സാന്ത്വനം വീട്ടിലെ ഏട്ടാനിയന്മാരും അവരുടെ ജീവിതപങ്കാളികളുമാണ് പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങള്‍. 

ലയാളി മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരയാണ് സാന്ത്വനം (Santhwanam Serial). കൂട്ടു കുടുംബത്തിന്റെ സ്‌നേഹപൂര്‍ണ്ണമായതും രസകരമായതുമായ നിമിഷങ്ങള്‍ സ്‌ക്രീനിലേക്കെത്തിക്കുന്നതില്‍ പരമ്പര വിജയിച്ചിട്ടുണ്ട്. പ്രണയവും കുടുംബ ബന്ധങ്ങളിലെ മനോഹാരിതയും പറഞ്ഞ് മുന്നോട്ട് പോയിരുന്ന പരമ്പര കുറച്ച് എപ്പിസോഡുകളായി സംഘര്‍ഷഭരിതമായ നിമിഷങ്ങളായാണ് എത്താറുള്ളത്. ശിവാഞ്ജലിയുടെ പ്രണയവും, കണ്ണന്റെ കുസൃതികളും നിറഞ്ഞിരുന്ന പരമ്പര ഇപ്പോള്‍ ലച്ചുവിന്റെ അസൂയയുടെ പിടിയിലാണ്. അതെപ്പോള്‍ അവസാനിക്കുമെന്നും, എപ്പോള്‍ തങ്ങളുടെ ശരിക്കുള്ള സാന്ത്വനത്തെ കിട്ടുമെന്നുമാണ് സോഷ്യല്‍മീഡിയയിലും മറ്റുമായി ആരാധകര്‍ അന്വേഷിക്കുന്നത്.

സാന്ത്വനം വീട്ടിലെ ഏട്ടാനിയന്മാരും അവരുടെ ജീവിതപങ്കാളികളുമാണ് പരമ്പരയിലെ മുഖ്യ കഥാപാത്രങ്ങള്‍. ജീവിതപങ്കാളികളുമായി നല്ല ബന്ധത്തിലാണ് ഏട്ടാനിയന്മാരെങ്കിലും, അവരുടെ വീട്ടുകാര്‍ ആകെ പ്രശ്‌നമാക്കുകയാണ് ചെയ്യുന്നത്. ശിവന്‍-അഞ്ജലി (Sivanjali) ബന്ധത്തില്‍, അഞ്ജലിയുടെ അപ്പച്ചിയായ ജയന്തിയായിരുന്നു പ്രശ്‌നം. അത് ഏകദേശം അടങ്ങിയപ്പോഴാണ്, ഹരിയുടെ ഭാര്യയായ അപര്‍ണ്ണയുടെ അപ്പച്ചി പുതിയ പ്രശ്‌നങ്ങളുമായി ബാംഗ്ലൂരില്‍നിന്നും വരുന്നത്. ഹരി പ്രണയിച്ച് വിവാഹം കഴിക്കുന്ന അപര്‍ണ്ണ നാട്ടുപ്രമാണിയായ തമ്പിയുടെ മകളാണ്. ഹരിയെ വിവാഹം കഴിച്ചതോടെ അപര്‍ണ്ണയെ തമ്പി വീട്ടില്‍നിന്നും അകറ്റുകയും, കാലങ്ങള്‍ക്കുശേഷം, അപര്‍ണ്ണ ഗര്‍ഭിണിയാണെന്ന് അറിഞ്ഞപ്പോള്‍ തിരികെ വീട്ടിലേക്ക് അടുപ്പിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു.

സാന്ത്വനം വീട്ടിലെ മരുമകളായല്ല ആരും നില്‍ക്കുന്നത്, അവിടുത്തെ മക്കളായി തന്നെയാണ്. അതുകൊണ്ടുതന്നെ തമ്പിയാല്‍ തിരികെ വീട്ടിലേക്ക് ക്ഷണിക്കപ്പെടുന്ന അപര്‍ണ്ണ പോകാന്‍ മടിക്കുന്നു. എന്നാല്‍ സാന്ത്വനം വീട്ടിലെ സൗകര്യങ്ങള്‍ മകളുടെ ഗര്‍ഭകാല അവസ്ഥയില്‍ പ്രശ്‌നമാകുമോ എന്ന് ഭയക്കുന്ന തമ്പി മകളെ വീട്ടിലേക്ക് കൊണ്ടുപോകാനാണ് ശ്രമിക്കുന്നത്. ആദ്യമെല്ലാം നല്ല രീതിയിലാണ് തമ്പി ശ്രമിക്കുന്നതെങ്കില്‍ പിന്നീടതിന്റെ രീതി മാറി. സാന്ത്വനം വീട്ടുകാരെ അപകടത്തിലാക്കിയും, തന്റെ സഹോദരിയെ കുടുംബത്തെ തമ്മിലടിപ്പിക്കാനായി പറഞ്ഞയച്ചുമാണ് തമ്പിയുടെ ഇപ്പോഴത്തെ പ്രവര്‍ത്തനം.

