് ലിസ്റ്റില്‍ ഇടംപിടിച്ചിരിക്കുന്നത്.

 

252.72 കോടി വാര്‍ഷിക വരുമാനം നേടിയ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോലിയാണ് ലിസ്റ്റില്‍ ഒന്നാം സ്ഥാനത്ത്. കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ രണ്ടാം സ്ഥാനത്തായിരുന്നു അദ്ദേഹം. 293.25 കോടി നേടിയ അക്ഷയ് കുമാര്‍ ആണ് രണ്ടാം സ്ഥാനത്ത്. 2018 ലിസ്റ്റില്‍ മൂന്നാം സ്ഥാനത്തായിരുന്നു അക്ഷയ്. കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തുണ്ടായിരുന്ന സല്‍മാന്‍ ഖാന്‍ ഇത്തവണ മൂന്നാം സ്ഥാനത്താണ്. ഈ വര്‍ഷത്തെ ഏകദേശ വരുമാനം 229.25 കോടി.

 

മലയാള സിനിമാലോകത്തുനിന്ന് രണ്ടുപേരാണ് ലിസ്റ്റില്‍ ഇടം പിടിച്ചിരിക്കുന്നത്. മോഹന്‍ലാലും മമ്മൂട്ടിയും. '2019 സെലിബ്രിറ്റി 100' ലിസ്റ്റില്‍ 27-ാം സ്ഥാനത്താണ് മോഹന്‍ലാല്‍. മമ്മൂട്ടി 62-ാം സ്ഥാനത്തും. കഴിഞ്ഞ വര്‍ഷത്തെ ലിസ്റ്റില്‍ 49-ാം സ്ഥാനത്തായിരുന്നു മമ്മൂട്ടി. മോഹന്‍ലാല്‍ 2018 ലിസ്റ്റില്‍ ഇടം പിടിച്ചിരുന്നുമില്ല. ഫോര്‍ബ്‌സ് പുറത്തുവിട്ടിരിക്കുന്ന കണക്ക് പ്രകാരം ഈ വര്‍ഷം മോഹന്‍ലാല്‍ നേടിയിരിക്കുന്ന വരുമാനം 64.5 കോടി രൂപയാണ്. മമ്മൂട്ടി ഈ വര്‍ഷം നേടിയ വരുമാനം 33.5 കോടിയാണെന്നും ഫോര്‍ബ്‌സ് ഇന്ത്യ വ്യക്തമാക്കുന്നു.