ബഡായി ബംഗ്ലാവ് എന്ന പരിപാടിയിലൂടെ മലയാളികളുടെ മനസ്സിലിടംനേടിയ താരമാണ് ആര്യ. ബിഗ്‌ബോസ് മലയാളം രണ്ടാം സീസണിലെ ശക്തയായ മത്സരാര്‍ത്ഥി കൂടിയായിരുന്നു അവർ.  എന്നാൽ കൊവിഡിന്റെ പശ്ചാത്തലത്തിൽ ഷോ പൂര്‍ത്തിയാക്കാതെ മത്സരാര്‍ത്ഥികള്‍ ബിഗ്‌ബോസ് വീട് വിടുകയായിരുന്നു.

ബിഗ് ബോസിനു ശേഷവും ആര്യ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. ഷോയ്ക്ക് ശേഷം സോഷ്യൽ മീഡിയയിൽ ആര്യക്ക് നേരെ വ്യാപക സൈബർ ആക്രമണം നടക്കുകയും ചെയ്തു. സാധാരണ പോലെ തന്നെ വെറുക്കുന്നവര്‍ക്കും സ്‌നേഹിക്കുന്നവര്‍ക്കും സ്‌നേഹത്തില്‍ കുതിര്‍ന്ന നന്ദി രേഖപ്പെടുത്തുകയാണ് താരം.

കഴിഞ്ഞ ദിവസം പങ്കുവച്ച പുതിയ വീഡിയോയുടെ കൂടെയാണ് എല്ലാ ആളുകളോടും സ്‌നേഹം മാത്രമേയുള്ളൂവെന്ന് താരം പറഞ്ഞത്. 'എല്ലാവരുടേയും സ്‌നേഹത്തിന്, എന്റെ ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്നുള്ള സ്‌നേഹാശംസകള്‍. കൂടെ നില്‍ക്കുന്നവരും കൂടെ നില്‍ക്കാത്തവരും ചേര്‍ന്ന് എനിക്ക് 900k ഫോളോവഴ്‌സിനെയാണ് തന്നത്. എല്ലാവരോടും സ്‌നേഹം മാത്രം' എന്നാണ് ആര്യ ഇന്‍സ്റ്റാഗ്രാമില്‍ കുറിച്ചത്.

കറുത്ത ഫ്രോക്കിലുള്ള സ്ലോ മോഷന്‍ വീഡിയോയാണ് താരം പങ്കുവച്ചത്. കൂടാതെ എല്ലാവരേയും വേറിട്ടുനിര്‍ത്തുന്ന നിറമാണ് കറുപ്പെന്നുപറഞ്ഞ് കറുത്ത ഗൗണിലുള്ള ഫോട്ടോയും ആര്യ പങ്കുവച്ചിട്ടുണ്ട്. ഒരുപാട് ആളുകളാണ് താരത്തിന്റെ ചിത്രത്തിനും വീഡിയോയ്ക്കും കമന്റുമായെത്തിയിരിക്കുന്നത്. വീണാനായര്‍, രഞ്ജിനി ജോസ് തുടങ്ങിയവരെല്ലാം താരത്തിന് ആശംസകളറിയിക്കുന്നുണ്ട്.

ബിഗ്‌ബോസ് വീട്ടില്‍നിന്നും ഇറങ്ങിയപ്പോള്‍ ആര്യ നേരിട്ട സൈബര്‍ അക്രമങ്ങളെല്ലാം തന്നെ പോസിറ്റീവായാണ് താന്‍ എടുത്തതെന്ന് ആര്യ നേരത്തെയും പറഞ്ഞിരുന്നു. വിമർശകരോടും സ്നേഹത്തോടെ പെരുമാറുന്നതിനാൽ താരത്തിന്റെ ജനപിന്തുണ  കൂടുന്നുവെന്നായിരുന്നു  പോസ്റ്റിന് ചിലരുടെ പ്രതികരണം