കേരളത്തിൽ നിന്നും ഒളിച്ചു നടക്കുകയാണോ എന്ന ചോദ്യത്തിന് നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു ആശയുടെ മറുപടി.

സൂപ്പർ ഹിറ്റ് ചിത്രങ്ങളുടെ പട്ടികയിൽ ഇടം പിടിക്കാൻ പടയോട്ടം തുടരുകയാണ് മോഹൻലാലിന്റെ ദൃശ്യം 2. ചിത്രം പുറത്തിറങ്ങിയതിന് പിന്നാലെ ഓരോ കഥാപാത്രങ്ങളെ പറ്റിയാണ് പ്രേക്ഷകരുടെ ചർച്ചകൾ. ചെറുതും വലുതുമായ അഭിനേതാക്കൾ ഇക്കൂട്ടത്തിൽ ഉണ്ട്. ഇപ്പോഴിതാ ​ഗീതാ പ്രഭാകറായി എത്തിയ ആശാ ശരത്തിന്റെ ഒരു സീനാണ് മോഹൻലാൽ ഫാൻസിന്റെ ഇടയിലെ ചർച്ച. ജോർജ്ജൂട്ടിയെ സ്റ്റേഷനിൽ വച്ച് ​ഗീത അടിക്കുന്നതാണ് ആ സീൻ. താരം പങ്കുവച്ച ഒരു വീഡിയോയാണ് ഇപ്പോൾ വൈറൽ ആയിരിക്കുന്നത്. 

തന്റെ മേക്കപ്പ്മാൻ സുധി പകർത്തിയ വീഡിയോ ആണ് നടി പങ്കുവച്ചത്. ‘ലാലേട്ടൻ ഫാൻസ് അന്വേഷിച്ചുകൊണ്ടിരിക്കുന്ന ഗീത പ്രഭാകറിനെ തമിഴ്നാട്ടിൽവച്ച് കണ്ടുകിട്ടിയിട്ടുണ്ട്. ഇവിടെ എന്തോ ഇടിലി പാത്രം മേടിക്കാൻ വന്നതാണെന്നു തോന്നുന്നു’– സുധി പറയുന്നു. കേരളത്തിൽ നിന്നും ഒളിച്ചു നടക്കുകയാണോ എന്ന ചോദ്യത്തിന് നിഷ്കളങ്കമായ പുഞ്ചിരിയായിരുന്നു ആശയുടെ മറുപടി.

എന്നാൽ, പുതിയ തമിഴ് ചിത്രത്തിന്റെ ഷൂട്ടിങുമായി ബന്ധപ്പെട്ട് പൊള്ളാച്ചിയിലാണ് ആശ ശരത് ഇപ്പോഴുള്ളത്. അൻപ് അറിവ് എന്നാണ് പുതിയ ചിത്രത്തിന്റെ പേര്. പാപനാശം, തൂങ്കാവനം എന്നീ ചിത്രങ്ങൾക്കു ശേഷം ആശ ശരത് അഭിനയിക്കുന്ന തമിഴ് ചിത്രം കൂടിയാണിത്. ദൃശ്യം ഒന്നാം ഭാഗത്തിൽ എന്ന പോലെ തന്നെ രണ്ടാം ഭാഗത്തിലും മികച്ച പ്രകടനമാണ് ആശ കാഴ്ചവച്ചിരിക്കുന്നത്. കരുത്തുറ്റ പൊലീസ്‌ ഓഫീസർ കഥാപാത്രമായ ഗീതാ പ്രഭാകറിന് മികച്ച സ്വീകാര്യതയാണ് സിനിമാ പ്രേമികൾക്കിടയിൽ ലഭിക്കുന്നത്.