പരമ്പരയുടെ വരും കഥാഗതികള്‍ പറഞ്ഞുകൊണ്ട് പുതുതായി വന്ന പ്രൊമോ വീഡിയോയില്‍ ശ്രീനിലയത്തിലെ പ്രശ്‌നങ്ങള്‍ക്കൊപ്പം വേദിക ജയിലില്‍ പോകുന്നതും കാണാം.

ശ്രീനിലയം വീട്ടിലെ സുമിത്ര (sumithra) എന്ന വീട്ടമ്മയുടെ സംഭവബഹുലമായ അതിജീവന കഥപറഞ്ഞ് പ്രേക്ഷകരുടെ മനസ്സിലിടം നേടിയ പരമ്പരയാണ് കുടുംബവിളക്ക് (Kudumbavilakku). സുമിത്ര- സിദ്ധാര്‍ത്ഥ് എന്നിവരുടെ വിവാഹമോചനവും, സിദ്ധാര്‍ത്ഥ് വേദിക എന്ന സ്ത്രീയെ വിവാഹം കഴിക്കുന്നതിലൂടെയുമാണ് പരമ്പര തുടങ്ങിയത്. വേദികയെ വിവാഹം കഴിച്ചതോടെ സിദ്ധാര്‍ത്ഥ് തകരാന്‍ തുടങ്ങുന്നു. അതോടൊപ്പം സുമിത്ര വളര്‍ച്ചയിലാകുന്നു. അത് കണ്ട് അസൂയ കൂടുന്ന വേദിക സുമിത്രയെ തകര്‍ക്കാനായി ഇറങ്ങിത്തിരിക്കുകയുമായിരുന്നു. സുമിത്രയ്‌ക്കെതിരെ വേദിക പല കളികളും കളിക്കുന്നുണ്ടെങ്കിലും എല്ലാം പരാജയപ്പെടുകയായിരുന്നു. എന്നാല്‍ അവസാനമായി വേദിക കളിച്ച കളി പരമ്പര ആകെ സംഘര്‍ഷഭരിതമായ മുഹൂര്‍ത്തത്തിലേക്ക് എത്തിക്കുക ആയിരുന്നു.

സുമിത്രയോട് അത്ര അടുപ്പത്തിലല്ലാത്ത അമ്മായിയമ്മ സാവിത്രിയുടെ സഹായത്തോടെ വേദിക ശ്രീനിലയത്തിന്റെ ആധാരം മോഷ്ടിച്ച്, മഹേന്ദ്രന്‍ എന്ന കൊള്ള പലിശക്കാരന് പണയപ്പെടുത്തുന്നു. അതുമായി ബന്ധപ്പെട്ട പ്രശ്‌നങ്ങളാണ് പരമ്പരയില്‍ ഇപ്പോള്‍ നടക്കുന്നത്. പറഞ്ഞ അവധി കഴിഞ്ഞതോടെ ശ്രീനിലയം വിറ്റ് തന്റെ പണം നേടാനായി മഹേന്ദ്രന്‍ ശ്രമിക്കുന്നുണ്ട്. ശ്രീനിലയത്തിലെ പ്രശ്‌നങ്ങളറിഞ്ഞ സുമിത്രയുടെ സുഹൃത്തായ രോഹിത്ത് ആരാണ് ശ്രീനിലയം വില്‍ക്കാന്‍ ശ്രമിക്കുന്നതെന്നും മറ്റും അറിയുന്നു. സുമിത്രയെ പുകച്ച് പുറത്ത് ചാടിക്കാനായി താന്‍ എടുത്തുനല്‍കിയ ആധാരം വേദിക മറ്റൊരു തരത്തില്‍ ഉപയോഗിക്കുന്നു എന്നറിയുന്ന സാവിത്രി, മകളോട് കാര്യങ്ങള്‍ പറഞ്ഞ് വേദികയെ വിളിക്കുന്നുവെങ്കിലും ഒന്നും നടക്കുന്നില്ല. കൂടാതെ വേദിക സാവിത്രിയെ ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുണ്ട്.

പരമ്പരയുടെ വരും കഥാഗതികള്‍ പറഞ്ഞുകൊണ്ട് പുതുതായി വന്ന പ്രൊമോ വീഡിയോയില്‍ ശ്രീനിലയത്തിലെ പ്രശ്‌നങ്ങള്‍ കാണിക്കുന്നതോടൊപ്പം കാണിക്കുന്നത്, വേദിക ജയിലില്‍ ആകുന്നതാണ്. ആ നല്ല നാള്‍ എപ്പോഴാണെന്ന് കാത്തിരിക്കുകയാണ് ആരാധകര്‍. വേദിക ജയിലില്‍ കിടക്കുന്നത് സ്വപ്‌നമായിരിക്കുമോ, അതോ സത്യമാണോ എന്നതാണ് ആരാധകരെ കുഴക്കുന്ന മറ്റൊരു കാര്യം.

പുതിയ പ്രൊമോ കാണാം

YouTube video player