ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്. മീനയും കല്യാണി പ്രിയദര്‍ശനും നായികമാരാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും മുഴുനീള വേഷത്തിലുണ്ട്. 

മോഹൻലാലിനെ നായകനാക്കി നടൻ പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ബ്രോ ഡാഡി. ലൂസിഫർ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്നുവെന്നത് തന്നെയാണ് ചിത്രത്തിന്റെ പ്രത്യേകതയും. നടി കനിഹയും ചിത്രത്തിലൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഇപ്പോഴിതാ പൃഥ്വിരാജിനൊപ്പമുള്ള അനുഭവം പങ്കുവയ്ക്കുകയാണ് കനിഹ. 

പൃഥ്വിരാജിന്റെ നിരവധി കഥാപാത്രങ്ങൾ താൻ കണ്ടിട്ടുണ്ടെന്നും അദ്ദേഹത്തിനൊപ്പം വർക്ക് ചെയ്യാൻ അതിയായ ആഗ്രഹം ആയിരുന്നുവെന്നും കനിഹ പറയുന്നു. ഒരു സംവിധായകനിൽ നിന്നും നടനിലേക്കുള്ള പൃഥ്വിയുടെ അനായാസമായ മാറ്റം താാൻ അത്ഭുതത്തോടെയാണ് നോക്കി കണ്ടതെന്നും കനിഹ പറഞ്ഞു.

കനിഹയുടെ വാക്കുകൾ

'അദ്ദേഹം നിരവധി വേഷങ്ങൾ ആടിത്തകർക്കുന്നത് കണ്ടിട്ടുണ്ട്. ഓരോ വേഷങ്ങളും വൈവിധ്യമാർന്ന രീതിയിൽ അവതരിപ്പിക്കുന്നത് കാണുമ്പോൾ അഭിമാനം തോന്നാറുണ്ട്. പൃഥ്വിയോടൊപ്പം വർക്ക് ചെയ്യാൻ അതിയായ ആഗ്രഹമായുണ്ടായിരുന്നു. അവസാനം അത് സാധിച്ചു. അദ്ദേഹത്തിന്റെ സംവിധായകനിൽ നിന്നും നടനിലേക്കുള്ള അനായാസമായ മാറ്റം തീർത്തും അത്ഭുതകരമായ അനുഭവമായിരുന്നു. പൃഥ്വിരാജ് ഞാൻ അങ്ങയുടെ ഒരു ആരാധികയാണ്'.

ആന്റണി പെരുമ്പാവൂരാണ് ബ്രോ ഡാഡി നിര്‍മിക്കുന്നത്. മീനയും കല്യാണി പ്രിയദര്‍ശനും നായികമാരാകുന്ന ചിത്രത്തില്‍ പൃഥ്വിരാജും മുഴുനീള വേഷത്തിലുണ്ട്. ശ്രീജിത്ത് എനും ബിബിൻ ജോര്‍ജുമാണ് ചിത്രത്തിന്റെ തിരക്കഥയെഴുതുന്നത്. അഭിനന്ദൻ രാമാനുജം ആണ് ചിത്രത്തിന്റെ ഛായഗ്രാഹകൻ. ദീപക് ദേവ് സംഗീത സംവിധാനം നിര്‍വഹിക്കുന്നു. സിദ്ധു പനയ്‍ക്കല്‍ ആണ് പ്രൊഡക്ഷൻ കണ്‍ട്രോളര്‍. എം ആര്‍ രാജകൃഷ്‍ണനാണ് ഓഡിയോഗ്രാഫി. ഒരു കോമഡി ചിത്രമായിരിക്കും ഇതെന്നാണ് പൃഥ്വിരാജ് സൂചന നല്‍കിയിരിക്കുന്നത്. സന്തോഷകരമായ ഒരു സിനിമയായിരിക്കും ഇതെന്നും പൃഥ്വിരാജ് പറഞ്ഞിരുന്നു.

കൊവിഡ് മഹാമാരിയുടെ രണ്ടാംവരവിന്റെ ഈ കാലത്ത്, എല്ലാവരും മാസ്‌ക് ധരിച്ചും സാനിറ്റൈസ് ചെയ്തും സാമൂഹ്യ അകലം പാലിച്ചും വാക്‌സിൻ എടുത്തും പ്രതിരോധത്തിന് തയ്യാറാവണമെന്ന് ഏഷ്യാനെറ്റ് ന്യൂസ് അഭ്യർത്ഥിക്കുന്നു. ഒന്നിച്ച് നിന്നാൽ നമുക്കീ മഹാമാരിയെ തോൽപ്പിക്കാനാവും. #BreakTheChain #ANCares #IndiaFightsCorona