Asianet News MalayalamAsianet News Malayalam

Kudumbavilakku : 'ഞങ്ങളെ ശത്രുക്കളാക്കിയത് നിങ്ങളാണ്', സത്യം വെളിപ്പെടുത്തി 'കുടുംബവിളക്ക്' അനിരുദ്ധന്മാര്‍

'കുടുംബവിളക്കി'ലെ അനിരുദ്ധന്മാർ തമ്മിൽ പിണക്കമാണോ എന്ന ചർച്ച പലപ്പോഴും സോഷ്യൽമീഡിയയിൽ ചർച്ചയാണ്. കൂടാതെ ശ്രീജിത്ത് വിജയ് ഉപേക്ഷിക്കുന്ന വേഷങ്ങളെല്ലാം എങ്ങനെയാണ് ആനന്ദിന്റെ കയ്യിലെത്തുന്നതെന്നും പലർക്കും സംശയമുണ്ട്. അതിന്റെ വിശേഷങ്ങൾ പങ്കു വയ്ക്കുകയാണ് ശ്രീജിത്തും അനിരുദ്ധും.

asianet serial kudumbavilakk fame anand narayan interview with actor sreejith vijay
Author
Kerala, First Published Dec 4, 2021, 2:55 PM IST
  • Facebook
  • Twitter
  • Whatsapp

പ്രേക്ഷകപ്രീതിയില്‍ മുന്നിട്ട് നില്‍ക്കുന്ന പരമ്പരയാണ് 'കുടുംബവിളക്ക്'. സുമിത്ര എന്ന വീട്ടമ്മയുടെ അതിജീവനത്തിന്റേയും, കുടുംബത്തിന്റേയും കഥ പറയുന്ന പരമ്പര റേറ്റിംഗിലും മുന്നില്‍ തന്നെയാണ്. 'തന്മാത്ര' എന്ന മോഹന്‍ലാല്‍ ചിത്രത്തിലൂടെ മലയാളിക്ക് സുപരിചിതയായ മീര വാസുദേവാണ് പരമ്പരയില്‍ പ്രധാന കഥാപാത്രമായ സുമിത്രയായെത്തുന്നത്. പരമ്പര പ്രേക്ഷകര്‍ക്ക് പ്രിയപ്പെട്ടതാണെങ്കിലും പരമ്പരയില്‍ അടിക്കടിയുണ്ടായ താരങ്ങളുടെ പിന്മാറ്റവും പുന:സ്ഥാപിക്കലുകളും ആരാധകരില്‍ ചെറിയ അസ്വാരസ്യങ്ങള്‍ ഉണ്ടാക്കിയിരുന്നു. തുടക്കത്തില്‍ പരമ്പരയില്‍ സുമിത്രയുടെ മകനായെത്തിയത് മലയാളിക്ക് സുപരിചിതനായ ശ്രീജിത്ത് വിജയ് ആയിരുന്നു. എന്നാല്‍ വൈകാതെതന്നെ പരമ്പരയില്‍നിന്ന് ശ്രീജിത്ത് പിന്മാറുകയും പകരക്കാനായി തിരുവനന്തപുരം സ്വദേശിയായ ആനന്ദ് നാരായണന്‍ എത്തുകയുമായിരുന്നു. അതിനുശേഷവും 'കുടുംബവിളക്ക്' ആരാധകര്‍ നിരവധി താരമാറ്റത്തിന് സാക്ഷ്യം വഹിച്ചു.


കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന താരങ്ങള്‍ മാറുമ്പോള്‍ സോഷ്യല്‍മീഡിയയില്‍ ചര്‍ച്ചകള്‍ സ്വാഭാവികമാണ്. അനിരുദ്ധ് മാറിയപ്പോഴും അങ്ങനെ തന്നെയായിരുന്നു. 'ശ്രീജിത്ത് വിജയ് സീരിയല്‍ ലൊക്കേഷനില്‍ തല്ലുണ്ടാക്കിയാണ് പോയത്, പുതുതായി അനിരുദ്ധിനെ അവതരിപ്പിക്കാനായി വന്ന നടനുമായി ശ്രീജിത്ത് പ്രശ്‌നമുണ്ടാക്കി, പഴയ അനിരുദ്ധും പുതിയ അനിരുദ്ധും തമ്മില്‍ കണ്ടാല്‍ മിണ്ടാത്തത്രയും ശത്രുതയാണ്' തുടങ്ങിയ തരത്തിലാണ് പല യൂട്യൂബ് ചാനലുകാരും വാര്‍ത്തകള്‍ പുറത്തുവിട്ടത്. എന്നാല്‍ എന്താണ് സത്യാവസ്ഥയെന്ന് തുറന്ന് പറയുകയാണ് ഇരുവരും. തമ്മില്‍ ആദ്യമായാണ് കാണുന്നത് എന്നുപറഞ്ഞായിരുന്നു ഇരുവരുടേയും സംസാരം ആരംഭിക്കുന്നതുതന്നെ. ഇതുവരെ തമ്മില്‍ കാണാത്ത ഞങ്ങളെ ശത്രുക്കളാക്കിയത് നിങ്ങളാണ് എന്നും ഇരുവരും പറയുന്നുണ്ട്. 'നീ എന്റെ അപരനാണോ' എന്ന തലക്കെട്ടോടെ, ആനന്ദ് നാരായണനാണ് തന്റെ യൂട്യൂബ്  ചാനലില്‍ ശ്രീജിത്ത് വിജയുമായുള്ള സംസാരത്തിന്റെ (അഭിമുഖം) വീഡിയോ പോസ്റ്റ് ചെയ്‍തത്.


ശ്രീജിത്ത് പറയുന്നു- 'ഒരു കാരണവുമില്ലാതെ ആരും, ചെയ്യുന്ന ഒരു വര്‍ക്കും ഉപേക്ഷിക്കില്ല എന്ന് നമുക്കറിയാം. ക്വാറന്റൈനുമായി ബന്ധപ്പെട്ട കാരണങ്ങളാണ് 'കുടുംബവിളക്ക്' ഉപേക്ഷിക്കാനുണ്ടായ കാരണം. അതിന് മുന്നേയും നമുക്ക് ഇങ്ങനെ സംഭവിച്ചിട്ടുണ്ട്. മുന്നേ ഒരു പരമ്പരയില്‍ ഞാന്‍ പിന്മാറേണ്ടി വന്നപ്പോള്‍ അവിടേയും പകരക്കാരനായെത്തിയത് ആനന്ദ് തന്നെയാണ്. അവിചാരിതമായി അവിടേയും നമ്മുടെ അനിയന്‍ നൂബിനുമായിരുന്നു (നൂബിന്‍- 'കുടുംബവിളക്കി'ലെ സുമിത്രയുടെ ഇളയ മകന്‍ പ്രതീഷ്). എല്ലാം അപ്രതീക്ഷിതമായാണ് സംഭവിക്കുന്നത്. ഈയടുത്ത് പുതിയൊരു വര്‍ക്കിലേക്ക് ജോയിന്‍ ചെയ്‍തപ്പോള്‍ പലരും മെസേജായിട്ടും നേരിട്ടും ചോദിച്ചത്, എപ്പോഴാണ് ഇവിടെനിന്നും പിന്മാറിയിട്ട് ആനന്ദിന് വേഷം കൊടുക്കുന്നത് എന്നായിരുന്നു. സിനിമ പോലെയല്ല സീരിയലുകള്‍, സീരിയലെന്നത് ഒരു നീണ്ട യാത്രമാണ് ചിലപ്പോള്‍ രണ്ടോ മൂന്നോ വര്‍ഷത്തിലധികം നീണ്ടേക്കാം.


ആ സമയത്ത് സീരിയലിന്റെ പിന്നണിയിലുള്ള പലരും മാറുന്നുണ്ട്. ക്യാമറാമാന്മാരും സംവിധായകരുമടക്കം പലരും മാറും, എന്നാല്‍ പ്രേക്ഷകര്‍ അറിയുന്നത് ക്യാമറയ്ക്ക് മുന്നിലുള്ളവരുടെ മാറ്റം മാത്രമായിരിക്കും.'  തന്റെ വീട്ടുവിശേഷങ്ങളും സിനിമയിലേക്കുള്ള വരവും രതിനിര്‍വേദത്തില്‍ അഭിനയിച്ചതിന്റെ വിശേഷങ്ങളുമെല്ലാം ശ്രീജിത്ത് വീഡിയോയിലൂടെ പങ്കുവയ്ക്കുന്നുണ്ട്. ആനന്ദിന്റെ എല്ലാ വീഡിയോയും പോലെതന്നെ മനോഹരമായ അവതരണത്തിലൂടെയും, രസകരമായ സംസാരത്തിലൂടെയും ആരാധകരെ കയ്യിലെടുക്കാന്‍ താരത്തിന് കഴിയുന്നുണ്ട്.

Follow Us:
Download App:
  • android
  • ios