അവിചാരിതമായ കൂടിക്കാഴ്‍ചകള്‍ എപ്പോഴും പ്രിയപ്പെട്ടതാണല്ലോ.  അത് താരങ്ങള്‍ തമ്മിലാകുമ്പോള്‍ കൗതുകം ആരാധകരിലേക്കും എത്തും. അടുത്തിടെ, ടെലിവിഷന്‍ താരങ്ങളായ  രണ്ടുപേര്‍ ഓര്‍മകളുടെ താഴ്വാരത്തിലൂടെ ഒരു ഗൃഹാതുര യാത്ര നടത്തിയതാണ് പുതിയ വിശേഷം.വര്‍ഷങ്ങള്‍ക്കു മുമ്പുള്ള ഓര്‍മകളില്‍ ആണ് മംഗല്യം എന്ന സൂപ്പര്‍ ഹിറ്റ് പരമ്പരയിലെ താരങ്ങളായ രണ്ടുപേര്‍.

പതിനേഴ് വര്‍ഷങ്ങള്‍ക്ക് മുമ്പ് ഏഷ്യാനെറ്റില്‍ സംപ്രേഷണം ചെയ്‍ത മംഗല്യം എന്ന സീരിയലില്‍ തനിക്കൊപ്പം അഭിനയിച്ച ഹരിമുരളിയെ കണ്ടതിന്‍റെ സന്തോഷമാണ് സീരിയല്‍ താരം കീര്‍ത്തന അനില്‍ പങ്കുവച്ചിരിക്കുന്നത്. 'അപ്പൂസും റാണിമോളും 17 വര്‍ഷങ്ങള്‍ക്ക് ശേഷം കണ്ടുമുട്ടിയപ്പോള്‍' എന്ന കുറിപ്പോടെയാണ് കീര്‍ത്തന ചെറുപ്പത്തിലേയും ഇപ്പോഴത്തെയും ചിത്രം ചേര്‍ത്ത് പങ്കുവച്ചിരിക്കുന്നത്.

കുസൃതികളായ രണ്ട് കുട്ടികളുടെ രസകരമായ കഥ പറഞ്ഞ മംഗല്യം ഏറെ പ്രേക്ഷക പിന്തുണയുള്ള പരമ്പരയായിരുന്നു. വളരെ ചെറുപ്പത്തിലുള്ള സീരിയലിലെ രൂപത്തില്‍ ഇരുവരും തിരിച്ചറിയാനാകാത്ത വണ്ണം മാറ്റം വന്നതായി ചിത്രത്തില്‍ കാണാം. ചെറുപ്പത്തില്‍ തന്നെ സീരിയലില്‍ അഭിനയിച്ചു തുടങ്ങിയ കീര്‍ത്തന ഇന്നും സീരിയലില്‍ സജീവമാണ്. എന്നാല്‍ ചുരുക്കം സിനിമകളിലും സീരിയലുകളിലും തല കാണിച്ച ഹരിമുരളി സജീവമല്ല.

മൂന്ന് കുട്ടികളെ കേന്ദ്ര കഥാപാത്രമാക്കി നിര്‍മിച്ച മാംഗല്യം എന്ന പരമ്പരയ്ക്ക് ഓര്‍മകളില്‍ ഇന്നും വലിയ ആരാധകരുണ്ട്. രസകരമായി മൂന്ന് കുട്ടികള്‍ തകര്‍ത്താടിയ സീരിയലില്‍ രസകരമായ വേഷമായിരുന്നു കീര്‍ത്തനയും ഹരിമുരളിയും ചെയ്തത്.  ഇരു കുരുന്നകളുടെയും പ്രകടനം ഏറെ ശ്രദ്ധ നേടുകയും ഇന്നും മലയാളിയുടെ ഹൃദയത്തില്‍ തങ്ങിനില്‍ക്കുകയും ചെയ്യുന്നതായി കീര്‍ത്തന പങ്കുവച്ച ചിത്രത്തിനുള്ള പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നു.