സ്ക്രീനിലെ ശത്രുതകളെല്ലാം മറന്ന് വീട്ടുകാരെല്ലാം ഒന്നിച്ചിരിക്കുന്ന പുതിയ ചിത്രമാണ് ഇപ്പോൾ സോഷ്യൽമീഡിയയിൽ വൈറലായിരിക്കുന്നു.

പ്രേക്ഷകരെ സ്‌ക്രീനിന്റെ മുന്നില്‍ പിടിച്ചിരുത്തുന്ന പരമ്പരയാണ് കുടുംബവിളക്ക്(Kudumbavilakku). മറ്റ് പരമ്പരകളില്‍നിന്നും വ്യത്യസ്തമായി ട്വിസ്റ്റുകളുടെ ആധിക്യത്തോടെ മുന്നോട്ടുപോകുന്ന പരമ്പരയിലെ കഥാപാത്രങ്ങളും, കഥാഗതിയുമെല്ലാം ആരാധകര്‍ക്ക് ഏറെ പ്രിയപ്പെട്ടതാണ്. പരമ്പരയില്‍ നെഗറ്റീവ് കഥാപാത്രം ചെയ്യുന്നവരോടുവരെ പ്രേക്ഷകര്‍ക്ക് ആരാധനയാണ് എന്നതാണ് കുടുംബവിളക്കിനെ വേറിട്ടുനിര്‍ത്തുന്നത്. പരമ്പരയിലെ താരങ്ങളെല്ലാംതന്നെ സോഷ്യല്‍മീഡിയയിലും സജിവമാണ്. അവര്‍ പങ്കുവയ്ക്കുന്ന ലൊക്കേഷന്‍ വിശേഷങ്ങളും സ്വകാര്യ വിശേഷങ്ങളുമെല്ലാം പെട്ടന്നാണ് ആരാധകരും വൈറലാക്കാറുള്ളത്. ഷൂട്ടിംഗിനായി വാഗമണിലെത്തിയിട്ടുള്ള കുടുംബവിളക്ക് താരങ്ങളുടെ ചിത്രങ്ങളെല്ലാംതന്നെ ഇപ്പോള്‍ സോഷ്യല്‍മീഡിയയില്‍ വൈറലാണ്.

താരങ്ങളെല്ലാം ഒരുമിച്ചിരിക്കുന്ന ചിത്രമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. സിദ്ധാര്‍ത്ഥും സുമിത്രയും പ്രതീഷും അനിരുദ്ധനുമെല്ലാം ഒന്നിച്ചുള്ള ചിത്രം ഇതിനോടകംതന്നെ ആരാധകരുടെ ഫാന്‍ ഗ്രൂപ്പുകളിലും, സീരിയല്‍ പ്രേമികളുടെ പേജുകളിലുമെല്ലാം തരംഗമായിക്കഴിഞ്ഞു. ഈയൊരു വാഗമണ്‍ ട്രിപ്പിന്റെ എപ്പിസോഡിനായുള്ള വെയിറ്റിംഗിലാണെന്നാണ് മിക്ക ആളുകളും കമന്റ് ചെയ്യുന്നത്. കൂടാതെ സിദ്ധാര്‍ത്ഥായി അഭിനയിക്കുന്ന കൃഷ്ണകുമാറിന്റെ അടുത്തിരിക്കുന്നത് പുതിയ അനന്യയാണോ എന്നും പലരും ചോദിക്കുന്നുണ്ട്. നിലവില്‍ അനന്യയെ അവതരിപ്പിക്കുന്ന ആതിര മാധവ് എന്ന താരം ഗര്‍ഭിണിയാണ്. അതുകൊണ്ടാണ് പുതിയ അനന്യ പരമ്പരയിലേക്ക് എത്തുന്നുവോ എന്ന ചോദ്യവുമായി ആരാധകര്‍ എത്തുന്നത്.

സുമിത്ര എന്ന വീട്ടമ്മയുടെ കഥ പറയുന്ന പരമ്പര ആദ്യമെല്ലാം പല തരത്തിലുള്ള വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങിയിരുന്നെങ്കിലും, പിന്നീട് പ്രേക്ഷകരുടെ പ്രിയപ്പെട്ട പരമ്പരകളിലൊന്നായി മാറുകയായിരുന്നു. സിദ്ധാര്‍ത്ഥ് സുമിത്ര ദമ്പതികളുടെ ദാമ്പത്യ പരാജയവും, സിദ്ധാര്‍ത്ഥിന്റെ പുനര്‍വിവാഹവും അതുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങളുമാണ് പരമ്പരയുടെ പ്രധാന കഥാഗതി. വീണ്ടും വിവാഹം കഴിച്ചതോടെ സിദ്ധാര്‍ത്ഥ് നാശത്തിന്റെ വക്കിലേക്കും, സിദ്ധാര്‍ത്ഥ് ഉപേക്ഷിച്ച സുമിത്ര അനുനിമിഷം വളര്‍ച്ചയിലുമാണ്. സുമിത്രയുടെ പിറന്നാള്‍ ആഘോഷവുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് ഇപ്പോള്‍ പരമ്പരയില്‍ നടക്കുന്നത്.