വിശുദ്ധ അൽഫോന്‍സാമ്മയായും അമലയെന്ന പ്രതിനായക കഥാപാത്രമായും മലയാളിക്ക് പരിചിതയായ അശ്വതി തന്‍റെ വിവാഹവാർഷിക സന്തോഷം പങ്കുവച്ചിരിക്കുകയാണിപ്പോൾ

മിനിസ്‌ക്രീനില്‍ എക്കാലത്തും ഓര്‍ത്തുവയ്ക്കാവുന്ന ചില കഥാപാത്രങ്ങളെ സമ്മാനിച്ച താരമാണ് അശ്വതി എന്ന പ്രസില്ല ജെറിൻ (Aswathy Presilla Jerin). സ്‌ക്രീനിലേക്ക് മടങ്ങിയെത്തിയിട്ട് നാളുകള്‍ ഒരുപാട് ആയെങ്കിലും മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്ക് അശ്വതി ഇന്നും പ്രിയ താരമാണ്. അല്‍ഫോന്‍സാമ്മ, കുങ്കുമപ്പൂവ് തുടങ്ങിയ പരമ്പരകളിലെ അശ്വതിയുടെ കഥാപാത്രങ്ങളെല്ലാം പ്രേക്ഷകര്‍ക്ക് സുപരിചിതവുമാണ്. വിവാഹശേഷം അഭിനയരംഗത്തുനിന്നും വിട്ടുനില്‍ക്കുന്ന അശ്വതി സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഒരുപാട് കാലത്തിനുശേഷം ഒരു പരസ്യത്തില്‍ അഭിനയിച്ച സന്തോഷം കഴിഞ്ഞ കുറച്ച് ദിവസങ്ങള്‍ക്കുമുന്നേ അശ്വതി പങ്കുവച്ചിരുന്നു.

തന്‍റെ പതിനൊന്നാം വിവാഹവാര്‍ഷികത്തിന്‍റെ സന്തോഷമാണ് അശ്വതി കഴിഞ്ഞദിവസം പങ്കുവച്ചത്. നാട്ടുകാരുടെയും വീട്ടുകാരുടെയും ആശീര്‍വാദത്തോടുകൂടെ ഒന്നായിട്ട് ഇന്നേക്ക് 11 വര്‍ഷമായെന്നാണ് ഭര്‍ത്താവിനൊപ്പമുള്ള ചിത്രത്തോടൊപ്പം അശ്വതി കുറിച്ചത്. അഭിനേത്രിയായ വീണ നായരടക്കമുള്ള ഒട്ടനവധി ആളുകളാണ് അശ്വതിക്ക് വിവാഹവാര്‍ഷിക ആശംസകള്‍ പങ്കുവച്ചത്. 11 വര്‍ഷം മുന്നേയുള്ള കെട്ടുകല്ല്യാണത്തിന്‍റെ ചിത്രവും അശ്വതി ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ചിട്ടുണ്ട്.

കുങ്കുമപ്പൂവ് എന്ന പരമ്പരയില്‍ അമല എന്ന നെഗറ്റീവ് കഥാപാത്രത്തെ അനശ്വരമാക്കിയാണ് അശ്വതി ആരാധകരെ നേടുന്നത്. പിന്നീടായിരുന്നു അല്‍ഫോന്‍സാമ്മ എന്ന പരമ്പരയിലെ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധ നേടിയത്. പത്തനംതിട്ട സ്വദേശിയായ ജെറിനെ വിവാഹം കഴിച്ച് യുഎഇയിലാണ് അശ്വതിയിപ്പോള്‍.