ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കഴിഞ്ഞ ദിവസം റെനീഷ ആരാധകര്‍ക്കുമുന്നില്‍ ലൈവിലെത്തിയത്. ആരാധകരോട് സംസാരിച്ചും, ആരാധകര്‍ക്ക് മറുപടി നല്‍കിയും, പാട്ടുപാടിയും റെനീഷ ആളുകളെ കയ്യിലെടുത്തു എന്നുവേണം പറയാന്‍.

ഏഷ്യാനെറ്റിലെ ജനപ്രിയപരമ്പരകളിലൊന്നാണ് സീതാകല്ല്യാണം. സീത സ്വാതി എന്നീ സഹോദരിമാരുടേയും, അവരുടെ ഭര്‍ത്താക്കന്മാരുടേയും ജീവിതകഥ പറയുന്ന പരമ്പരയില്‍ സ്വാതിയായെത്തുന്നത് പാലക്കാട് ആലത്തൂര്‍ സ്വദേശിയായ റെനീഷ റഹ്മാനാണ്. ഏഷ്യാനെറ്റിന്റെ ഫേസ്ബുക്ക് പേജിലൂടെയാണ് കഴിഞ്ഞ ദിവസം റെനീഷ ആരാധകര്‍ക്കുമുന്നില്‍ ലൈവിലെത്തിയത്. ആരാധകരോട് സംസാരിച്ചും, ആരാധകര്‍ക്ക് മറുപടി നല്‍കിയും, പാട്ടുപാടിയും റെനീഷ ആളുകളെ കയ്യിലെടുത്തു .

പാലക്കാട് ചിറ്റൂര്‍ കോളേജില്‍ ഡിഗ്രിക്ക് ചേര്‍ന്നെങ്കിലും ഷൂട്ടും മറ്റുമായി കോളേജില്‍ പോകാന്‍ കഴിയാതെ പഠനം തല്‍ക്കാലം നിര്‍ത്തിവച്ചിരിക്കയാണെന്നാണ് റെനീഷ പറയുന്നത്. എന്താണ് ഹോബി എന്ന് ചോദിച്ചവരോട് കണ്ണാടിക്കുമുന്നില്‍ നിന്ന് അഭിനയിച്ചുനോക്കും പാട്ടുകള്‍ കേള്‍ക്കാറുണ്ട് എന്നിങ്ങനെയാണ് താരം മറുപടി കൊടുക്കുന്നത്. ലൈവ് തുടങ്ങി അവസാനിക്കുന്നതുവരെ ആരാധകര്‍ ചോദിക്കുന്നത് സ്വാതിയുടെ വിശേഷങ്ങളും, ലോക്ക്ഡൗണ്‍ കാര്യങ്ങളും, സീരിയല്‍ ഷൂട്ടിംഗ് വിശേഷങ്ങളുമാണ്.

കണ്ണ് കലങ്ങിയിരിക്കുന്നല്ലോ എന്ന ചോദ്യത്തിന് താരം നല്‍കിയ മറുപടി രസകരമായിരുന്നു. ഞാനിവിടെ അജയിയെ കാണാതെ കരഞ്ഞ് ഇരിക്കുകയാണെന്നും, അതിനായിട്ട് ഒരുപാട് ഗ്ലിസറിന്‍ കണ്ണില്‍ ഇട്ടതുകൊണ്ടാണ് കണ്ണ് ചുമന്നിരിക്കുന്നതെന്നാണ് താരം പറയുന്നത്. പരമ്പരയില്‍ ഭര്‍ത്താവായ അജയിയെ കാണാതെ ആകെ മാനസികനിലതെറ്റി നടക്കുന്ന അവസ്ഥയാണ് സ്വാതിയുടേത്.

ആരാധകരെല്ലാം റെനീഷയോട് ആവശ്യപ്പെടുന്നത് പാട്ടുപാടാനായിരുന്നു. ഒരുപാട് ആളുകള്‍ പറഞ്ഞതല്ലെ എന്നുവിചാരിച്ച് മാത്രമാണ് പാട്ട് പാടുന്നതെന്നും, അല്ലാതെ പാടാന്‍ തനിക്ക് അറിയില്ലെന്നും അറിയിച്ചിട്ടാണ് റെനീഷ 'കുടജാദ്രിയില്‍ കുടചൂടുവാന്‍' എന്നുതുടങ്ങുന്ന ആല്‍ബം പാട്ടിന്റെ രണ്ട് വരി പാടിയത്. റെനീഷയുടെ ലൈവില്‍ ഒരുപാട് ആളുകളാണ് സീതാകല്ല്യാണത്തിന്റെ മുന്‍നിര, അണിയറ പ്രവര്‍ത്തകരെയെല്ലാം അന്വേഷിക്കുന്നതും, ആശംസകള്‍ അറിയിക്കുന്നതും.