ബാബു ആന്‍റണി എന്ന പേര് കേള്‍ക്കുമ്പോള്‍ അദ്ദേഹം അഭിനയിച്ച ആക്ഷന്‍ ചിത്രങ്ങളാവും കൂടുതല്‍ പ്രേക്ഷകരുടെയും മനസിലേക്ക് ആദ്യമെത്തുക. എന്നാല്‍ അദ്ദേഹത്തിന്‍റെ വേറിട്ട രൂപഭാവങ്ങള്‍ വ്യത്യസ്തമായി ഉപയോഗിക്കപ്പെട്ട സിനിമകളും ഉണ്ടായിട്ടുണ്ട്. ഭരതന്‍റെ വൈശാലിയിലെ ലോമപാദനും എം പി സുകുമാരന്‍ നായരുടെ ശയനത്തിലെ കഥാപാത്രവുമൊക്കെ അതിന് ഉദാഹരണങ്ങളാണ്. ഇപ്പോഴിതാ യേശു ക്രിസ്തുവിനെ അവതരിപ്പിക്കാന്‍ ഒരിക്കല്‍ ക്ഷണിക്കപ്പെട്ടതിനെക്കുറിച്ച് പറയുകയാണ് ബാബു ആന്‍റണി. നടക്കാതെ പോയ ആ സിനിമയെക്കുറിച്ചു പറയുന്ന അദ്ദേഹം മേക്കപ്പ് ടെസ്റ്റിനുവേണ്ടിഅന്നെടുത്ത ചിത്രവും പങ്കുവച്ചിട്ടുണ്ട് സോഷ്യല്‍ മീഡിയയില്‍.

"ഒരു സിനിമയില്‍ യേശു ക്രിസ്തുവിനെ അവതരിപ്പിക്കാന്‍ മേക്കപ്പ് ടെസ്റ്റ് നടത്തിയ നിമിഷങ്ങള്‍ ഞാന്‍ ജീവിതത്തില്‍ നിധി പോലെ കൊണ്ടുനടക്കുന്ന ഓര്‍മ്മയാണ്. തിരക്കഥാപരമായും മറ്റ് ചില കാരണങ്ങളും കൊണ്ട് ആ സിനിമ നടക്കാതെ പോയെങ്കിലും അതുപോലെയൊന്ന് എപ്പോഴെങ്കിലും ചെയ്യാനാവുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു. മേക്കപ്പ് ടെസ്റ്റിനിടെ എടുത്ത ഈ ചിത്രം എനിക്ക് ഏറ്റവും വിലപ്പെട്ടതാണ്. എല്ലാവര്‍ക്കും എന്‍റെ ഈസ്റ്റര്‍ ആശംസകള്‍", ബാബു ആന്‍റണി ഫേസ്ബുക്കില്‍ കുറിച്ചു.

റോഷന്‍ ആന്‍ഡ്രൂസിന്‍റെ കായംകുളം കൊച്ചുണ്ണിയിലും ഹനീഫ് അദേനിയുടെ മിഖായേലിലും ബാബു ആന്‍റണി ശ്രദ്ധേയ വേഷങ്ങളില്‍ എത്തിയിരുന്നു. അദ്ദേഹത്തെ നായകനാക്കി പവര്‍ സ്റ്റാര്‍ എന്ന പേരില്‍ ഒരു ചിത്രം ഒമര്‍ ലുലു അനൌണ്‍സ് ചെയ്‍തിരുന്നു.