അമർ അക്ബർ അന്തോണി എന്ന ചിത്രത്തിലൂടെ പാത്തുക്കുട്ടിയായെത്തി മലയാളികളുടെ മനസ്സിലിടം പിടിച്ച താരമാണ് മീനാക്ഷിയെന്ന ബാലതാരം. എന്നോ ഞാനെന്റെ മുറ്റത്തൊരറ്റത്ത് എന്ന പാട്ടിലൂടെ കുട്ടികളെല്ലാം മീനാക്ഷിയെ ഏറ്റെടുക്കുകയായിരുന്നു. ഇപ്പോളിതാ കൊവിഡിനെ തുരത്താനായിട്ട് കൈ കഴുകുന്നതിന്റെ ആവശ്യകത കുട്ടികളെയും മുതിര്‍ന്നവരേയും മനസ്സിലാക്കാനായി എത്തിയിരിക്കുകയാണ് മീനാക്ഷി. പ്രളയവും നിപ്പയും വന്നപ്പോള്‍ ഒന്നിച്ചുനിന്ന നമ്മള്‍ക്കെന്ത് കൊവിഡ്. നമുക്കിതും നിസ്സാരമായി മറികടക്കാം, കരുതലോടെ നേരിടാം എന്നുപറഞ്ഞാണ് കുട്ടിത്താരം വീഡിയോ പങ്കുവച്ചിരിക്കുന്നത്.

കുരുമുളകുപൊടിയെ കൊറോണവൈറസാക്കി ഒരു പാത്രത്തിലെ വെള്ളത്തിലിട്ട്, സോപ്പുപയോഗിക്കാതെയും സോപ്പ് ഉപയോഗിച്ചും കൈകൊണ്ടത് തൊടുമ്പോഴുള്ള വിത്യാസമാണ് കുട്ടിത്താരം പങ്കുവയ്ക്കുന്നത്. കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കാനുള്ള നല്ല വീഡിയോ ആണെന്നും, വീട്ടിലെ അനിയന്മാരെയും അനിയത്തിമാരെയുമൊക്കെ കൈ കഴുകുന്നതിന്റെ പ്രാധാന്യം മനസ്സിലാക്കിക്കൊടുക്കണമെന്നാണ് മീനാക്ഷി പറയുന്നത്.

കുട്ടികളും മുതിര്‍ന്നവരും ഇതിനോടകം തന്നെ വീഡിയോ ഏറ്റെടുത്തുകഴിഞ്ഞിട്ടുണ്ട്. ഏതായാലും കുട്ടികള്‍ക്ക് കാണിച്ചുകൊടുക്കുമെന്നും, പാത്തുക്കുട്ടി ആരോഗ്യം നോക്കണമെന്നും മറ്റുമള്ള സ്‌നേഹത്തിന്റെ ഭാഷകൊണ്ട് താരത്തിന്റെ ആരാധകര്‍ കമന്റ്‌ബോക്‌സ് നിറച്ചിരിക്കയാണ്.

താരത്തിന്റെ വീഡിയോ കാണാം.