ജനപ്രിയ പരമ്പരയായ വാനമ്പാടി ഉദ്വേഗജനകമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. പാട്ടുകാരനായ മോഹന്‍കുമാറിന്റെ കുടുംബവും അയാളുടെ ജീവിതത്തിലെ വെല്ലുവിളികളിലൂടെയും മറ്റുമാണ് പരമ്പര പുരോഗമിക്കുന്നത്. അനുമോള്‍ തന്റെ പഴയകാല കാമുകിയില്‍ തനിക്കുണ്ടായ മകളാണെന്ന സത്യം മോഹന്‍ തിരിച്ചറിഞ്ഞുകഴിഞ്ഞു. എന്നാല്‍ ആ സത്യം മോഹന്‍ ഇതുവരെയും പരസ്യമായി പറഞ്ഞിട്ടില്ല. പക്ഷെ സത്യമറിഞ്ഞ പത്മിനിയുടെ അച്ഛന്‍ മോഹനോട് സൗമ്യനായി പെരുമാറിയശേഷം സ്വയം ഒളിവില്‍ പോകുകയാണുണ്ടായത്. മേനോന്റെ ഒളിച്ചുകളി എന്തിനാണെന്ന് ഇതുവരെയും പ്രേക്ഷകര്‍ക്ക് അറിവില്ലായിരുന്നുവെങ്കില്‍ കഴിഞ്ഞ രണ്ട് എപ്പിസോഡുകളിലൂടെ മേനോന്റെ വലിയ നാടകം പ്രേക്ഷകര്‍ മനസ്സിലാക്കി.

രംഗത്ത് താന്‍ ഇല്ലായെന്ന് വരുത്തിത്തീര്‍ത്തശേഷം മോഹനെ ഇല്ലാതാക്കുകയാണ് മേനോന്റെ ലക്ഷ്യം. അതിനായി മേനോന്‍ ഒരുക്കിയ അപകടത്തിൽ ചന്ദ്രനും മോഹനും പരിക്കുകളോടെ ആശുപത്രിയിലാണ്. മേനോന്റെ തിരോധാനവുമായി ബന്ധപ്പെട്ടുള്ള ചോദ്യംചെയ്യല്‍ കഴിഞ്ഞ് പോലീസ് സ്‌റ്റേഷനില്‍ നിന്നും മടങ്ങവെയാണ് മേനോന്‍ പറഞ്ഞുറപ്പിച്ച ലോറി ഇരുവരും സഞ്ചരിച്ച കാറില് ഇടിക്കുന്നത്. മേനോനും പത്മിനിയുടെ അങ്കിളായ പോലീസുകാരനും കൂടെ അപടകം സാധാരണമായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമത്തിലാണ്. എന്നാല്‍ പത്മിനി അപകടത്തിന്റെ സത്യങ്ങള്‍ അറിയരുതെന്നും, എന്തൊക്കെ പറഞ്ഞാലും മോഹനെ അപായപ്പെടുത്താന്‍ ശ്രമിച്ചെന്നറിഞ്ഞാല്‍ പത്മിനി വെറുതെയിരിക്കില്ലായെന്നുമാണ് മേനോന്‍ പറയുന്നത്.

ശ്രീമംഗലത്തെ മോഹന്റെ അമ്മയും, തംബുരുവും, അനുമോളും മറ്റും അപകടം ഒന്നുമറിയാതെ വീട്ടില്‍ അവരേയും കാത്തിരിക്കുകയാണ്. ഹോസ്പിറ്റലിലുള്ളത് പത്മിനിയും പത്മിനിയുടെ അമ്മയുമാണ്. തലയ്ക്ക് സ്റ്റിച്ചുകള്‍ മാത്രമുള്ള ചന്ദ്രന്‍ ബോധം വരുമ്പോള്‍ മോഹനെ തിരക്കുന്നുണ്ട്. അപ്പോഴങ്ങോട്ട് വരുന്ന പത്മിനിയുടെ അങ്കിളായ പോലീസുകാരനോട് ചന്ദ്രന്‍ കയര്‍ക്കുന്നിടത്താണ് പുതിയ എപ്പിസോഡ് അവസാനിക്കുന്നത്. ഇത് സാധാരണ അപകടമല്ലെന്നും, തങ്ങളെ ഇടിച്ച ലോറി പിന്നോക്കംപോയി തിരികെ വന്ന് വീണ്ടും ഇടിക്കുകയായിരുന്നുവെന്നും ചന്ദ്രന്‍ പറയുന്നുണ്ട്. ഇതെല്ലാം കേട്ട് പത്മിനി ഞെട്ടിത്തരിച്ചിരിക്കുകയാണ്. ഇതുവരെയും പ്രേക്ഷകര്‍ കണ്ടത് തമാശയും മണ്ടത്തരവും ചെറിയ കുരുട്ടുബുദ്ധിയുമായി നടക്കുന്ന മേനോനെയാണെങ്കില്‍ ഇനിയങ്ങോട്ട് അങ്ങനെയാകില്ല. പരമ്പരയില്‍ മേനോന്റെ ചോരക്കളി തുടങ്ങിയിരിക്കുകയാണ്.

മോഹന്‍ ജീവനോടെയുണ്ടോ, എന്താണ് മോഹന്റെ ആരോഗ്യസ്ഥിതി എന്നതെല്ലാം സസ്‌പെന്‍സാക്കി നിര്‍ത്തിയിരിക്കുകയാണ്. മോഹന്‍ തിരികെ വീട്ടിലെത്തുന്നത് മരിച്ചിട്ടോ, അല്ലായെങ്കില്‍ അതിനെക്കാളും ഭീകരമായോ ആയിരിക്കണമെന്നാണ് മേനോന്‍ പറയുന്നത്. കഥ അതിന്റെ ഭീകരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് കടന്നുപോകുന്നത്. എന്താകും ഇനി സംഭവിക്കുക എന്നറിയാന്‍ കാത്തിരിക്കുക തന്നെവേണം.