വിനീത് ശ്രീനിവാസന്‍റെ 'ജേക്കബിന്‍റെ സ്വര്‍ഗ്ഗരാജ്യ'ത്തിലൂടെ മലയാളത്തിലേക്ക് എത്തിയ നടനാണ് അശ്വിന്‍ കുമാര്‍. തമിഴ് ചിത്രം 'ഗൗരവ'ത്തിലൂടെ അരങ്ങേറ്റം കുറിച്ച അശ്വിന്‍ ലവകുശ, ചാര്‍മിനാര്‍, രണം എന്നീ മലയാള ചിത്രങ്ങളിലൂടെയും സിനിമാപ്രേക്ഷകര്‍ക്ക് പരിചിതനാണ്. ഇപ്പോഴിതാ നൃത്തത്തിലെ തന്‍റെ അഭിരുചി ആരാധകര്‍ക്കു മുന്നില്‍ അവതരിപ്പിച്ചിരിക്കുകയാണ് അശ്വിന്‍ കുമാര്‍.

കമല്‍ ഹാസന്‍ നായകനായെത്തിയ 1989 ചിത്രം അപൂര്‍വ്വ സഹോദരങ്ങളിലെ 'അണ്ണാത്തെ ആടുരാര്‍' എന്ന ഗാനത്തിലെ നൃത്തരംഗമാണ് അശ്വിന്‍ പുനരാവിഷ്കരിച്ചിരിക്കുന്നത്. എന്നാല്‍ പ്രത്യേകത അതല്ല, പാട്ടിനൊപ്പം അദ്ദേഹം ചുവടുകള്‍ വെക്കുന്നത് പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന ഒരു ട്രെഡ് മില്ലിന് മുകളിലാണ് എന്നതാണ് അത്. പോസ്റ്റ് ചെയ്യണമോ എന്ന് കുറേയധികം ആലോചിച്ചെന്നും പക്ഷേ മറ്റു കമല്‍ ഹാസന്‍ ആരാധകരുമായി ഇത് പങ്കുവെക്കണമെന്ന ആഗ്രഹത്തെ അടക്കാനായില്ലെന്നും അശ്വിന്‍ വീഡിയോയ്ക്കൊപ്പം ട്വിറ്ററില്‍ കുറിച്ചു.

വലിയ പ്രതികരണമാണ് ട്വിറ്ററില്‍ വീഡിയോയ്ക്ക് ലഭിച്ചത്. 11,000ല്‍ ഏറെ ലൈക്കുകളും 2600ല്‍ ഏറെ ഷെയറുകളും ഇതിന് ലഭിച്ചു. സമാനമായ വീഡിയോകള്‍ പിന്നാലെയെത്തുമെന്നാണ് ആരാധകരോട് അശ്വിന്‍റെ വാഗ്ദാനം.