സിനിമ പ്രേമികളുടെ എക്കാലത്തെയും പ്രിയപ്പെട്ടതാരമാണ് ഭാവന. മലയാളത്തിൽ നിന്നാണ് സിനിമാ കരിയർ ആരംഭിച്ചതെങ്കിലും അന്യഭാഷാ ചിത്രങ്ങളിൽ താരത്തിന്റെ വളർച്ച വളരെ വേഗത്തിലായിരുന്നു. വളരെ ചുരുങ്ങിയ കാലം കൊണ്ട് തന്നെ തെലുങ്ക്, കന്നഡ, തമിഴ് തുടങ്ങിയ സിനിമ മേഖലയിൽ തന്റേതായ സ്ഥാനം ഉറപ്പിക്കാൻ ഭാവനയ്ക്ക് കഴിഞ്ഞു. മറ്റ് ഭാഷാ ചിത്രങ്ങളിലേക്ക് ചേക്കേറിയപ്പോഴും മലയാള സിനിമയിലെ ഭാവനയുടെ സ്വീകാര്യതയ്ക്ക് കുറവുകളൊന്നും ഉണ്ടായിരുന്നില്ല. സോഷ്യല്‍ മീഡിയയിൽ സജീവമായ താരം സിനിമാ വിശേഷങ്ങളും ജീവിതത്തിലെ സന്തോഷങ്ങളും പ്രതീക്ഷകളുമെല്ലാം പങ്കുവയ്ക്കാറുണ്ട്. അവയ്ക്കെല്ലാം പിന്തുണയുമായി ആരാധകരും ഒപ്പമുണ്ട്.

ഭാവനയുടെ ഏറ്റവും പുതിയ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുടെ മനംകവരുന്നത്. തന്റെ പ്രിയപ്പെട്ട നായ്ക്കുട്ടികൾക്കൊപ്പമുള്ള ചിത്രമാണ് ഭാവന പങ്കുവച്ചത്. 'മികച്ച തെറാപ്പിസ്റ്റിന് രോമങ്ങളും നാല് കാലുകളുമുണ്ട്' എന്നാണ് ചിത്രത്തിന് താഴെ താരം കുറിച്ചിരിക്കുന്നത്.  പങ്കുവച്ച് നിമിഷങ്ങൾക്കുള്ളിൽ നിരവധി പേരാണ് ചിത്രം കാണുകയും കമന്റുകൾ ചെയ്യുകയും ചെയ്തത്. പലർക്കും താരം മറുപടിയും നൽകി. 

വിവാഹശേഷം ഭർത്താവ് നവീനൊപ്പം ബാംഗ്ലൂരിലാണ് ഭാവന താമസിക്കുന്നത്. അടുത്തിടെയാണ് കൊവിഡ് പശ്ചാത്തലത്തില്‍ എടുക്കേണ്ടിവന്ന നിര്‍ബന്ധിത ഇടവേളയ്ക്കുശേഷം ചിത്രീകരണത്തിലേക്ക് തിരിച്ചെത്തുന്നതിന്‍റെ സന്തോഷം ഭാവന പങ്കുവച്ചത്. 'അവധിക്കാലം അവസാനിച്ചുവെന്ന് നിങ്ങള്‍ തിരിച്ചറിയുമ്പോള്‍' എന്ന വാചകത്തിനൊപ്പം ഷൂട്ടിംഗ് ലൊക്കേഷനില്‍ നിന്നുള്ള ഒരു ചിത്രവും ഭാവന പങ്കുവച്ചിരുന്നു.