Asianet News MalayalamAsianet News Malayalam

'ജോര്‍ജുകുട്ടി സൃഷ്ടിച്ച ആ ട്വിസ്റ്റ്'; 'ദൃശ്യം 2' കണ്ട ആവേശത്തില്‍ അശ്വിന്‍

ട്വിറ്ററില്‍ വൈറല്‍ ആയി അശ്വിന്‍റെ ദൃശ്യം 2 റിവ്യൂ

ashwin after watching drishyam 2
Author
Hyderabad, First Published Feb 21, 2021, 5:36 PM IST

പാന്‍-ഇന്ത്യന്‍ തലത്തില്‍ 'ദൃശ്യ'ത്തെപ്പോലെ ശ്രദ്ധ ലഭിച്ച ഒരു മലയാളസിനിമ ഉണ്ടാവില്ല. തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി റീമേക്കുകളാണ് ഈ ചിത്രത്തെ ഒരു ഇന്ത്യന്‍ ഹിറ്റ് ആക്കി മാറ്റിയത്. ഭാഷാ അതിര്‍ത്തികള്‍ കടന്ന് വിജയം നേടിയ ചിത്രത്തിന്‍റെ രണ്ടാംഭാഗം ആയതിനാല്‍ 'ദൃശ്യം 2'നുവേണ്ടിയുള്ള കാത്തിരിപ്പ് മലയാളികളിലേക്ക് ചുരുങ്ങിയില്ല. സബ് ടൈറ്റിലോടെ ആമസോണ്‍ പ്രൈം വഴി ഡയറക്ട് ഒടിടി റിലീസ് ആയി എത്തിയതോടെ മലയാളം ഒറിജിനല്‍ റിലീസ് ദിവസം തന്നെ ഇന്ത്യ മുഴുവനുമുള്ള സിനിമാപ്രേമികള്‍ക്കും കാണാനുമായി. റിലീസ് ദിനം മുതല്‍ ലഭിക്കുന്ന സോഷ്യല്‍ മീഡിയ പ്രതികരണങ്ങള്‍ ഇപ്പോഴും തുടരുന്നുണ്ട്. ട്വിറ്ററില്‍ ഇപ്പോള്‍ വൈറല്‍ ആവുന്നത് ദൃശ്യം 2 കണ്ട ഇന്ത്യന്‍ ക്രിക്കറ്റ് താരം രവിചന്ദ്രന്‍ അശ്വിന്‍റെ അഭിപ്രായമാണ്.

ദൃശ്യം 2 കണ്ട് ആവേശത്തോടെയാണ് അശ്വിന്‍റെ പ്രതികരണം. "ജോര്‍ജുകുട്ടി (മോഹന്‍ലാല്‍) കോടതിയില്‍ ആ ട്വിസ്റ്റ് സൃഷ്ടിച്ചപ്പോള്‍ ഞാന്‍ ഉറക്കെ ചിരിച്ചുപോയി. ചിത്രം നിങ്ങള്‍ ഇനിയും കണ്ടിട്ടില്ലെങ്കില്‍ ദയവായി ദൃശ്യം 1 മുതല്‍ വീണ്ടും ആരംഭിക്കുക. ഗംഭീരം!! ശരിക്കും ഗംഭീരം", അശ്വിന്‍ ട്വീറ്റ് ചെയ്തു. ഒരു മണിക്കൂറിനുള്ളില്‍ 13,000ത്തിലേറെ ലൈക്കുകളും 1700ല്‍ അധികം ഷെയറുകളുമാണ് ഈ ട്വീറ്റിന് ലഭിച്ചിരിക്കുന്നത്. അഞ്ഞൂറിലേറെ കമന്‍റുകളും ട്വീറ്റിന് ലഭിച്ചിട്ടുണ്ട്.

2013ല്‍ പുറത്തിറങ്ങിയ ബ്ലോക്ക്ബസ്റ്റര്‍ ചിത്രത്തിന്‍റെ രണ്ടാംഭാഗമായി എത്തുന്ന ചിത്രം കൊവിഡ് കാലത്താണ് പ്രഖ്യാപിക്കപ്പെട്ടത്. കൊച്ചിയിലും തൊടുപുഴയിലുമായിട്ടായിരുന്നു ചിത്രീകരണം. ആദ്യഭാഗത്തിലെ മിക്ക അഭിനേതാക്കളും എത്തുന്ന രണ്ടാംഭാഗത്തില്‍ ആദ്യഭാഗത്തില്‍ ഇല്ലാതിരുന്ന ചില താരങ്ങളും എത്തുന്നുണ്ട്. ഗണേഷ് കുമാര്‍, മുരളി ഗോപി, സായ്‍കുമാര്‍ എന്നിവരാണ് അവരില്‍ പ്രധാനികള്‍. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രത്തിന്‍റെ രചനയും സംവിധാനവും ജീത്തു ജോസഫ്. അതേസമയം ദൃശ്യം 2ന്‍റെ തെലുങ്ക് റീമേക്ക് ഇതിനകം പ്രഖ്യാപിക്കപ്പെട്ടിട്ടുണ്ട്. ദൃശ്യം തെലുങ്ക് റീമേക്ക് നടി ശ്രീപ്രിയയാണ് സംവിധാനം ചെയ്തതെങ്കില്‍ ദൃശ്യം 2 തെലുങ്ക് റീമേക്ക് സംവിധാനം ചെയ്യുന്നത് ജീത്തു ജോസഫ് തന്നെയാണ്. ആശിര്‍വാദ് സിനിമാസിന്‍റെ ബാനറില്‍ ആന്‍റണി പെരുമ്പാവൂര്‍ തന്നെയാണ് ചിത്രം നിര്‍മ്മിക്കുന്നതും. 

Follow Us:
Download App:
  • android
  • ios