ടെലിവിഷന്‍ പ്രേക്ഷകരുടെ പ്രിയ പരമ്പരകളില്‍ ഒന്നാണ് 'കുടുംബവിളക്ക്'. അതിലെ കഥാപാത്രങ്ങള്‍ക്കുമുണ്ട് ആ ജനപ്രീതി. അത്തരത്തിലൊരു കഥാപാത്രമാണ് ആതിര മാധവ് അവതരിപ്പിക്കുന്ന 'അനന്യ'. സോഷ്യല്‍ മീഡിയയില്‍ സജീവമായുള്ള ആതിര, തന്‍റെ ജീവിതത്തിലെ ഒരു പ്രധാന വിശേഷം നേരത്തേ ആരാധകരുമായി പങ്കുവച്ചിരുന്നു. ഒന്‍പതാം തീയ്യതി ആയിരുന്നു ആതിരയുടെ വിവാഹം. വിവാഹത്തിന്‍റെ സന്തോഷം ഇന്‍സ്റ്റഗ്രാം ചിത്രങ്ങളിലൂടെ ആതിര പങ്കുവച്ചു.

രാജീവ് മേനോന്‍ ആണ് ആതിരയുടെ ജീവിതത്തിലേക്ക് കടന്നുവന്നിരിക്കുന്നത്. വണ്‍ പ്ലസ് കമ്പനിയില്‍ ഉദ്യോഗസ്ഥനാണ് രാജീവ്. നീണ്ട പ്രണയകാലത്തിനൊടുവിലായിരുന്നു ഇരുവരുടെയും വിവാഹം. ഹല്‍ദി ദിനത്തിലെ ചിത്രങ്ങളും വിവാഹവസ്ത്രത്തിലുള്ള വ്യത്യസ്തമായ ഡാന്‍സ് വീഡിയോയുമൊക്കെ ആതിര ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചിട്ടുണ്ട്.

നെഗറ്റീവ് ഷെയ്‍ഡുള്ള കഥാപാത്രമായെത്തി കഥ പുരോഗമിക്കവെ പ്രേക്ഷകരുടെ പ്രിയകഥാപാത്രമായി മാറിയ ഒന്നാണ് 'കുടുംബവിളക്കി'ലെ അനന്യ. സിനിമാതാരം മീര വാസുദേവ് സുമിത്ര എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന പരമ്പരയില്‍ അവരുടെ മരുമകളായാണ് ആതിര എത്തുന്നത്.