യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണത്തെ രാജ്യം കടുത്ത പ്രകോപനമായി കാണുന്നു. ഈ ഭീകരാക്രമണത്തെ കുവൈത്തും ഖത്തറും അപലപിച്ചപ്പോൾ, മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ ഖത്തർ ഇറാനുമായി നയതന്ത്ര ചർച്ചകൾ ആരംഭിച്ചു.

അബുദാബി: യുഎഇയിലെ ബറക ആണവനിലയത്തിന് സമീപമുണ്ടായ ആക്രമണം കടുത്ത പ്രകോപനമാണെന്ന് യുഎഇ ഭരണകൂടം. യാതൊരു പ്രകോപനവുമില്ലാതെ രാജ്യം നേരിട്ട ഈ ഭീകരാക്രമണം യുഎഇയുടെ സുരക്ഷയ്ക്ക് മേലുള്ള നേരിട്ടുള്ള കടന്നാക്രമണമാണ്. ഇത്തരത്തിലുള്ള അക്രമണങ്ങൾ ഒരു കാരണവശാലും ക്ഷമിക്കില്ലെന്നും ഔദ്യോഗിക പ്രസ്താവനയിലൂടെ യുഎഇ വ്യക്തമാക്കി. അതിനിടെ, മേഖലയിലെ സമാധാനം ലക്ഷ്യമിട്ട് ഖത്തർ നയതന്ത്ര ഇടപെടലുകൾ ശക്തമാക്കി.

Add Asianetnews as a Preferred SourcegooglePreferred

മിഡിൽ ഈസ്റ്റിൽ ഉടലെടുത്ത പുതിയ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ ഖത്തർ പ്രധാനമന്ത്രി ഇറാനുമായി നേരിട്ട് സംസാരിച്ചു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനെ മുൻനിർത്തി ഇരുരാജ്യങ്ങളും പ്രവർത്തിക്കണമെന്ന് ഖത്തർ പ്രധാനമന്ത്രി ആവശ്യപ്പെട്ടു. ഇതോടൊപ്പം തന്നെ പാകിസ്ഥാനുമായും ഖത്തർ ഔദ്യോഗികമായി ചർച്ചകൾ നടത്തിയിട്ടുണ്ട്.

യുഎഇക്ക് നേരെ ഉണ്ടായ ഈ ഭീകരാക്രമണത്തെ ഗൾഫ് മേഖലയിലെ മറ്റ് പ്രമുഖ രാജ്യങ്ങളായ കുവൈത്തും ഖത്തറും കടുത്ത ഭാഷയിൽ അപലപിച്ചു. യുഎഇയുടെ സുരക്ഷയ്ക്കും സമാധാനത്തിനും ഐക്യദാർഢ്യം പ്രഖ്യാപിച്ച ഇരുരാജ്യങ്ങളും പ്രകോപനപരമായ ഇത്തരം നീക്കങ്ങൾ അവസാനിപ്പിക്കണമെന്ന് ആവശ്യപ്പെട്ടു. ബറക ആണവനിലയത്തിന് സമീപമുണ്ടായ അക്രമണം അന്താരാഷ്ട്ര തലത്തിലും വലിയ ചർച്ചകൾക്കാണ് വഴിവെച്ചിരിക്കുന്നത്.