സീസണ്‍ 3ന് വേദിയായ ചെന്നൈ ഇവിപി ഫിലിം സിറ്റി തന്നെയായിരിക്കും ഗ്രാന്‍ഡ് ഫിനാലെയുടെയും ചിത്രീകരണവേദി

രണ്ട് മാസക്കാലത്തിനു ശേഷം സുഹൃത്തുക്കളെയെല്ലാം വീണ്ടും കാണാനായതിന്‍റെ സന്തോഷത്തിലാണ് ബിഗ് ബോസ് മലയാളം സീസണ്‍ 3 മത്സരാര്‍ഥികള്‍. കൊവിഡ് രണ്ടാംതരംഗം ഭീഷണി ഉയര്‍ത്തിയ സാഹചര്യത്തില്‍ സീസണ്‍ മൂന്ന് 95-ാം ദിവസം അവസാനിപ്പിക്കേണ്ടിവന്നിരുന്നു. ഇപ്പോഴിതാ രണ്ട് മാസത്തെ ഇടവേളയ്ക്കു ശേഷം ഗ്രാന്‍ഡ് ഫിനാലെയുടെ ഒരുക്കങ്ങളിലാണ് ബിഗ് ബോസ് മലയാളം. തീയതി സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഇനിയും വന്നിട്ടില്ലെങ്കിലും ഈ മാസം 24ന് ഫിനാലെ ചിത്രീകരണം നടക്കാനാണ് സാധ്യത. ബിഗ് ബോസ് ഫിനാലെകളുടേത് സാധാരണ ലൈവ് സംപ്രേഷണമാണെങ്കില്‍ ഇക്കുറി അത് റെക്കോര്‍ഡഡ് ആയിരിക്കും. ഓഗസ്റ്റ് 1, 2 തീയതികളിലായിരിക്കും ഫിനാലെയുടെ സംപ്രേഷണം.

View post on Instagram
View post on Instagram

സീസണ്‍ 3ന് വേദിയായ ചെന്നൈ ഇവിപി ഫിലിം സിറ്റി തന്നെയായിരിക്കും ഗ്രാന്‍ഡ് ഫിനാലെയുടെയും ചിത്രീകരണവേദി. ഇതില്‍ പങ്കെടുക്കാനായി സീസണ്‍ 3ന്‍റെ ഭാഗമായ മത്സരാര്‍ഥികള്‍ എല്ലാവരും തന്നെ എത്തിച്ചേരും. മിക്കവരും ഇതിനോടകം തന്നെ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. രണ്ട് മാസത്തിനു ശേഷം ബിഗ് ബോസ് സുഹൃത്തുക്കളെ വീണ്ടും കാണാനായതിന്‍റെ ആഹ്ളാദത്തിലാണ് മത്സരാര്‍ഥികള്‍. സുഹൃത്തുക്കള്‍ക്കൊപ്പമുള്ള ചിത്രങ്ങളും വീഡിയോകളുമൊക്കെ സോഷ്യല്‍ മീഡിയയിലൂടെ പങ്കുവെക്കുന്നുമുണ്ട് മിക്കവരും. 

View post on Instagram
View post on Instagram

ബിഗ് ബോസിലെ തങ്ങളുടെ പ്രിയതാരങ്ങളെ ഒരേ ഫ്രെയ്‍മില്‍ വീണ്ടും കാണുന്നതിന്‍റെ സന്തോഷം ആരാധകര്‍ക്കുമുണ്ട്. മെയ് 19നാണ് സീസണ്‍ 3ന്‍റെ ചിത്രീകരണം ചെന്നൈയില്‍ അവസാനിപ്പിച്ചത്. മെയ് 20ന് ഏഷ്യാനെറ്റ് അവസാന എപ്പിസോഡും സംപ്രേഷണം ചെയ്‍തു. ഷോ അവസാനിപ്പിച്ച സമയത്ത് മത്സരത്തില്‍ അവശേഷിച്ചിരുന്നത് എട്ട് മത്സരാര്‍ഥികള്‍ ആയിരുന്നു. ഇവരില്‍നിന്ന് ടൈറ്റില്‍ വിജയിയെ കണ്ടെത്താനായി ഒരാഴ്ചത്തെ വോട്ടിംഗ് നടത്തുമെന്ന് പിന്നാലെ അറിയിപ്പെത്തി. ഇതനുസരിച്ചുള്ള വോട്ടിംഗ് മെയ് 29ന് അവസാനിച്ചിരുന്നു. മണിക്കുട്ടന്‍, ഡിംപല്‍ ഭാല്‍, സായ് വിഷ്‍ണു, അനൂപ് കൃഷ്‍ണന്‍, നോബി മാര്‍ക്കോസ്, കിടിലം ഫിറോസ്, റിതു മന്ത്ര, റംസാന്‍ മുഹമ്മദ് എന്നിവരില്‍ ഒരാള്‍ ആയിരിക്കും ബിഗ് ബോസ് മലയാളം സീസണ്‍ 3 ടൈറ്റില്‍ വിജയി. 

View post on Instagram
View post on Instagram

ബിഗ് ബോസ് മലയാളം പതിപ്പുകളില്‍ പലതുകൊണ്ടും ഏറെ സവിശേഷതകള്‍ ഉള്ള സീസണ്‍ ആണ് മൂന്നാം സീസണ്‍. 'സീസണ്‍ ഓഫ് ഡ്രീമേഴ്സ്' എന്നു പേരിട്ടിരുന്ന മൂന്നാം സീസണിലെ മത്സരാര്‍ഥികളില്‍ ഏറെയും സാധാരണക്കാരായിരുന്നു, ഏറെ സ്വപ്‍നങ്ങള്‍ കൊണ്ടുനടക്കുന്നവരും.