തമ്പിയുടെ സഹോദരി സാന്ത്വനം വീടിനെ കീഴ്‌മേല്‍ മറച്ചുകൊണ്ടിരിക്കയാണ്. എല്ലാവരേയും തമ്മിലടിപ്പിക്കാനുള്ള അവരുടെ ശ്രമം പാതിയോളം വിജയിച്ച മട്ടിലുമായിരുന്നു. എന്നാല്‍ ലച്ചുവിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് തിരിച്ചടി കിട്ടാന്‍ തുടങ്ങുകയാണ്. അപര്‍ണയോട് ഇല്ലാത്ത നുണകളെല്ലാം പറഞ്ഞ് മനസ്സുമാറ്റി വീട്ടിലേക്ക് കൊണ്ടുപോകാനാണ് ലച്ചു ശ്രമിച്ചിരുന്നത്. എന്നാല്‍ അപര്‍ണ്ണയോട് മൂത്ത സഹോദരനായ ബാലനും ഭാര്യ ദേവിയും സത്യങ്ങളെല്ലാം പറഞ്ഞ് മനസ്സിലാക്കി കൊടുക്കുകയായിരുന്നു. അപര്‍ണ്ണയെ അപ്പച്ചി വീട്ടിലേക്ക് കൊണ്ടുപോകുന്നതിന്റെ തൊട്ടുമുന്നേയായിരുന്നു ബാലനും ദേവിയും ഇടപെട്ടത്.

വീട്ടിലെ ഇളയവനായ കണ്ണനുമായുള്ള ലച്ചുവിന്റെ പ്രശ്‌നവും, അതിനിടയിലേക്ക് അഞ്ജലി ഇടപെട്ടതുമായിരുന്നു സാന്ത്വനത്തിലെ കഴിഞ്ഞ ദിവസത്തെ പ്രശ്‌നം. വീട്ടിലേക്ക് തമ്പി വാങ്ങിക്കൊണ്ടുവന്ന വാഷിംഗ് മെഷീനില്‍, കണ്ണന്‍ തുണി അലക്കാനിട്ടതായിരുന്നു പ്രശ്‌നത്തിന്റെ തുടക്കം. കണ്ണന്‍ തുണി ഇടുന്നതുകണ്ട ലച്ചും, അതെല്ലാം എടുത്ത് പുറത്തേക്ക് എറിയുകയും കണ്ണനെ അവഹേളിക്കുകയുമായിരുന്നു. അതുകണ്ട് അങ്ങോട്ടെത്തിയ അഞ്ജു ലച്ചുവിനെ കണക്കിന് ശകാരിക്കുകയും ചെയ്യുന്നു. അഞ്ജലിയും ലച്ചുവും തമ്മിലുള്ള പ്രശ്‌നം കണ്ട് അങ്ങോട്ടെത്തുന്ന അപര്‍ണ അഞ്ജലിയെ ചീത്ത പറയുകയും പ്രശ്‌നം വഷളാവുകയുമായിരുന്നു. അതിനുശേഷമാണ് അപര്‍ണ്ണയുമായി വീട്ടിലേക്ക് പോകുകയാണെന്ന് അപ്പച്ചി പറഞ്ഞത്.

അപ്പോഴാണ് വീട്ടിലുള്ളവര്‍ അപര്‍ണ്ണയെ ഉപദേശിക്കാനായി എത്തിയത്. സ്വന്തമായി കണ്ടെത്തിയ ജീവിതമല്ലേ, അതുകൊണ്ട് ഇനിയും മുന്നോട്ടുള്ള ജീവിതത്തിന്റെ തീരുമാനങ്ങള്‍ അപര്‍ണ്ണയ്ക്ക് ഒറ്റയ്‌ക്കെടുക്കാമെന്നും, പക്ഷെ മറ്റ് ആളുകളുടെ വാക്കുകള്‍ക്ക് ഇടകൊടുത്ത് സ്വന്തം ജീവിതം നശിപ്പിക്കരുതെന്നുമാണ് ബാലനും ദേവിയും അപര്‍ണ്ണയോട് പറയുന്നത്. തമ്പിയാണ് എല്ലാ പ്രശ്‌നത്തിന്റേയും കാതലെന്ന് വീട്ടിലെ ഏട്ടാനിയന്മാര്‍ക്ക് മനസ്സിലായിട്ടുമുണ്ട്. ശിവനെ പോലീസ് സ്‌റ്റേഷനില്‍ നിന്നിറക്കിയ നാടകമടക്കം എല്ലാം തമ്പിയുടെ തിരക്കഥയാണെന്ന് മനസ്സിലാക്കിയ അവര്‍ തമ്പിക്കിട്ട് നല്ല പണി കൊടുക്കാനുള്ള ഒരുക്കത്തിലുമാണ്. നിര്‍ണ്ണായകമായ വരും എപ്പിസോഡുകള്‍ക്കായി കാത്തിരിക്കാം.