ബാന്ദ്ര: യുവനടന്‍ സുശാന്ത് സിംഗ് രാജ്പുതിന്‍റെ മരണത്തിന് പിന്നാലെ യഷ് രാജ് ഫിലിംസുമായി സുശാന്ത് ഏര്‍പ്പെട്ടിരുന്ന കരാറിന്‍റെ കോപ്പി ആവശ്യപ്പെട്ട് പൊലീസ്. സുശാന്തിന്‍റെ മരണം സംബന്ധിച്ച പരാതികള്‍ പരിശോധിക്കുന്ന ബാന്ദ്ര പൊലീസിന്‍റേതാണ് നടപടി. യഷ് രാജ് ഫിലിംസിന്‍റെ രണ്ട് സിനിമകളിലാണ് സുശാന്ത് അഭിനയിച്ചത്. 2013ല്‍ ശുദ്ധ് ദേശി റൊമാന്‍സ്,2015ല്‍ ഡിറ്റക്ടീവ് ബ്യോംകേഷ് ബക്ഷി എന്നീ ചിത്രങ്ങളായിരുന്നു അത്. 

മരണത്തിന് മുമ്പ് സുശാന്ത് ഫോണിൽ വിളിച്ചത് രണ്ട് തവണ; നടി റിയാ ചക്രവർത്തിയെ പൊലീസ് ചോദ്യം ചെയ്തു

ഈ സമയത്ത് സുശാന്തിന് യഷ് രാജ് ഫിലിംസിന്‍റെ മറ്റൊരു ചിത്രത്തില്‍ കൂടി അഭിനയിക്കാനുള്ള അവസരം ലഭിച്ചിരുന്നതായാണ് സൂചന. ശേഖര്‍ കപൂറിനൊപ്പമുള്ള സുശാന്തിന്‍റെ ചിത്രത്തിന്‍റെ നിര്‍മ്മാണം യഷ് രാജ് ഫിലിംസായിരുന്നു. എന്നാല്‍ ഈ ചിത്രം പിന്നീട് ഉപേക്ഷിക്കുകയായിരുന്നു. സുശാന്തിന്‍റെ സുഹൃത്ത് റിയ ചക്രബര്‍ത്തി അടക്കം പതിമൂന്നോളം പേരുടെ മൊഴിയാണ് ഇതിനോടകം ബാന്ദ്ര പൊലീസ് ശേഖരിച്ചിട്ടുള്ളത്. സുശാന്തിന്‍റെ മരണത്തില്‍ കുടുംബം ഔദ്യോഗികമായി പരാതി നല്‍കിയിട്ടില്ല. പ്രാഥമിക റിപ്പോര്‍ട്ടുകളും പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടിലും മരണത്തില്‍ ദുരൂഹതയുള്ളതായി സൂചനയില്ല. ജൂണ്‍ 14നാണ് യുവനടനെ ബാന്ദ്രയിലെ വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.

'വിഷമിക്കാനെങ്കിലും സമയം നല്‍കണം'; സുശാന്തിന്‍റെ മരണത്തിന് പിന്നാലെ ഉയരുന്ന ആരോപണങ്ങളേക്കുറിച്ച് ഏക്ത കപൂര്‍

സുശാന്ത് സിംഗ് രാജ്‍പുതിന്‍റെ മരണത്തില്‍ ഏക്താ കപൂറടക്കമുള്ളവര്‍ക്കെതിരെ അഭിഭാഷകൻ കേസ് നല്‍കിയിരുന്നു. കരണ്‍ ജോഹര്‍, സല്‍മാൻ ഖാൻ, സഞ്‍ജയ് ലീല ബൻസാലി, ഏക്താ കപൂര്‍ എന്നിവര്‍ക്കെതിരെ അഭിഭാഷകൻ സുധീര്‍ കുമാര്‍ ഓജ കേസ് കൊടുത്തത്. ഹിന്ദി സിനിമ ലോകത്തെ വിവേചനമാണ് സുശാന്തിനെ ആത്മഹത്യയിലേക്ക് നയിച്ചത് എന്ന് ചൂണ്ടിക്കാട്ടി നേരത്തെ താരങ്ങളടക്കമുള്ളവര്‍ രംഗത്ത് എത്തിയിരുന്നു. കരണ്‍ ജോഹറിനും സല്‍മാൻ ഖാനുമെതിരെ രൂക്ഷ വിമര്‍ശനങ്ങളുമുണ്ടായിരുന്നു.  സെക്ഷൻ 306, 109, 504, 506 വകുപ്പുകള്‍ പ്രകാരമാണ് ഇപ്പോള്‍ സുധീര്‍ കുമാര്‍ ഓജ കേസ് നല്‍കിയിരിക്കുന്നത് എന്നാണ് എഎൻഐയിലെ റിപ്പോര്‍ട്ട്.

സുശാന്തിന്റെ ഏഴോളം സിനിമകള്‍ മുടങ്ങിപ്പോകാനും ചില സിനിമകളുടെ റിലീസ് മുടങ്ങാനും കരണ്‍ ജോഹറും സല്‍മാൻ ഖാനും അടക്കമുള്ളവര്‍ കാരണക്കാരായി എന്ന് സംശയിക്കുന്നതായി സുധീര്‍ കുമാര്‍ ഓജ പറയുന്നത്. അതാണ് സുശാന്തിന്റെ ആത്മഹത്യയുടെ കാരണമെന്നും സുധീര്‍ ആരോപിക്കുന്നു. മുസാഫര്‍പുര്‍ കോടതിയിലാണ് സുധീര്‍ കുമാര്‍ ഓജ പരാതി നല്‍കിയിരിക്കുന്നത്. സുശാന്ത് മാനസിക സമ്മര്‍ദ്ദത്തിലായിരുന്നുവെന്ന് സംവിധായകൻ ശേഖര്‍ കപൂര്‍ സമൂഹ്യ മാധ്യമത്തില്‍ പറഞ്ഞിരുന്നു. ചിച്ചോര എന്ന സിനിമയ്‍ക്ക് ശേഷം ആറ് മാസത്തിനുള്ളില്‍ ഏഴ് സിനിമകള്‍ ലഭിച്ചെങ്കിലും അത് സുശാന്തിന് നഷ്‍ടമായെന്നും കോണ്‍ഗ്രസ് നേതാവ് സഞ്‍ജയ് നിരുപമും ആരോപിച്ചിരുന്നു.