പ്രേക്ഷകരെ പോലെതന്നെ താനും ആദിയേയും റാണിയേയും മിസ് ചെയ്യുന്നുവെന്നാണ് പരമ്പരയിൽ റാണിയായി എത്തിയ ലത സംഗരാജു പറയുന്നത്.

ഷ്യാനെറ്റില്‍(Asianet) സംപ്രേഷണം ചെയ്ത സൂപ്പര്‍ഹിറ്റ് പരമ്പരയായിരുന്നു നീലക്കുയില്‍ (Neelakkuyil). കസ്തൂരി എന്ന പെണ്‍കുട്ടിയുടെ ജീവിതം ചുറ്റിപ്പറ്റിയുള്ള പരമ്പര അവസാനിച്ച് കുറച്ച് നാളുകളായി. ആദി എന്ന പത്രപ്രവര്‍ത്തകന്റെ യഥാര്‍ത്ഥമായ വിവാഹവും, ഒരു കാട്ടില്‍ അകപ്പെട്ട് യാദൃശ്ചികമായി മറ്റൊരു വിവാഹം കഴിക്കേണ്ടി വന്നതിന്റേയും കഥയായിരുന്നു പരമ്പര പറഞ്ഞിരുന്നത്. പരമ്പരയില്‍ ആദിയായെത്തിയത് മലയാളിയായ നിഥിന്‍ ജേക് ജോസഫ് ആയിരുന്നു. ആദി നാട്ടില്‍നിന്ന് വിവാഹം കഴിക്കുന്ന റാണിയായെത്തിയത് തെലുങ്ക് താരമായ ലത സംഗരാജുവും, കാട്ടില്‍നിന്നും വിവാഹം കഴിക്കേണ്ടിവരുന്ന കസ്തൂരിയായി എത്തിയത് മലപ്പുറം സ്വദേശിയായ സ്‌നിഷയുമായിരുന്നു. നീലക്കുയില്‍ പരമ്പരയും, നായികയേയും നായകനേയും മിസ് ചെയ്യുന്നുവെന്ന് പറഞ്ഞ് സോഷ്യല്‍മീഡിയയില്‍ പോസ്റ്റ് ചെയ്തിരിക്കുകയാണ് ലത സംഗരാജു.

പരമ്പര കഴിഞ്ഞതിന് തൊട്ടുപിന്നാലെയായിരുന്നു ലതയുടെ വിവാഹം. തെലുങ്ക് രീതിയിലുള്ള വിവാഹത്തിന്റെ ചിത്രങ്ങളും, അതുകഴിഞ്ഞ് മകനുണ്ടായ സന്തോഷവുമെല്ലാം ലത സോഷ്യല്‍മീഡിയയില്‍ പങ്കുവച്ചിരുന്നു. ഒട്ടേറെ മലയാളി ആരാധകരുള്ള ലതയുടെ വിശേഷങ്ങളെല്ലാം കേരളത്തിലും വൈറല്‍ തന്നെയാണ്. കേരളത്തില്‍ പരിചയമില്ലാത്ത വിവാഹവിശേഷങ്ങളും, ഗര്‍ഭകാല വിശേഷവുമെല്ലാം നീലക്കുയില്‍ ആരാധകര്‍ അറിഞ്ഞത് ലതയുടെ പോസ്റ്റുകള്‍ വഴിയായിരുന്നു.

ആദിയേയും റാണിയേയും മിസ് ചെയ്യുന്നു എന്ന ക്യാപ്ഷനോടെയായിരുന്നു കഴിഞ്ഞദിവസം നിതിനൊന്നിച്ചുള്ള പഴയൊരു വീഡിയോ ലത പോസ്റ്റ് ചെയ്തത്. നീലക്കുയില്‍ പരമ്പര ഇഷ്ടപ്പെട്ടിരുന്ന മിക്കവരും, സത്യമായിട്ടും ഞങ്ങളും മിസ് ചെയ്യുന്നുവെന്നാണ് കമന്റ് ചെയ്തിരിക്കുന്നത്. ആദിത്യനും റാണിക്കുമായി ഇപ്പോഴും ഫാന്‍ പേജുകള്‍ പോലുമുണ്ട്.